
കൊച്ചി: ഞങ്ങള്‍ തെറ്റ് ചെയ്തവരല്ലെന്ന് സുപ്രീം കോടതകി വിധിക്ക് പിന്നാലെ മല ചവിട്ടിയ ബിന്ദു അമ്മിണിയും കനക ദുര്‍ഗയും പറഞ്ഞു. ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ പങ്കെടുക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങള്‍ തെറ്റ് ചെയ്തവരല്ലെന്നും പ്രതിഷേധങ്ങളെ ഭയക്കുന്നില്ലെന്നും വേദിയില്‍ ഇരുവരും വ്യക്തമാക്കി. ശബരിമല ദര്‍ശനത്തിന് ശേഷം ആദ്യമായാണ് ഇരുവരും ഒരു പൊതുവേദിയില്‍ എത്തുന്നത്.
ഇരുവരും ദര്‍ശനം നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനുശേഷം സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് ഒളിവിലായിരുന്നു. പൊലീസ് പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നും സ്വന്തം രീതിയിലാണ് പരിപാടിക്ക് വന്നതെന്നും ഇവര്‍ പറഞ്ഞു.
ആര്‍ത്തവം അശുദ്ധമല്ല എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്നലെയാണ് എറണാകുളം മറൈന്‍ഡ്രൈവ് മൈതാനത്ത് ആര്‍പ്പോ ആര്‍ത്തവമെന്ന പ്രതിഷേധക്കൂട്ടായ്മ ആരംഭിച്ചത്. പരിപാടിയില്‍ നിരവധി സാമൂഹ്യ പ്രവര്‍ത്തകരടങ്ങുന്ന പ്രമുഖര്‍ പങ്കെടുത്തു. പരിപാടിയുടെ സമാപന ദിവസമായ ഇന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്മാറി. സംഘാടകര്‍ തീവ്ര സ്വഭാവമുള്ളവരാണെന്ന പൊലീസ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ പിന്മാറ്റമെന്നാണ് വിവരം.