മുരളി പാലുകൊടുത്ത കൈയ്യില്‍ കൊത്തി-ഉണ്ണിത്താന്‍.മൂന്നു പാര്‍ട്ടികളുടെ സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തെത്തിയ കേരള രാഷ്ട്രീയത്തിലെ ഏക വ്യക്തിയും മുരളീധരന്‍ മാത്രം

കൊല്ലം: നേതാക്കളെ അപമാനിച്ച പാരമ്പര്യമാണ് മുരളീധരനുള്ളതെന്നും കെ.കരുണാകരന്‍ അനുസ്മരണത്തില്‍ പങ്കെടുക്കാത്ത കോണ്‍ഗ്രസിലെ ഏക നേതാവാണ് കെ.മുരളീധരന്‍ എംഎല്‍എയെന്ന് കെപിസിസി വക്‌താവ് രാജ്മോഹന്‍ ഉണ്ണിത്താന്‍.
കോണ്‍ഗ്രസിനെ പൊതുജന മധ്യത്തില്‍ അവഹേളിക്കുന്ന കെ. മുരളീധരന്‍ സ്ഥിരം പ്രശ്നക്കാരനായി മാറിക്കൊണ്ടിരിക്കുന്നുവെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. രാഷ്ട്രീയ എതിരാളികളുടെ കൈയ്യില്‍ ആയുധം വച്ചുകൊടുക്കുന്ന അദ്ദേഹത്തിന്‍റെ വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസുകാരുടെ ആത്മാഭിമാനത്തിന് ക്ഷതം ഏല്‍പ്പിക്കുന്നു. മൂന്നു പാര്‍ട്ടികളുടെ സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തെത്തിയ കേരള രാഷ്ട്രീയത്തിലെ ഏക വ്യക്തിയാണ് മുരളീധരന്‍. അദ്ദേഹം പഴയ പാത സ്വീകരിക്കാനുള്ള പുറപ്പാടാണോയെന്നു സംശയമുണ്ടെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

കേവലം അംഗത്വം മാത്രം മതി, പദവികളൊന്നും വേണ്ട എന്നു പറ‍ഞ്ഞാണ് അദ്ദേഹം കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയത്. തിരിച്ചെടുക്കരുതെന്ന് മുതിര്‍ന്ന നേതാക്കളടക്കം പലരും നിലപാട് സ്വീകരിച്ചപ്പോള്‍ വി.എം. സുധീരന്‍ മുരളിയെ ശക്തമായി പിന്തുണച്ചു. പാലുകൊടുത്ത കൈയ്യില്‍ കൊത്തുന്ന ശൈലിയാണ് മുരളി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ഉണ്ണിത്താന്‍ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് മറ്റു രാഷ്ട്രീയ കക്ഷികള്‍ പോലും സമ്മതിക്കുന്നുണ്ട്. കോണ്‍ഗ്രസ് പദവികള്‍ വേണ്ടെന്നു വെച്ച ഉമ്മന്‍ചാണ്ടിയും തന്‍റെ ഉത്തരവാദിത്തം നിറവേറ്റാന്‍ ഓടിനടക്കുന്നു. ക്രിയാത്മകമായ പ്രതിപക്ഷമായി കോണ്‍ഗ്രസും യു.ഡി.എഫും മാറുമ്പോള്‍ അതിനൊപ്പം നില്‍ക്കാതെ എതിരാളികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന മുരളീധരനെതിരെ നടപടിയെടുക്കുന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും ഉണ്ണിത്താ‍ന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കെ. കരുണാകരന്‍റെ ചരമദിനാചരണത്തിന് പത്മജ വേണുഗോപാലും കുടുംബാംഗങ്ങളും തൃശൂരില്‍ ഒത്തുചേര്‍ന്നു. മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ജോലിയിലായിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഡല്‍ഹിയിലായിരുന്ന എ.കെ. ആന്‍റണിയും ഓര്‍മദിനത്തില്‍ കേരളത്തിലെത്തി. എന്നാല്‍, അച്ഛന്‍റെ സ്മരണദിനത്തില്‍ മുരളീധരന്‍ ദൂബൈയിലേക്ക് പോയി. കരുണാകരന്‍റെ സ്മൃതികുടീരത്തില്‍ എത്താന്‍ മുരളിക്ക് സമയം ലഭിച്ചില്ലെന്നും ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി.

Top