അത്ഭുതങ്ങളുടെ ലോകത്ത് മഹാത്ഭുതമാവുകയാണ് സുരയ്യ എന്ന ബംഗ്ലദേശി പെണ്‍കൊടി. അമ്മയുടെ ഗര്‍ഭപാത്രത്തിലിരിക്കെ വെടിയേറ്റിട്ടും ജീവനോടെ പിറന്ന കരുന്നാണ് വിസ്മയമാകുന്നത്. അമ്മയുടെ ഉദരം തുളച്ചെത്തിയ വെടിയുണ്ട കുഞ്ഞു സുരയ്യയുടെ തോളു തകര്‍ത്ത് വലതു കണ്ണിനും പരുക്കേല്‍പിച്ചിരുന്നു.
എന്നിട്ടും ഡോക്ടര്‍മാരെ അദ്ഭുതപ്പെടുത്തി ജീവനിലേക്കവള്‍ മിഴി തുറന്നു. 24 ദിവസത്തോളം ഐസിയുവിലായിരുന്ന കുഞ്ഞു സുരയ്യ അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ബംഗ്ലദേശിലെ ധാക്ക മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അത്ഭുത ശിശുവിന്റെ ജനനം.
ജനിച്ചുവീഴും മുന്‍പെ അവസാനിപ്പിക്കാന്‍ ശ്രമിച്ച വിധിയോട് പടവെട്ടി 24ദിവസമാണ് കുഞ്ഞു സുരയ്യ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞത്. ഒടുവില്‍ പ്രാര്‍ത്ഥനകള്‍ സഫലമാക്കി കുഞ്ഞ് ജീവന്‍ നിലനിര്‍ത്തി.
ജീവനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെ കടന്ന് അതിശയകരമായി ജീവിതത്തിലേക്ക് കൈപിടിച്ചെത്തിയ അമ്മയുടെയും കുഞ്ഞിന്റെയും ആദ്യ കൂടിക്കാഴ്ചയെ ധാക്ക മെഡിക്കല്‍ കോളജിലെ ജീവനക്കാരും നജ്മയുടെ കുടുംബാംഗങ്ങളും ആഹ്ലാദാരവങ്ങളോടെയാണ് സ്വീകരിച്ചത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള സംഘട്ടനത്തിന്റെ ഭാഗമായുണ്ടായ വെടിവയ്പിലാണ് നജ്മ ബീഗം എന്ന സ്ത്രീയ്ക്ക് ഉദരത്തില്‍ വെടിയേറ്റത്. എട്ടുമാസം ഗര്‍ഭിണിയായിരുന്നു ഈ സമയത്ത് നജ്മ. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നജ്മയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയാണ് ശിശുവിനെ പുറത്തെടുത്തത്.
ശസ്ത്രക്രിയ മൂന്നു മണിക്കൂര്‍ നീണ്ടുനിന്നു. കുഞ്ഞിന്റെ ജീവനെ കുറിച്ച് പറയാന്‍ വൈദ്യാശാസ്ത്രത്തിനാകുമായിരുന്നില്ല,.. പക്ഷെ എല്ലാ ആശങ്കളെയും മറികടന്ന് കുരുന്ന് ലോകത്തിന്റെ ഭാഗമായി.