തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിലെ ദുരൂഹതകള്‍ ഒഴിയുന്നില്ല. തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം തിരിച്ച് തിരുവനന്തപുരത്തേക്ക് വരുന്ന വഴിയിലാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടമരണമെന്ന നിഗമനമാണ് ആദ്യം ഉണ്ടായിരുന്നതെങ്കിലും ബാലഭാസ്‌കറിന്റെ ഭാര്യയായ ലക്ഷ്മിയുടെ മൊഴി പുറത്തുവന്നതോടെ ദുരൂഹതകള്‍ ഏറുകയായിരുന്നു.
കൊല്ലത്ത് വെച്ച് വാഹനം നിര്‍ത്തിയിരുന്നെന്നും അപ്പോള്‍ ഡ്രൈവറായ അര്‍ജുന്‍ ആണ് വാഹനമോടിച്ചിരുന്നതെന്നും ആണ് ഏറ്റവുമൊടുവില്‍ പുറത്തുവന്ന സാക്ഷിമൊഴി. ആ സമയത്ത് ബാലഭാസ്‌കര്‍ പിന്‍ സീറ്റില്‍ ഉറങ്ങുകയായിരുന്നെന്നും കൊല്ലം ചവറ സ്വദേശിയായ ഒരാള്‍ പോലീസിന് നല്‍കിയ മൊഴി.
എന്നാല്‍ കാറിന്റെ ഗ്ലാസ് തകര്‍ത്താണ് ഡ്രൈവര്‍ സീറ്റില്‍ നിന്ന് ബാലഭാസ്‌കറിനെ പുറത്തേക്ക് എടുത്തതെന്ന് സമീപവാസികള്‍ പറയുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ടി ആംബുലന്‍സിലേക്ക് കയറ്റും മുന്‍പ് ബാലഭാസ്‌കര്‍ സംസാരിച്ചിരുന്നതായി പ്രധാനസാക്ഷികളില്‍ ഒരാളായ പ്രവീണ്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രവീണ്‍ സംഭവദിവസം പുലര്‍ച്ച് വിമാനത്താവളത്തിലേക്ക് പോകുന്ന വഴിക്കാണ് അപകടം കണ്ടത്. ബാലുവിനെ പുറത്തേക്ക് എടുത്തത് മുന്‍സീറ്റില്‍ നിന്നാണെന്ന് പ്രവീണും പറയുന്നു.
്‌കൊല്ലത്ത് വെച്ച് ബാലഭാസ്‌കറും അര്‍ജുനും വാഹനത്തിന് പുറത്തിറങ്ങി ജ്യൂസ് കുടിച്ചതായി ലക്ഷ്മിയും മൊഴി നല്‍കിയിട്ടുണ്ട്. കാറിന്റെ മുന്‍സീറ്റിലായിരുന്നു ലക്ഷ്മിയും മകളും ഇരുന്നിരുന്നത്. ലക്ഷ്മിയുടെയും ഡ്രൈവര്‍ അര്‍ജുന്റെയും മൊഴികളില്‍ ഉണ്ടായ വൈരുദ്ധ്യം ആണ് പോലീസിനെ കുഴപ്പിക്കുന്നത്.