ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകള്‍ ഉപഭോക്താക്കളെ കൊള്ളയിടിച്ചതിലൂടെ നേടിയത് പതിനായിരം കോടിയെന്ന് റിപ്പോര്‍ട്ട്. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരിലും സൗജന്യ പരിധി കഴിഞ്ഞും എടിഎം കാര്‍ഡ് ഉപയോഗിക്കുന്നതിന്റെ പേരിലുമാണ് ഇത്ര ഭീമമായ തുക ബാങ്കുകള്‍ ഈടാക്കിയിരിക്കുന്നത്. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച രേഖകളില്‍ ഇക്കാര്യം പറയുന്നതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്.
പാര്‍ലമെന്റില്‍ ചോദ്യത്തിന് എഴുതിനല്‍കിയ മറുപടിയില്‍ 2012ല്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് ഈടാക്കിയിരുന്ന പിഴ നിര്‍ത്തലാക്കിയതായും 2017 ഏപ്രിലില്‍ വീണ്ടും തുടങ്ങിയതായും പറയുന്നു. 2017 ഒക്ടോബറില്‍ മിനിമം ബാലന്‍സ് തുക കുറച്ചതായും മറുപടിയില്‍ വ്യക്തമാക്കുന്നു. ജന്‍-ധന്‍ അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടതില്ല. എന്നാല്‍ സ്വകാര്യ മേഖലയിലെ ബാങ്കുകള്‍ പിഴ ഈടാക്കുന്നത് തുടരുന്നുണ്ട്.
സ്വകാര്യ മേഖലയിലെ ബാങ്കുകളും മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് പിഴ ഈടാക്കി വന്‍ തുക കൈക്കലാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയില്‍ ഇക്കാര്യം പറയുന്നില്ല. വിവിധ സേവനങ്ങള്‍ക്ക് ഉപഭോക്താക്കളില്‍നിന്ന് ഫീസ് ഈടാക്കാനുള്ള അധികാരം ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്നുണ്ടെന്ന് മറുപടിയില്‍ പറയുന്നു.
റിസര്‍വ് ബാങ്ക് നിര്‍ദേശ പ്രകാരം രാജ്യത്തെ ആറ് മെട്രോ നഗരങ്ങളിലെ എടിഎമ്മുകളില്‍ മാസത്തില്‍ മൂന്ന് സൗജന്യ ഇടപാടുകള്‍ മാത്രമേ അനുവദിക്കുന്നുള്ളൂ. മുംബൈ, ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലാണിത്. മറ്റിടങ്ങളില്‍ ഇത് അഞ്ച് സൗജന്യ ഇടപാടുകളാണെന്നും അധികമായി വരുന്ന ഓരോ ഇടപാടിനും ഉപഭോക്താവില്‍നിന്ന് 20 രൂപ ഈടാക്കുമെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു.