
ശബരിമല സമരം കോണ്‍ഗ്രസിനകത്ത് വമ്പന്‍ മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഹിന്ദുത്വ അജണ്ട തങ്ങളുടേത് കൂടിയാക്കി മാറ്റിയ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപി വേദി പങ്കിടുന്നതുവരെയെത്തി കാര്യങ്ങള്‍. തുടര്‍ന്ന് നടന്ന സംഭവവികാസങ്ങളെത്തുടര്‍ന്ന് മുതിര്‍ന്ന നേതാവ് രാമന്‍നായര്‍ ബിജെപിയില്‍ ചേരുകയും ചെയ്തു. എന്നാല്‍ ബിജെപിയിലേക്കുള്ള ഒഴുക്ക് അവിടെ കൊണ്ട് അവസാനിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്
സ്ത്രീ പ്രവേശനത്തിനെതിരായുള്ള സമരത്തെ മുന്നില്‍ നിന്നും നയിച്ച സുധാകരനും ബിജെപിയിലേക്കെന്ന സൂചനയാണ് പുറത്ത് വരുന്നത്. സുധാകരനെ പരസ്യമായി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചുകൊണ്ട് ബിജെപി ഒരു നേതാവും രംഗത്തെത്തി. ബിജെപി എംപിയായ നളിന്‍ കുമാര്‍ കട്ടീലാണ് സുധാകരനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്.
രാജ്യത്തെ ഭക്തജനങ്ങളുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ ഇത്രയധികം ആത്മാര്‍ത്ഥമായി സംസാരിക്കുകയും സമരത്തിനിറങ്ങാന്‍ തയ്യാറാവുകയും ചെയ്തയാളാണ് സുധാകരന്‍. ബിജെപിക്ക് അനുയോജിച്ച ആളാണ് അദ്ദേഹമെന്നും നളിന്‍ കുമാര്‍ വ്യക്തമാക്കി. കേരളത്തോടുത്ത ദക്ഷിണ കന്നഡ മണ്ഡലത്തില്‍ നിന്നുള്ള എംപി ആണ് കട്ടീല്‍.
ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായ സമരത്തില്‍ കോണ്‍ഗ്രസിനെ മുന്നില്‍ നിന്നു നയിച്ചത് കെ സുധാകരനാണെന്ന് പറയാം. ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ ഭക്തര്‍ക്കൊപ്പമാണെന്ന നിലപാട് സുധാകരന്‍ തുടക്കം മുതല്‍ വ്യക്തമാക്കുകയുണ്ടായി. പ്രത്യക്ഷ സമരത്തിനില്ലെന്ന കോണ്‍ഗ്‌സ് ഹൈക്കമാന്റിന്റെ നിര്‍ദ്ദേശത്തെ മാറ്റിമറിക്കുന്നതും സുധാകരന്‍ പമ്പയില്‍ നടത്തിയ ഉപവാസ സമരമാണ്.
ആചാരങ്ങള്‍ ലംഘിക്കണമെന്നാണ് ഏറ്റവും ഒടുവില്‍ രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം. രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം അനുസരിക്കാന്‍ കെ. സുധാകരന്‍ ബാദ്ധ്യസ്ഥനല്ലേ? ആത്മാഭിമാനമുള്ള കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ ബിജെപിയില്‍ അണിചേരുകയാണെന്നും കട്ടീല്‍ കാസര്‍ഗോഡ് പറഞ്ഞു.
അതേസമയം ശബരിമലയെ തകര്‍ക്കാന്‍ വേണ്ടി മാത്രം അധികാരത്തിലെറിയ രാജാവിനെ പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പെരുമാറുന്നതെന്ന് നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു. ഉത്തരം മുട്ടുമ്പോള്‍ ശരീരപ്രകൃതിയെ കുറിച്ച് കളിയാക്കുന്ന പിണറായി ഒരു കാര്യം മനസ്സിലാക്കണം. കേരളം നഷ്ടപെട്ടാല്‍ കുത്തിയിരിക്കന്‍പോലും സ്ഥലമുണ്ടാവില്ലെന്നും കട്ടീല്‍ പറഞ്ഞു.