അസഹ്യം ഈ വഞ്ചന, ഇനിയില്ല സംഗീത ജീവിതം, ആരാധകരെ ഞെട്ടിച്ച ബാലഭാസ്‌കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ വിയോഗത്തില്‍ നിന്നും നാടും സംഗീത ലോകവും ഇനിയും മുക്തമായിട്ടില്ല. ബാലഭാസ്‌കറിന്റെ പഴയ പാട്ടുകളും ഫോട്ടോകളും വീഡിയോകളുമെല്ലാം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ബാലഭാസ്‌കറിന്റെ വികാരധീനമായ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. ഒരിക്കല്‍ എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ ബാലഭാസ്‌കര്‍ ഒരു പ്രഖ്യാപനം നടത്തിയിരുന്നു. ഏറ്റവും അടുത്ത ചങ്ങാതിയുടെ വഞ്ചനയില്‍ തകര്‍ന്ന് താന്‍ സംഗീത ജീവിതം അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന്. ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ ഒരുപാട് പേര്‍ നേരിട്ട് ബന്ധപ്പെടുകയും തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആളുകള്‍ തന്നെ ഒരുപാടു സ്‌നേഹിക്കുന്നുണ്ടെന്നു തിരിച്ചറിഞ്ഞതോടെ തീരുമാനത്തില്‍ നിന്നു പിന്മാറുകയാണെന്നു ബാലഭാസ്‌കര്‍ പിന്നീട് വ്യക്തമാക്കിയിരുന്നു.

അന്ന് ബാലഭാസ്‌കര്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെ, ”ജീവിതത്തില്‍ എല്ലാവര്‍ക്കും മനസാക്ഷി സൂക്ഷിപ്പുകാര്‍ ഉണ്ടായിരിക്കും. എനിക്കും ഉണ്ടായിരുന്നു. എന്റെ എല്ലാ കാര്യങ്ങളും മനസിലാക്കിയ സുഹൃത്ത്. ഞാന്‍ അയാളുമായി സ്വപ്നങ്ങള്‍ പങ്കിട്ടു. ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങള്‍ എടുത്തതും സുഹൃത്തുക്കളോട് ആലോചിച്ചാണ്. ഒരു ഘട്ടത്തില്‍ അടുത്ത സുഹൃത്തില്‍ നിന്ന് വഞ്ചനയോടെയുള്ള പെരുമാറ്റമുണ്ടായി. എനിക്കു സ്റ്റേജില്‍ നില്‍ക്കാന്‍ കഴിയുന്നില്ല. സത്യസന്ധമായ സംഗീതം എന്നില്‍ നിന്നു പുറത്തുവന്നില്ല. അത് എന്നോടും എന്നെ സ്‌നേഹിക്കുന്നവരോടും ചെയ്യുന്ന ചതിയാണ്”.

Top