
കോഴിക്കോട്: ശബരിമലയിലെ സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് മല ചവിട്ടാനെത്തി ഇപ്പോള്‍ ഊരുവിലക്ക് നേരിടുന്ന ബിന്ദുവിനും കുടുംബത്തിനും ബിജെപിയുടെ നേതാക്കളുടെ സമ്മര്‍ദ്ദം. വയസായ തന്റെ മാതാപിതാക്കളെ ശബരിമലയില്‍ പോവാന്‍ ബിജെപി നേതാക്കള്‍ നിര്‍ബന്ധിക്കുന്നുവെന്ന് ബിന്ദു പറയുന്നു.
തുലാമാസ പൂജ കഴിഞ്ഞ് നട അടയ്ക്കാനിരിക്കെ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ അധ്യാപിക ബിന്ദു തങ്കം കല്യാണി. ദര്‍ശനത്തിനെത്തിയ ബിന്ദുവിന് വാടകവീട്ടിലും ജോലിസ്ഥലത്തും ‘ഊരുവിലക്ക്’ നേരിടേണ്ടി വന്നിരുന്നു. ഇപ്പോള്‍ താന്‍ ശബരിമലയില്‍ പോയതിന് പരിഹാരം ചെയ്യാന്‍ ശബരിമലയില്‍ പോകണമെന്നാണ് ബിജെപി നേതാക്കള്‍ മാതാപിതാക്കളോട് ആവശ്യപ്പെടുന്നതെന്ന് ബിന്ദു ആരോപിച്ചു. കോടതിവിധിയില്‍ മാറ്റം ഉണ്ടായില്ലെങ്കില്‍ വീണ്ടും ശബരിമലയില്‍ പോവുമെന്ന് ബിന്ദു ആവര്‍ത്തിച്ചു.
മാധ്യമങ്ങള്‍ വഴിയുള്ള വ്യക്തിഹത്യക്കെതിരെ കോടതിയെ സമീപിക്കുമെന്നും അവര്‍ വിശദമാക്കി. പേരു പോലും തെറ്റായി പ്രചരിപ്പിക്കുന്നുവെന്നും മാവോയിസ്റ്റ് ആണെന്ന് പ്രചരിച്ച് തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും വിശദമാക്കി. സുരക്ഷാ നല്‍കുമെന്ന് ഐജി ശ്രീജിത്ത് ഉറപ്പ് നല്‍കിയിരുന്നു പിന്നീട് നടന്നതിനെക്കുറിച്ച് അറിയില്ലെന്നും സംഭവങ്ങളില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കുമെന്ന് ബിന്ദു വ്യക്തമാക്കി. ചേവായൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും നാട്ടുകാരും എത്തി പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്ന് താല്‍ക്കാലികമായി സ്‌കൂളിലേക്ക് വരേണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചെന്നും ബിന്ദു നേരത്തെ വെളിപ്പെടുത്തിയിരുന്നു.