ആദ്യമായി ഇന്ത്യന്‍ നിര്‍മിത ‘ബലേനൊ’ ജപ്പാനിലേക്ക്; കയറ്റുമതി ചെയ്യുന്നു.

ന്യുഡല്‍ഹി :ഇന്ത്യയില്‍ നിര്‍മിച്ച പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യുടെ ജപ്പാനിലേക്കുള്ള കയറ്റുമതിക്കു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എല്‍) തുടക്കമിട്ടു. അടുത്ത മാസമാണു പുതിയ ‘ബലേനൊ’ ജപ്പാന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കുക. ഇതാദ്യമായാണു മാരുതി സുസുക്കി ഇന്ത്യയില്‍ നിര്‍മിച്ച കാര്‍ സുസുക്കിയുടെ ജന്മനാടായ ജപ്പാനില്‍ വില്‍പ്പനയ്ക്കെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തു നിന്നാണു ജപ്പാനിലേക്കുള്ള ‘ബലേനൊ’ കപ്പല്‍ കയറിയത്.

 

1,800 കാറുകളാണ് ആദ്യ സംഘത്തിലുള്ളത്. തുറമുഖ സാമീപ്യം പരിഗണിച്ചും കയറ്റുമതി സാധ്യത വിപുലീകരണം ലക്ഷ്യമിട്ടും ഗുജറാത്തില്‍ സുസുക്കി മോട്ടോര്‍ കോര്‍പറേഷന്‍ പുതിയ കാര്‍ നിര്‍മാണശാലയും സ്ഥാപിക്കുന്നുണ്ട്.‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ വിജയമാണു ജപ്പാനിലേക്കുള്ള ‘ബലേനൊ’ കയറ്റുമതിയില്‍ പ്രതിഫലിക്കുന്നതെന്നു സുസുക്കി മോട്ടോര്‍ കോര്‍പറേഷന്‍ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായ ടി സുസുക്കി അഭിപ്രായപ്പെട്ടിരുന്നു. ആഗോള ഉല്‍പ്പാദന കേന്ദ്രമെന്ന നിലയില്‍ മാരുതി സുസുക്കിയുടെ പ്രസക്തിയും പ്രാധാന്യവും ഇനിയും വര്‍ധിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു.</പ്>
ക്രമേണ ലോകവ്യാപകമായി 100 വിപണികളിലേക്ക് ഇന്ത്യയില്‍ നിര്‍മിച്ച ‘ബലേനൊ’ കയറ്റുമതി ചെയ്യാനാണു മാരുതി സുസുക്കി ലക്ഷ്യമിട്ടിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

പുതിയ കാര്‍ വികസനത്തിനായി മാരുതി സുസുക്കിയും അനുബന്ധ ഘടക നിര്‍മാതാക്കളും ചേര്‍ന്ന് 1,060 കോടിയാളം രൂപയാണു നിക്ഷേപിച്ചത്. ഹരിയാനയിലെ മനേസാറിലുള്ള ശാലയില്‍ നിന്നാണു ‘ബലേനൊ’ ഉല്‍പ്പാദിപ്പിക്കുന്നത്.ജപ്പാനിലേക്കുള്ള കയറ്റുമതിക്കു മുന്നോടിയായി ആ രാജ്യത്തെ ഇരുനൂറോളം ഡീലര്‍മാര്‍ മനേസാര്‍ ശാല സന്ദര്‍ശിച്ചിരുന്നു. ‘ബലേനൊ’ ഉല്‍പ്പാദനം സംബന്ധിച്ചു വ്യക്തമായ ധാരണ ലഭിക്കാന്‍ വേണ്ടിയായിരുന്നു ഈ പ്ലാന്റ് സന്ദര്‍ശനം. ആഭ്യന്തര വിപണിയിലും മികച്ച വരവേല്‍പ്പാണു ‘ബലേനൊ’യ്ക്കു ലഭിച്ചത്; നിലവില്‍ എണ്‍പതിനായിരത്തിലേറെ ബുക്കിങ്ങുകള്‍ ‘ബലേനൊ’യ്ക്കു ലഭിച്ചിട്ടുണ്ടെന്നാണു കമ്പനിയുടെ അവകാശവാദം.
പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ ഹ്യുണ്ടേയ് ‘ഐ 20’, ഹോണ്ട ‘ജാസ്’, ഫോക്സ്വാഗന്‍ ‘പോളോ’ തുടങ്ങിയവയെ നേരിടുന്ന ‘ബലേനൊ’ പുത്തന്‍ ഷോറൂം ശൃംഖലയായ ‘നെക്സ’ വഴിയാണു മാരുതി സുസുക്കി വില്‍പ്പനയ്ക്കെത്തിക്കുന്നത്.

Top