ബംഗളൂരു: വൃദ്ധരായ മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം വീട് പുറത്തുനിന്ന് പൂട്ടി യുവാവ് സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. ബംഗളൂരുവിലെ കൊഡേഗഹള്ളിയില്‍ താമസിക്കുന്ന ഭാസ്‌കറും (61) ശാന്തയുമാണ് (60) കൊല്ലപ്പെട്ടത്. 27കാരനായ ഇളയ മകന്‍ ശരത്താണ് പ്രതി.
തിങ്കളാഴ്ച രാത്രി 8.30നും 9നും ഇടയിലാണ് കൊലപാതകം നടന്നതെന്ന് നോര്‍ത്ത് ഈസ്റ്റ് ബംഗളൂരു ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ബി.എം ലക്ഷ്മി പ്രസാദ് പറഞ്ഞു. ദമ്പതികള്‍ സഹായത്തിനായി നിലവിളിച്ചെങ്കിലും അത് ശരത്തും മാതാപിതാക്കളും തമ്മിലെ പതിവ് വഴക്കാണെന്ന് കരുതിയ അയല്‍വാസികള്‍ വന്നുനോക്കിയില്ല.
ദമ്പതികളുടെ മൂത്ത മകനായ സജിത്ത് മാതാപിതാക്കളെ ഫോണില്‍ വിളിച്ചെങ്കിലും ലഭിച്ചില്ല. നഗരത്തില്‍ മറ്റൊരിടത്തു താമസിക്കുന്ന സജിത്ത് മാതാപിതാക്കളെ അന്വേഷിച്ച് വീട്ടിലെത്തി. അപ്പോള്‍ വീട് പുറത്തുനിന്ന് പൂട്ടിയ നിലയില്‍ കണ്ടെത്തി. സജിത്ത് വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ മാതാപിതാക്കളെ രക്തത്തില്‍ കുളിച്ചുകിടക്കുന്നതാണ് കണ്ടത്.