നാറുന്ന സോക്‌സും ഷൂവും അഴിച്ച് വെച്ച് ബസില്‍ ഇരുന്നു; യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

 

 

ഡല്‍ഹി: ചിലരുടെ സോക്‌സിനും ഷൂവിനും അസഹനീയമായ നാറ്റം ആയിരിക്കും. അടുത്തിരിക്കുന്നയാള്‍ക്ക് സഹിക്കാന്‍ പറ്റാത്ത നാറ്റമാണെങ്കിലും ഇടുന്നയാള്‍ക്ക് ഒരു പ്രശ്‌നവുണ്ടാകില്ല. യാതൊരു ഭാവമാറ്റവുമില്ലാതെ അവര്‍ നടക്കുകയും ചെയ്യും. എന്നാല്‍ ഇത്തരത്തില്‍ ദുര്‍ഗന്ധമുള്ള സോക്‌സ് ധരിച്ച് നടന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിമാചല്‍ പ്രദേശില്‍ രാത്രിയില്‍ ബസ് യാത്രയ്ക്കിടെയാണ് സംഭവം. യാത്രക്കാരന്‍ കാലില്‍ കിടന്ന സോക്‌സ് അഴിച്ചതാണ് പ്രശ്‌നത്തിന് തുടക്കം. നാറുന്ന സോക്‌സിന്റെ പേരിലുള്ള തര്‍ക്കത്തിനൊടുവില്‍ യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പൊതു സ്ഥലത്ത് പ്രശ്‌നമുണ്ടാക്കിയതിന് 27കാരനായ പ്രകാശ് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടു. ഡല്‍ഹിയില്‍ നിന്ന് ധര്‍മ്മശാലയിലേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് സംഭവം. കാലില്‍ കിടന്ന സോക്‌സും ഷൂവുമൂരി സൗകര്യാര്‍ത്ഥം ഇരിക്കുകയായിരുന്നു പ്രകാശ് കുമാര്‍. ബസില്‍ ദുര്‍ഗന്ധം വന്നതോടെ മറ്റ് യാത്രക്കാര്‍ പ്രകാശിനെ ചീത്ത പറയുകയും തര്‍ക്കമുണ്ടാകുകയും ചെയ്തു. സോക്‌സ് പുറത്തെറിയാന്‍ പറഞ്ഞ് കൈയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ നീങ്ങി. ചില യാത്രക്കാര്‍ ബസ് പോലീസ് സ്‌റ്റേഷനിലേക്ക് വിടാന്‍ പറഞ്ഞു. യാത്രക്കാര്‍ പരാതി നല്‍കി. ഒടുവില്‍ പൊതു സ്ഥലത്ത് പ്രശ്‌നമുണ്ടാക്കിയതിന് പ്രകാശിനെതിരെ കേസെടുത്ത് ജാമ്യത്തില്‍ വിടുകയായിരുന്നു.

Top