അഞ്ചു മന്ത്രിമാർക്ക് സീറ്റ് ഇല്ല;ഇപി ജയരാജനും എകെ ബാലനും മത്സരരംഗത്തുണ്ടാവില്ല; തീരുമാനം സിപിഎം സെക്രട്ടേറിയറ്റിൽ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ. പി. ജയരാജന്‍, തോമസ് ഐസക്, ജി. സുധാകരന്‍, എ. കെ. ബാലന്‍, സി. രവീന്ദ്രനാഥ് എന്നിവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം ആയത്. ഇതിൽ ഇ. പി. ജയരാജനെ സംഘടനാ ചുമതലയിലേക്ക് പരിഗണിച്ചേക്കു‌മെന്നാണ് റിപ്പോർട്ട്. മന്ത്രിമാരായ ഇപി ജയരാജന്‍, എകെ ബാലന്‍, തോമസ് ഐസക്, ജി സുധാകരന്‍ എന്നിവരെ വീണ്ടും മത്സരിപ്പിക്കേണ്ടെന്ന അഭിപ്രായമുയര്‍ന്നെന്നാണ് റിപ്പോര്‍ട്ട്.

രണ്ട് ടേം വ്യവസ്ഥ പാലിക്കണമെന്നാണ് നിര്‍ദ്ദേശം.സെക്രട്ടേറിയറ്റ് ചര്‍ച്ച തുടരുകയാണ്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം നാളെ സംസ്ഥാന സമിതി യോഗത്തിലാവും ഉണ്ടാവുക.എല്‍ഡിഎഫ് മന്ത്രിസഭയിലെ ഭൂരിപക്ഷം മന്ത്രിമാരും വീണ്ടും മത്സരിക്കാന്‍ ഇറങ്ങുന്ന സാഹചര്യത്തിലാണ് ചര്‍ച്ച പുരോഗമിച്ചത്. ഇപി ജയരാജനും എകെ ബാലനും ജി സുധാകരനും തോമസ് ഐസക്കും തുടര്‍ച്ചയായി നിയമസഭയില്‍ എത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇവരെ മാറ്റണമെന്നുള്ള ആവശ്യമുയര്‍ന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രിയടക്കം മന്ത്രിസഭയിലെ ബാക്കിയുള്ളവര്‍ മത്സരിക്കാനാണ് സാധ്യത. സി പി എം സംസ്ഥാന സെക്രട്ടടേറിയറ്റ് യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, പി. ബി അംഗം കോടിയേരി ബാലകൃഷ്ണൻ, ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ആരോഗ്യ മന്ത്രി കെ. കെ. ശൈലജ മട്ടന്നൂരില്‍ നിന്നാകും ഇത്തവണ ജനവിധി തേടുക. ഇ. പി. ജയരാജന്‍ മത്സരിച്ച മണ്ഡലമാണിത്. കെ കെ ശൈലജയ്ക്ക് സുരക്ഷിതമായ മണ്ഡലം നൽകണമെന്ന നിർദേശം സി പി എം കണ്ണൂർ ജില്ലാ നേതൃത്വം മുന്നോട്ടു വെച്ചിരുന്നു.

കൂടുതല്‍ തവണ മത്സരിച്ചവരെ മാറ്റിനിര്‍ത്തണമെന്ന മാനദണ്ഡം നടപ്പാക്കണമെന്ന നിര്‍ദേശവും സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നിട്ടുണ്ട്. രണ്ട് ടേം വ്യവസ്ഥ കര്‍ശനമായി പാലിക്കണമെന്നാണ് അഭിപ്രായം. എംഎല്‍എമാര്‍ക്കും ഇതു നിര്‍ബന്ധമാക്കും. രാജു എബ്രഹാം, എ. പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ക്കും സീറ്റില്ല. ഇവര്‍ക്ക് ഇളവ് നല്‍കണമെന്ന് ജില്ലാകമ്മറ്റികള്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകരിച്ചില്ല. ആര്‍ക്കൊക്കെ ഇളവു നല്‍കണമെന്ന് സംസ്ഥാന സമിതി തീരുമാനിക്കും.

Top