കേരളത്തിൽ പാലയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി തോറ്റമ്പിയെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ മികച്ച വിജയം ആവർത്തിക്കാൻ പാർട്ടിക്കായി. മൂന്ന് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ രണ്ടിടത്തും ബിജെപി ജയിച്ചു കയറി. ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, ത്രിപുര എന്നിവിടങ്ങളിൽ ഛത്തീസ്ഗഡ് മാത്രമാണ് ബിജെപിക്ക് നഷ്ടമായത്.
ഉത്തര്‍പ്രദേശിലെ ഹമിര്‍പുര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി യുവരാജ് സിങ് 17,000 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു. സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥി മനോജ് കുമാറിനെയാണ് യുവരാജ് തറപറ്റിച്ചത്. എന്നാൽ ഛത്തീസ്ഗഡിലെ ദന്തേവാഡ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദേവ്തി കര്‍മ 11,331 വോട്ടിന്റെ ഭൂരിപക്ഷത്തിന് ബിജെപി സ്ഥാനാര്‍ഥി ഓജസ്വി മാണ്ഡവിയെ തോല്‍പ്പിച്ചു.
ഏവരും ശ്രദ്ധിച്ച ത്രിപുരയിലെ തെരഞ്ഞെടുപ്പിൽ ബാദര്‍ഘട് നിയോജകമണ്ഡലത്തില്‍ ബിജെപിയുടെ മിമി മജുംദാര്‍ 5,275 വോട്ടിനു വിജയിച്ചു. സിപിഎം സ്ഥാനാര്‍ഥി ബുള്‍ട്ടി ബിശ്വാസിന് 15,211 വോട്ട് ലഭിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 9,101 വോട്ടുമായി മൂന്നാം സ്ഥാനത്തായി. പാലായിൽ ജയിച്ചു കയറിയെങ്കിലും ഇടത് പാർട്ടികളുടെ ഹൃദയ ഭൂമിയായ ത്രിപുരയിൽ ഇനിയൊരു തിരിച്ചുവരവ് അസാധ്യമെന്ന നിലയിലാണ് സിപിഎം.