തിരുവന്തപുരം: ബിജെപി കേരള ഘടകത്തെ ആശങ്കയിലാഴ്ത്തുന്ന ഒന്നാണ് ശബരിമല വിഷയത്തിലെ കേന്ദ്ര നേതൃത്വത്തിന്റെ മലക്കം മറിച്ചില്‍. കേരളത്തിലെ വിശ്വാസി സമൂഹത്തിന്റെ വരുംനാളുകളിലെ പ്രതികരണം പ്രവചനാതീതമായിരിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം.
ലോക്സഭ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടിയാണ് ബി.ജെ.പി വോട്ടു തേടിയത്. ശബരിമലയിലൂടെ ഹിന്ദു സമൂദായത്തെ മൊത്തമായി ഇടത് സര്‍ക്കാര്‍ അപമാനിക്കുന്നു എന്ന വികാരം ജനങ്ങളിലേക്ക് പടര്‍ത്തുവാന്‍ ബി.ജെ.പിയുടെ പ്രചാരണത്തിന് കഴിയുകയും ചെയ്തു. ഇടതുകോട്ടയെന്ന് അറിയപ്പെടുന്ന ആറ്റിങ്ങലില്‍ അടക്കം അപ്രതീക്ഷിത മുന്നേറ്റമാണ് ബി.ജെ.പി കൈവരിച്ചത്. എന്നാല്‍ ഒരു സീറ്റില്‍ പോലും താമര വിരിയിക്കാനായില്ല എന്നത് പാര്‍ട്ടിക്ക് ക്ഷീണമാവുകയും ചെയ്തു.
അതേസമയം വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിയ നരേന്ദ്ര മോദി സര്‍ക്കാര്‍ ശബരിമല വിഷയത്തെ ഗൗരവമായി സമീപിക്കുന്നില്ലെന്ന വികാരവും വിശ്വാസികള്‍ക്കിടയിലുണ്ട്. ഇതിന് പുറമേയാണ് കൊല്ലം മണ്ഡലത്തില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച എന്‍.കെ.പ്രേമചന്ദ്രന്‍ ബി.ജെ.പിയെ ഞെട്ടിച്ചുകൊണ്ട് ശബരിമലവിഷയത്തെ സ്വകാര്യ ബില്ലാക്കി ലോക്‌സഭയില്‍ കൊണ്ട് വന്നു കൈയ്യടി നേടിയത്.
തുടക്കത്തില്‍ ബില്ലിന് പിന്തുണ വാഗ്ദാനം ചെയ്ത ബി.ജെ.പിയുടെ ആവേശം പിന്നീട് ചോരുന്ന കാഴ്ചയാണ് കാണാനായത്. ഇതിന് പുറമേ കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തിയ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ് സുപ്രീം കോടതി വിധിയെ മറികടന്ന് ഓര്‍ഡിനനന്‍സ് കൊണ്ട് വരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചതും ബി.ജെ.പി സംസ്ഥാന ഘടകത്തിന് തിരിച്ചടിയായിരിക്കുകയാണ്. ശബരിമല വിഷയത്തില്‍ ആര്‍.എസ്.എസ് ദേശീയ നേതൃത്വത്തിന്റെ നിലപാടും സംസ്ഥാന ഘടകത്തിന് അനുകൂലമല്ല.
അടുത്തുതന്നെ ആറ് നിയമസഭ മണ്ഡലങ്ങളിലടക്കം ഉപതിരിഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. ഇതില്‍ വട്ടിയൂര്‍ക്കാവ്,കോന്നി,മഞ്ചേശ്വരം എന്നിവിടങ്ങളില്‍ ബി.ജെ.പി ജയപ്രതീക്ഷ വച്ചുപുലര്‍ത്തുന്നുമുണ്ട്. എന്നാല്‍ ശബരിമലവിഷയത്തില്‍ ലോക്‌സഭയില്‍ കിട്ടിയ ആനുകൂല്യം ഉപതിരഞ്ഞെടുപ്പില്‍ വിപരീത ഫലമുണ്ടാക്കുമെന്ന ആശങ്കയും പാര്‍ട്ടിയിലെ ചില നേതാക്കള്‍ പങ്കുവയ്ക്കുന്നുണ്ട്.
ശബരിമല വിഷയത്തില്‍ അവതരിപ്പിക്കപ്പെട്ട സ്വകാര്യബില്ലിനെ അനുകൂലിക്കാന്‍ കഴിയാത്ത നിയമ സാഹചര്യമാണ് നിലനില്‍ക്കുന്നത്. സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയെ മറികടക്കാന്‍ ഭരണഘടനാ ഭേതഗതി കൊണ്ടുവരേണ്ടിവരും. സ്ത്രീകള്‍ക്കെതിരായി ഭരണഘടനാഭേതഗതി ചെയ്യുന്നത് പാര്‍ട്ടിയുടെ അന്തസത്തയെ ചോദ്യം ചെയ്യും. എന്‍എസ്എസ് ഉള്‍പ്പെടെ ബിജെപിയെ എതിര്‍ത്ത് രംഗത്തെത്തിയതിനാല്‍ ഉപതെരഞ്ഞെടുപ്പുകളില്‍ കനത്തപരാജയമാകും ബിജെപിയെ കാത്തിരിക്കുന്നത്.