തിരുവനന്തപുരം: ഭക്ഷണത്തില്‍ മാലിന്യം കണ്ടെത്തുന്നത് പതിവായപ്പോള്‍ സര്‍ക്കാര്‍ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന കര്‍ശനമാക്കിയിരുന്നു. ഓണവും ബക്രീദും മുന്‍നിര്‍ത്തി ശുചിത്വമായിരുന്നു ലക്ഷ്യം. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തെ 20 ഹോട്ടലുകള്‍ അടപ്പിച്ചു.
940ഓളം ഭക്ഷ്യ കേന്ദ്രങ്ങളാണ് പരിശോധിച്ചത്. ശുചിത്വം മെച്ചപ്പെടുത്താന്‍ 471 സ്ഥാപനങ്ങള്‍ക്കു നോട്ടിസ് നല്‍കി. 27,16,500 രൂപ പിഴയായി ഈടാക്കി. ഹോട്ടല്‍, റസ്റ്ററന്റ്, ബേക്കറി, തട്ടുകട തുടങ്ങിയ സ്ഥാപനങ്ങളിലെ ശുചിത്വത്തെക്കുറിച്ചോ ആഹാരത്തെക്കുറിച്ചോ പരാതിയുള്ളവര്‍ക്ക് 18004251125 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിക്കാം.
പൂട്ടിച്ച സ്ഥാപനങ്ങളുടെ പട്ടിക അറിഞ്ഞിരിക്കൂ.. തിരുവനന്തപുരത്തെ തൈക്കാട് മദര്‍ ടീ സ്റ്റാള്‍, കിള്ളിപ്പാലം എംആര്‍എ ബേക്കറി യൂണിറ്റ്, ആലാംകോട് ഹോട്ടല്‍ സെന്റര്‍, വെമ്പായത്തെ ബേക്കറി നിര്‍മ്മാണ യൂണിറ്റ്, വട്ടപ്പാറ അരുണിമ റസ്റ്ററന്റ്, ഉള്ളൂര്‍ ക്രിസന്റ് ഹോസ്പിറ്റല്‍ കന്റീന്‍, കൊല്ലം ജില്ലയില്‍ കണ്ടറ മൂക്കട ജംക്ഷനിലെ ആര്യാസ് ഹോട്ടല്‍, കുണ്ടറ എവറസ്റ്റ് ഹോട്ടല്‍, കടയ്ക്കല്‍ ഹോട്ടല്‍ ആരാധന, ഹോട്ടല്‍ സന്തോഷ്, തട്ടാമല ഹോട്ടല്‍ ന്യൂസിറ്റി, ഇടപ്പള്ളി കോട്ട ഹോട്ടല്‍ കാല്‍മിറോ, ആലപ്പുഴ ജില്ലയില്‍ കലവൂര്‍ സ്വീറ്റ് പാര്‍ക്ക് ബേക്കറി ബോര്‍മ, ചേര്‍ത്തല സിറ്റി ബേക്കറി ബോര്‍മ, പത്തനംതിട്ട ജില്ലയില്‍ പെരുന്തുരുത്തി ജോയീസ് ബേക്കറി, മൂത്തൂര്‍ റെസ്റ്റ് ആന്‍ഡ് പാര്‍ക്ക് ഹോട്ടല്‍, കോട്ടയം ജില്ലയില്‍ സംക്രാന്തി പോപ്പുലര്‍ ബേക്കറി, മലപ്പുറത്ത് തിരൂരിലെ റഷീദ് ടീ സ്റ്റാള്‍, വയനാട്ടില്‍ മാനന്തവാടി റീഗല്‍ ബേക്കറി ആന്‍ഡ് മാനുഫാക്ചറിങ് യൂണിറ്റ്, കമീല ബേക്കറി.
കൊല്ലത്ത് കെഎസ്ആര്‍ടിസി കന്റീന്‍, റെയില്‍വേ സ്റ്റേഷനു സമീപത്ത് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച കിങ്സ് ഹോട്ടല്‍ എന്നിവ പൂട്ടിച്ചു. പഴകിയ മത്സ്യം വിറ്റുവെന്ന സംശയത്തെ തുടര്‍ന്നു പലയിടത്തുനിന്നും സാംപിളുകള്‍ ശേഖരിച്ചു. ഇറച്ചി, മത്സ്യ മാര്‍ക്കറ്റുകളില്‍ ത്രാസില്‍ കൃത്രിമം കാട്ടുന്നുവെന്ന പരാതിയെ തുടര്‍ന്നു ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി തുടര്‍ നടപടി സ്വീകരിച്ചു.
പത്തനംതിട്ട നഗരത്തിലെ ഹോട്ടലുകള്‍, മല്‍സ്യ മാര്‍ക്കറ്റ്, ഇറച്ചിക്കട എന്നിവിടങ്ങളില്‍ വിജിലന്‍സ്, ഭക്ഷ്യസുരക്ഷാ വിഭാഗം, ആരോഗ്യവകുപ്പ്, അളവു തൂക്കവിഭാഗം, തൊഴില്‍വകുപ്പ് എന്നിവര്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് ശുചിത്വമില്ലായ്മയും പഴകിയ സാധനങ്ങളും. നഗരത്തിലെ മല്‍സ്യമാര്‍ക്കറ്റില്‍ വില്‍പ്പനക്കു കൊണ്ടുവന്ന വലിയ മല്‍സ്യങ്ങള്‍ തറയില്‍ കെട്ടിക്കിടക്കുന്ന മലിനജലത്തില്‍ ഇട്ടിരിക്കുന്നതായി കണ്ടെത്തി. അതേപോലെ വാങ്ങാന്‍ എത്തുന്നവര്‍ നടന്നുപോകുന്ന വഴിയില്‍ ഒരാള്‍ നീളമുള്ള തള ഇനത്തില്‍പ്പെട്ട മീന്‍ ഇട്ടിരിക്കുന്നതും കണ്ടെത്തി.
ലൈസന്‍സ് ഇല്ലാതെ ഇറച്ചി, മല്‍സ്യ വ്യാപാരം നടക്കുന്നതായും ശുചിത്വമില്ലാത്ത അന്തരീക്ഷത്തില്‍ ഹോട്ടലുകളും മല്‍സ്യവ്യാപാരശാലകളും പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ഇറച്ചിക്കടയ്ക്ക് ലൈസന്‍സ് ഇല്ല. കടയോടു ചേര്‍ന്ന് അറവുശാലയില്ല. വെറ്ററിനറി ഡോക്ടര്‍ പരിശോധിച്ചു രോഗമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വേണം കന്നുകാലികളെ കൊല്ലാനെന്ന നിബന്ധനയും പാലിക്കുന്നില്ലെന്നു പരിശോധനയില്‍ കണ്ടെത്തി. നഗരത്തിലെ ഹെല്‍ത്ത് കാര്‍ഡുകള്‍ ഉള്ളവര്‍ മാത്രമേ ഹോട്ടലുകളില്‍ ജോലിയെടുക്കാവു എന്ന നിബന്ധനയും പാലിക്കുന്നില്ല, കൈയില്‍ വ്രണമുള്ളവര്‍ പാചകശാലയില്‍ ജോലിനോക്കുന്നുതും കണ്ടു. ഉണക്കമീന്‍ കടയില്‍ പുഴുവരിക്കുന്ന മീന്‍ കണ്ടത് പിടിച്ചെടുത്തു നശിപ്പിച്ചു.