സമദൂര പ്രഖ്യാപനവുമായി ബിജെഡിഎസ്; അങ്കലാപ്പില്‍ ബിജെപി നേതാക്കള്‍

കൊച്ചി : ഒരു പാര്‍ട്ടിയോടും വിരോധമോ വിധേയത്വമോ ഇല്ല എന്ന ബി.ഡി.ജെ.എസ്. (ഭാരത് ധര്‍മ്മ ജന സേന) പാര്‍ട്ടിയുടെ സമദൂര പ്രഖ്യാപനം ബി.ജെ.പി. അണികളെ ഞെട്ടിച്ചു. ബി.ജെ.പിയുടെ എല്ലാവിധ പിന്തുണയോടെയുമായിരുന്നു എസ്.എന്‍.ഡി.പിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയകക്ഷി രൂപവത്കരിച്ചത്. എന്നാല്‍, ഭാരവാഹികളെ പ്രഖ്യാപിച്ചശേഷം ബി.ഡി.ജെ.എസ്. പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി നടത്തിയ പരാമര്‍ശങ്ങള്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല.
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തെ 140 മണ്ഡലങ്ങളില്‍നിന്നുള്ള രണ്ടുവീതം മുഴുവന്‍ സമയ ബി.ജെ.പി. പ്രവര്‍ത്തകരുടെ ക്യാമ്പ് നെടുമ്പാശേരി ബ്രഹ്മകുമാരീസ് ഹാളില്‍ നടക്കുന്നതിനിടെയാണ് ബി.ഡി.ജെ.എസിന്റെ പ്രഖ്യാപനങ്ങളുണ്ടായത്. പ്രഖ്യാപനത്തോടു പരസ്യമായി പ്രതികരിക്കാന്‍ ആരും തയാറായില്ല. അതൊരു സ്വതന്ത്ര പാര്‍ട്ടിയാണ്. അവര്‍ക്ക് എന്തു നിലപാട് സ്വീകരിക്കാനും അവകാശമുണ്ട്ബി.ജെ.പി. ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍ മംഗളത്തോട് പറഞ്ഞു. പുതിയ പാര്‍ട്ടിയുമായുള്ള ചര്‍ച്ചകള്‍ സംബന്ധിച്ച പത്രലേഖകരുടെ ചോദ്യത്തിന്, അതെല്ലാം പാര്‍ട്ടി പ്രസിഡന്റിനെ ചുമതലപ്പെടുത്തിയെന്ന് ഇന്നലെ ബി.ജെ.പി. ഉപാധ്യക്ഷന്‍ എം.ടി. രമേശും മറുപടി നല്‍കി. വളരെ സൂക്ഷ്മതയോടെയുള്ള പ്രതികരണമാണ് ബി.ജെ.പി. നേതാക്കളുടേത്.
പാര്‍ട്ടി കെട്ടിപ്പടുക്കല്‍ മാത്രമാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും ഭാവികാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നുമാണ് കഴിഞ്ഞദിവസം പത്രസമ്മേളനത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞത്. സി.പി.എമ്മുമായും കോണ്‍ഗ്രസുമായും ബി.ജെ.പിയുമായും ചര്‍ച്ചയ്ക്ക് തയാറാണ്. ആര്‍ക്കു മുന്നിലും വാതില്‍ കൊട്ടിയടയ്ക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പിലെന്നപോലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിഎസ്.എന്‍.ഡി.പി. കൂട്ടുകെട്ട് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അണികള്‍.
എന്നാല്‍, തുഷാറിന്റെ വാക്കുകള്‍ പ്രതീക്ഷയ്ക്കു മങ്ങലേല്‍പ്പിച്ചു. വെള്ളാപ്പള്ളി നടേശന്‍ നയിച്ച സമത്വ മുന്നേറ്റയാത്ര വിജയിപ്പിക്കുന്നതില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ മുഖ്യപങ്കുവഹിച്ചിരുന്നു. കുമ്മനത്തിന്റെ കേരള വിമോചനയാത്ര ബി.ജെ.പിയുടെ മാത്രം ജനസമ്പര്‍ക്ക പരിപാടിയായി മാറാനാണ് സാധ്യത.
തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പായി എസ്.എന്‍.ഡി.പി. നേതൃത്വവും ബി.ജെ.പിയും പലവട്ടം ചര്‍ച്ചകള്‍ നടത്തുകയും ജയസാധ്യതയുള്ളവരെ കണ്ടെത്തുന്നതില്‍ വിജയിക്കുകയും ചെയ്തിരുന്നു. അത്തരം ചര്‍ച്ചകളൊന്നും ഇപ്പോള്‍ നടക്കുന്നില്ല. വെളളാപ്പള്ളിയുമായുള്ള ചര്‍ച്ചയ്ക്ക് മൂന്നംഗ സംഘത്തെ ബി.ജെ.പി നിയോഗിച്ചിരുന്നു. ഇവര്‍ ചര്‍ച്ച നടത്തിയെങ്കിലും തെരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനമൊന്നും ഉണ്ടായില്ല.
ബി.ജെ.പിയും ബി.ഡി.ജെ.എസും തമ്മില്‍ അകല്‍ച്ചയൊന്നുമില്ലെന്നും തന്ത്രപരമായ നീക്കമാണ് നടക്കുന്നതെന്നുമുള്ള പ്രചാരണവും ശക്തമാണ്. സമദൂരത്തില്‍ നില്‍ക്കുന്ന എന്‍.എസ്.എസിനു സമീപകാലത്തു ലഭിച്ച സ്വീകാര്യതയുടെ ചുവടുപിടിച്ച് അത്തരമൊരു വഴി പുതിയ പാര്‍ട്ടിയും സ്വീകരിക്കുകയായിരുന്നു. പരസ്യ നിലപാട് സ്വീകരിച്ചതിലൂടെ വെള്ളാപ്പള്ളി നടേശന്‍ നേരിട്ട കനത്ത ആരോപണങ്ങളും ഈയൊരു നീക്കത്തിന് പ്രേരകമായി.
തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം ലക്ഷ്യമിട്ട് മണ്ഡലാടിസ്ഥാനത്തില്‍ മൂന്നു പേരുടെ പട്ടിക വീതം ബി.ജെ.പി. സ്വീകരിച്ചു തുടങ്ങി. പാര്‍ട്ടിക്കു പുറത്തുള്ള പൊതുസമ്മതരെയും മത്സരിപ്പിക്കാന്‍ നീക്കമുണ്ട്. എന്നാല്‍, ഇവരെ കഴിവതും പാര്‍ട്ടി ചിഹ്‌നത്തില്‍ മത്‌സരിപ്പിക്കാനാകും ശ്രമിക്കുക. നാല്‍പ്പതോളം സീറ്റുകളാവും മുന്നണിയിലെ മറ്റു ഘടകകക്ഷികള്‍ക്കായി ബി.ജെ.പി. നീക്കിവയ്ക്കുക.

Top