500 കിലോ ലഡു, 5 ലക്ഷം രസഗുള, 50,000 പേര്‍ക്ക് സദ്യ; ബിഹാറില്‍ ആഘോഷങ്ങള്‍ക്കൊരുങ്ങി എന്‍ഡിഎ

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം പ്രവചിക്കുന്ന എക്‌സിറ്റ് പോളുകളില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് എന്‍ഡിഎ. മുന്നണി ക്യാമ്പില്‍ ഇതിനോടകം ആഘോഷങ്ങള്‍ ആരംഭിച്ചു.

പട്‌നയില്‍, ലഡുവും വലിയ സദ്യയ്ക്കുമുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ബിജെപി സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം കൃഷ്ണ സിങ് കല്ലു 500 കിലോഗ്രാം ലഡുവിന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. വലിയ പാചക പാത്രത്തിന് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ചിത്രങ്ങള്‍ വെച്ചാണ് ലഡു തയ്യാറാക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദൃഷ്ടിദോഷം അകറ്റാന്‍ സമീപത്ത് നാരങ്ങയും മുളകും തൂക്കിയിട്ടിട്ടുണ്ടെന്നും പ്രമേഹരോഗികളായ പ്രവര്‍ത്തകരെയും പരിഗണിച്ച് മധുരം കുറച്ചാണ് ലഡു തയ്യാറാക്കിയിരിക്കുന്നതെന്നും തൊഴിലാളികള്‍ പറയുന്നു.

‘ബിഹാറിലെ ജനങ്ങളുടെയും ഞങ്ങളുടെ അര്‍പ്പണബോധമുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഇത്തവണയും എന്‍ഡിഎ സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരും,’ കല്ലു പറഞ്ഞു.

ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടിക്കൊണ്ട്, പട്‌നയില്‍ 50,000 പേര്‍ക്ക് വലിയ സദ്യയൊരുക്കുമെന്ന് അനന്ത് സിങ്ങിന്റെ കുടുംബാംഗങ്ങള്‍ പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ ഭാര്യ നീലം ദേവിയുടെ വസതിയിലാണ് ഒരുക്കങ്ങള്‍ നടക്കുന്നത്. ഈ വലിയ ഒത്തുചേരലിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് തൊഴിലാളികള്‍.

അഞ്ച് ലക്ഷം രസഗുളയും ഗുലാബ് ജാമുനും തയ്യാറാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൊകാമ അസംബ്ലി ടീമും ഒരു പ്രത്യേക പരിപാടി ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിലേക്ക് എല്ലാ എന്‍ഡിഎ പ്രവര്‍ത്തകരെയും അനുഭാവികളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിച്ചിട്ടുണ്ട്.
ഫലം വരുമ്പോള്‍ തങ്ങള്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന സഖ്യത്തിന്റെ വിശ്വാസത്തെയാണ് പട്‌നയിലെ ഈ ആഘോഷാന്തരീക്ഷം പ്രതിഫലിപ്പിക്കുന്നത്.

 

 

Top