കൊച്ചി: കള്ളപ്പണ ഇടപാടു കേസിൽ ജയിൽ നിന്ന് പുറത്തിറങ്ങിയ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻറെ മകൻ ബിനീഷ് കോടിയേരി ഹൈക്കോടതി ചേംബറിൽ പുതിയ ലീഗൽ ഓഫീസ് തുറക്കുന്നു.
ബിനീഷിനൊപ്പം സഹപാഠികളായിരുന്ന പി.സി.ജോർജിന്റെ മകൻ ഷോൺ ജോർജ്, മുൻ തിരഞ്ഞെടുപ്പ് കമ്മിഷണർ എൻ. മോഹൻദാസിന്റെ മകൻ നിനു മോഹൻദാസ് എന്നിവർക്കൊപ്പമാണ് പുതിയ സംരംഭം. ഈ മാസം അഞ്ചിന് പുതിയ വക്കീൽ ഓഫീസ് ഉദ്ഘാടനം ചെയ്യും. നേരത്തേ വക്കീൽ വേഷം ധരിക്കാനുള്ള തയാറെടുപ്പു നടക്കുന്നതിനിടെയാണ് കേസിൽ കുടുങ്ങുന്നതും ജയിലിൽ പോകുന്നതും.
എറണാകുളം ഹൈക്കോടതിയോടു ചേർന്നുള്ള കെഎച്ച്‌സിസിഎ കോംപ്ലക്സിൽ 651-ാം നമ്പർ മുറി ഓഫിസിനായി തയാറായിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ പി.സി.ജോർജും മോഹൻദാസും പങ്കെടുക്കുമെന്നാണ് വിവരം. കോടിയേരി ബാലകൃഷ്ണൻ എത്തില്ല.
2006ൽ എൻറോൾ ചെയ്തതാണ് മൂവർ സംഘം. ഷോൺ ജോർജ് രണ്ടു വർഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിട്ടുമുണ്ട്. വീട്ടുകാർക്കും തങ്ങൾ അഭിഭാഷക വൃത്തിയിലേക്കു വന്നു കാണാൻ ആഗ്രഹമുണ്ടെന്നു ഷോൺ പറയുന്നു. രാഷ്ട്രീയ നിലപാടുകളിലെ വ്യത്യാസങ്ങളൊന്നും സംരംഭത്തെ ബാധിക്കുന്നതല്ലെന്നും ഇവർ വ്യക്തമാക്കി.