കൊച്ചി: പീഡനക്കേസില്‍ പി സി ജോര്‍ജിന് ജാമ്യം നല്‍കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി. ജോര്‍ജിന് ജാമ്യം അനുവദിച്ച കീഴ്‌ക്കോടതി നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും. കേസില്‍ പോലീസ് ചുമത്തിയതിനും അപ്പുറം തെളിവുണ്ട്. മോശക്കാരിയാക്കി ചിത്രീകരിച്ചാലും പറയാനുള്ളതെല്ലാം പറയും. ജോര്‍ജിന്റെ ശാരീരിക ഉപദ്രവം തടയാന്‍ ശ്രമിച്ചിരുന്നു. പുറത്തുവന്ന സംഭാഷണം തന്റേതു തന്നെയാണ്. രാഷ്ട്രീയമായി തന്നെ വലിച്ചിഴക്കുന്നതായും പരാതിക്കാരി പറഞ്ഞു.
കേസില്‍ പി സി ജോര്‍ജിനെതിരെ ചുമത്തപ്പെട്ട വകുപ്പുകള്‍ക്കപ്പുറമാണ് കാര്യങ്ങളെന്നും പരാതിക്കാരി പറഞ്ഞു. തനിക്ക് പറയാനുള്ളത് കൂടി കോടതി കേൾക്കമെന്ന് വിശ്വസിക്കുന്നതായും അവർ പറഞ്ഞു.
അഭിഭാഷകന്‍ ബി എ ആളൂരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.പ്രചരിച്ചുകൊണ്ടിരിക്കുന്ന ഓഡിയോ സംഭാഷണം പി സി ജോര്‍ജും താനും തമ്മിലുള്ളതാണെന്നും പരാതിക്കാരി പറഞ്ഞു. ചികിത്സയിലായിരുന്നത് കൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയത്. രണ്ടാഴ്ച മുമ്പ് തന്നെ മൊഴി നല്‍കിയിരുന്നു.
ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. രാഷ്ട്രീയ വിവാദങ്ങളിലേക്ക് തന്നെ വലിച്ചഴക്കുകയാണ്. സ്ത്രീയെന്ന പരിഗണന നല്‍കാതെ അപമാനിച്ചത് മറച്ചു വയ്ക്കുന്നു. മോശക്കാരിയെന്ന് വരുത്തി തീര്‍ത്താലും പറയാനുള്ളത് പറയുമെന്ന് അവര്‍ വ്യക്തമാക്കി.
സോളാര്‍ കേസ് പ്രതിയായ യുവതിയുടെ പരാതിയില്‍ മ്യൂസിയം പൊലീസ് കഴിഞ്ഞ ദിവസം പിസി ജോര്‍ജിന്റെ അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിന് 354, 54 (A) വകുപ്പുകള്‍ പ്രകാരമാണ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്.
2022 ഫെബ്രുവരി 10ന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ച് ലൈംഗിക താത്പര്യത്തോടെ കടന്നു പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി.മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസിലായിരുന്നു പി.സി ജോര്‍ജിനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയത്.
ഈ കേസില്‍ ക്രൈംബ്രാഞ്ചിന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായതിന് ശേഷമാണ് പീഡനക്കേസില്‍ ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. ഗൂഢാലോചനക്കേസില്‍ സാക്ഷി കൂടിയായ പരാതിക്കാരിയുടെ മൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. ഇതിലാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.