കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം നിഷേധിക്കുന്നില്ലെന്നും പാലക്കാട്ട് സിപിഎം വോട്ട് കച്ചവടം നടത്തിയതായും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.യുഡിഎഫും ബിജെപിയും വോട്ടു കച്ചവടം നടത്തിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്തിന്റെ മഹത്വം മനസിലാക്കി സംസാരിക്കണമെന്നും ബാലിശമായ ആരോപണമാണ് വോട്ടുകച്ചവടം എന്നതെന്നും സുരേന്ദ്രന് പറഞ്ഞു. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ വോട്ടുകള്‍ കുറഞ്ഞത് വോട്ടുകച്ചവടമാണെങ്കില്, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് എട്ടു ശതമാനം വോട്ട് കുറഞ്ഞത് വോട്ടുകച്ചവടം നടത്തിയിട്ട് ആണോ എന്നും സുരേന്ദ്രന് ചോദിച്ചു.2016 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിക്ക് വോട്ട് കുറഞ്ഞു. പാർട്ടിക്ക് സംഭവിച്ച തോൽവിയുടെ പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷനായ തനിക്കാണ്. തോൽവിയെ സംബന്ധിച്ചുള്ള കാര്യങ്ങൾ കേന്ദ്ര ഘടകത്തെ അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി ആ സ്ഥാനത്തിന്റെ മഹത്വം മനസിലാക്കണം. പാർട്ടി സെക്രട്ടറിയെപ്പോലെയല്ല പെരുമാറേണ്ടത്. വർഗീയ ശക്തികളെ കൂട്ടുപിടിച്ചത് മുഖ്യമന്ത്രി ഇതുവരെ നിഷേധിച്ചിട്ടില്ല. ലീഗ് മത്സരിക്കാത്ത ഇടങ്ങളിൽ മുസ്ലിം വോട്ടുകൾ എല്‍ഡിഎഫിന് കിട്ടി. സ്വന്തം കാലിനടിയിലെ മണ്ണ് പോകുന്നതാണ് ചെന്നിത്തല നോക്കേണ്ടത്. പാലക്കാട്ട് സിപിഎമ്മിന് 2,500 വോട്ട് നഷ്ടമായി. ഇത് കച്ചവടം ചെയ്തതാണ്. മഞ്ചേശ്വരത്ത് എൽഡിഎഫിന് കുറഞ്ഞ വോട്ടുകൾ എവിടെ പോയി?. കുണ്ടറയിൽ 20,000 വോട്ട് കുറഞ്ഞു. ഇതും വിറ്റതാണോ?. തൃപ്പൂണിത്തുറയിലും എൽഡിഎഫിന് വോട്ടു കുറഞ്ഞിട്ടുണ്ട്.
ബിജെപിയ്ക്ക് വോട്ട് കുറഞ്ഞു എന്നഭിപ്രായപ്പെടുന്ന ഇടത് മുന്നണിയ്ക്ക് 2016 തെരഞ്ഞെടുപ്പിനെക്കാൾ എട്ട് ശതമാനം വോട്ട് 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കുറഞ്ഞു. ഈ വോട്ട് സിപിഎം വിറ്റതാണോ. അതിന്റെ പണം എകെജി സെന്ററിലേക്കോ അതോ ധർമ്മടത്തേക്കോ ആണോ പോയത്.യുഡിഎഫിനും ഇത്തരത്തിൽ വർഗീയ ശക്തികളുടെ സഹായം ലഭിച്ചിട്ടുണ്ട്. കൽപറ്റയിൽ അതുണ്ടായിട്ടുണ്ടെന്ന് ശ്രേയാംസ്കുമാർ പറയുന്നു. ഇ. ശ്രീധരൻ, കുമ്മനം എന്നിവരെ നിയമസഭ കാണിക്കരുതെന്ന് പലർക്കും താൽപര്യമുണ്ടായിരുന്നു. സമുദായം ഒന്നിച്ചുനിന്ന് ഇവരെ തോൽപിക്കണമെന്ന് ആഹ്വാനം ഉണ്ടായിട്ടില്ലേ?.
ഷാഫിയും എ.കെ.എം. അഷ്റഫും സിദ്ദീഖും ജയിച്ചപ്പോൾ ആഹ്ലാദ പ്രകടനം നടത്തിയത് അവരുടെ പാർട്ടിക്കാർ മാത്രമല്ലല്ലോ?. ഗൂരുവായൂരിലെ ലീഗ് സ്ഥാനാർഥി എങ്ങനെയാണ് തോറ്റത്?. ഫത്വ പുറപ്പെടുവിച്ച മണ്ഡലങ്ങളില്ലേ?. കോൺഗ്രസിന്റെ സ്ഥാനാർഥികൾ മുസ്ലിമാണെങ്കിൽപോലും അപ്പുറത്ത് ലീഗും എസ്ഡിപിഐയും എല്ലാം സിപിഎമ്മിന് വോട്ടുചെയ്തു.ബേപ്പൂരിൽ മരുമകന്റേതടക്കം ജയം അത്തരത്തിൽ നിരീക്ഷിക്കേണ്ടതാണ്. തെരഞ്ഞെടുപ്പിൽ സഹായിക്കാത്തവരെയെല്ലാം ലക്ഷ്യംവെച്ചുള്ള പ്രവർത്തനമാണ് പിണറായി ഉൾപെടെയുള്ളവർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.