ബേക്കൽ കൈറ്റ് ഫെസ്റ്റ് അന്താരാഷ്ട്ര  നിലവാരത്തിലേക്ക്

സ്വന്തം ലേഖകൻ
കാസർകോട്: കഴിഞ്ഞ വർഷം  തുടക്കം കുറിച്ച ബേക്കൽ കൈറ്റ് ഫെസ്റ്റ് ഈ വർഷത്തോടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നു. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും ബേക്കൽ റിസോർട്ട്‌സ്  ഡെവലപ്പ്‌മെന്റ്  കോർപറേഷന്റെയും സഹകരണത്തോടെ ബേക്കൽ ഫോർട്ട് ലയൺസ്  ക്ലബ്ബ് ആഥിത്യമരുളുന്ന ബേക്കൽ കൈറ്റ് ഫെസ്റ്റ് ഏപ്രിലിൽ നടക്കും.
അന്താരാഷ്ട്ര പട്ടം പറത്തൽ മേളയിലെ ജേതാക്കളായ വൺ ഇന്ത്യാ കൈറ്റ് ടീം, ഏ  പി ജെ അബ്ദുൽ കലാം കൈറ്റ് മൂവ്‌മെന്റ് കൊച്ചി  എന്നിവയ്ക്ക് പുറമേ, ഗുജറാത്ത് കൈറ്റ് അസോസിയേഷൻ, ഫ്‌ലൈ കൈറ്റ് സിംഗപ്പൂർ, ലയാംഗ ലയാംഗ കൈറ്റ് ഫെസ്റ്റ് ജേതാക്കളായ  ബിൻറ്റുളു കൈറ്റ് ഫ്‌ലയേഴ്‌സ് മലേഷ്യ, ചൈനയിലെ മക്കാവോ ഹിപ്പോ കൈറ്റ് ടീം എന്നിവരെ മേളയിൽ പങ്കെടുപ്പിക്കാനുള്ള ചർച്ചകൾ നടന്നുവരുന്നു.   വൺ ഇന്ത്യാ കൈറ്റ് ടീം ഡയറക്ടർ അബ്ദുല്ല മാളിയേക്കൽ, കൊച്ചിയിലെ ഏ  പി ജെ അബ്ദുൽ കലാം കൈറ്റ് മൂവ്‌മെന്റ്  ഡയറക്ടർ സി കെ സുരേഷ് എന്നിവർ കാഞ്ഞങ്ങാട്ടെത്തി ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് ഭാരവാഹികളുമായി ചർച്ച നടത്തി.
file-pic-bekal-kite-fest-2016
കഴിഞ്ഞ വര്ഷം നടന്ന ബേക്കൽ കൈറ്റ് ഫെസ്റ്റിൽ പതിനായിരങ്ങൾക്കാണ്  പട്ടം പറത്തലിന്റെ ആവേശവും കൗതുകവും സമ്മാനിച്ചത്.  പേപ്പർ പട്ടങ്ങളുടെ സങ്കൽപങ്ങളെ മാറ്റിമറിച്ച് കിലോകണക്കിനു ഭാരം വരുന്ന പട്ടങ്ങളും  110 അടി വലിപ്പമുള്ള ലോകത്തിലെ ഏറ്റവും വലിയ കഥകളി പട്ടവും ബേക്കലിന്റെ  വാനിൽ നൃത്തമാടി കാണികളിൽ വിസ്മയം തീർക്കുകയായിരുന്നു. വിനോദ സഞ്ചാരികളെ ബേക്കലിലേക്ക് ആകർഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരമൊരു വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്. ഈ  വർഷം  കൂടുതൽ പുതുമകളോടെ വ്യത്യസ്തമായ പട്ടങ്ങൾ  വാനിൽ പറത്തി വീണ്ടും ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് ബേക്കലിൽ ചരിത്രം തീർക്കും.
മേളയുടെ  ഭാഗമായി ബീച്ച് ടൂറിസം വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തെ ആസ്പദമാക്കി ടൂറിസം വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ശില്പശാലയും വിവിധ വിഭാഗങ്ങളിലായി പട്ടം പറത്തൽ മത്സരവും ഫോട്ടോഗ്രാഫി മത്സരവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഖാലിദ് സി പാലക്കി, കെ എംകെ  മുനീർ, സുകുമാരൻ പൂച്ചക്കാട്, ഡോ: ജയന്ത് നമ്പ്യാർ, അൻവർ ഹസ്സൻ, യൂറോ കുഞ്ഞബ്ദുള്ള, പി എം നാസർ,  എം ബി ഹനീഫ്,  ഹാറൂൺ ചിത്താരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഫോട്ടോ: ഏപ്രിലിൽ നടക്കുന്ന ബേക്കൽ അന്താരാഷ്ട്ര  കൈറ്റ് ഫെസ്റ്റിന്റെ പ്രാരംഭ ചർച്ചകൾ വൺ ഇന്ത്യാ കൈറ്റ് ടീം ഡയറക്ടർ അബ്ദുല്ല മാളിയേക്കൽ, കൊച്ചിയിലെ ഏ  പി ജെ അബ്ദുൽ കലാം കൈറ്റ് മൂവ്‌മെന്റ്  ഡയറക്ടർ സി കെ സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ നടന്നപ്പോൾ
2. FILE PHOTO, BEKAL KITE FEST 2016
Top