
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി വ്യാപകമായി യുഡിഎഫിന് വോട്ട് മറിച്ചെന്ന് റിപ്പോര്‍ട്ട്. ഒരു ദേശീയ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിലെ പതിനാല് ലോക്‌സഭാ മണ്ഡലങ്ങളില്‍ ബിജെപി കോണ്‍ഗ്രസിനു വോട്ട് മറിച്ചെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം
കേരളത്തില്‍ നിന്ന് സിപിഎമ്മിനെ വേരോടെ പിഴുതെറിഞ്ഞാല്‍ മാത്രമേ ബിജെപിക്ക് വളരാന്‍ സാധിക്കൂ എന്ന കണക്കുകൂട്ടലിനെത്തുടര്‍ന്നായിരുന്നു വോട്ട് മറിക്കല്‍. ഈ ലക്ഷ്യം മുന്നില്‍ കോണ്‍ഗ്രസിനു വോട്ട് ചെയ്യാന്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശമുണ്ടായിരുന്നു എന്നാണ് ഹിന്ദുവിന്റെ കണ്ടെത്തല്‍.
നാല് മണ്ഡലങ്ങളില്‍ ശക്തമായ പ്രവര്‍ത്തനം നടത്തണമെന്നും മറ്റ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ച് ശരാശരി പ്രവര്‍ത്തനം മാത്രം നടത്തിയാല്‍ മതിയെന്നുമായിരുന്നു നിര്‍ദ്ദേശം. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശ്ശൂര്‍ എന്നീ മണ്ഡലങ്ങളിലും, ഒപ്പം മുസ്ലിം ലീഗ് മത്സരിച്ച പൊന്നാനി, മലപ്പുറം എന്നീ മണ്ഡലങ്ങളിലും മാത്രമാണ് ബിജെപി കൃത്യമായ പ്രവര്‍ത്തനം നടത്തിയത്. മറ്റ് മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്യാന്‍ പ്രവര്‍ത്തകരോടും കുടുംബത്തോടും ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ശബരിമല സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലൊ തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളില്‍ വിജയിക്കാന്‍ കഴിയുമെന്നും ആറ്റിങ്ങല്‍, തൃശൂര്‍ മണ്ഡലങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നും ബിജെപി കണക്കുകൂട്ടിയിരുന്നു. എന്നാല്‍ തിരുവനന്തപുരത്ത് സംഭവിച്ച പരാജയം സ്ഥിതിഗതികള്‍ വഷളാക്കിയെന്നും ആര്‍എസ്എസുമായുള്ള ബിജെപിയുടെ ബന്ധം വഷളാക്കിയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഈ രീതി തന്നെ തുടരാനാണ് ബിജെപിയുടെ പദ്ധതി. തുടര്‍ന്ന് 2020 തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രവര്‍ത്തനം മെച്ചപ്പെടുത്തുക എന്നതും ലക്ഷ്യമിടുന്നുണ്ട്.