മുലയൂട്ടിയതിന്റെ പേരില്‍ പള്ളിയില്‍ നിന്നും ഇറക്കിവിട്ടു; മുലയൂട്ടുന്ന വീഡിയോ ഫേസ്ബുക്കിലിട്ട് യുവതിയുടെ പ്രതിഷേധം; പ്രതികരണവുമായി പള്ളി അധികൃതരും

പള്ളിക്കകത്തിരുന്ന് കുഞ്ഞിനെ മുലയൂട്ടരുത് എന്ന നിബന്ധയില്‍ പ്രതിഷേധിച്ച് നാല്‍പ്പത്തിരണ്ട്കാരിയുടെ വീഡിയോ വൈറലാകുന്നു. പതിനെട്ട് മാസമുള്ള കുഞ്ഞിനെയും കൂട്ടി ചര്‍ച്ചില്‍ ഞായറാഴ്ച പ്രാര്‍ത്ഥിക്കാന്‍ എത്തിയ ആനി പെഗീറോ എന്ന നാല്‍പത്തിരണ്ടുകാരിക്കാണ് മോശം അനുഭവം ഉണ്ടായത്. കുഞ്ഞ് വിശന്ന് കരഞ്ഞപ്പോള്‍ സ്വാഭാവികമായി ആനി കുഞ്ഞിന് പാല് കൊടുക്കുകയായിരുന്നു.

സംഗതി ശ്രദ്ധയില്‍ പെട്ട ഒരു സ്ത്രീയാണ് ആദ്യം എതിര്‍പ്പുമായി രംഗത്തെത്തിയത്. പള്ളിക്കകത്തിരുന്ന് കുഞ്ഞിന് പാലുകൊടുക്കരുതെന്നും ഏതെങ്കിലും സ്വകാര്യസ്ഥലത്തേക്ക് മാറിയിരിക്കാനും അവര്‍ ആനിയോട് നിര്‍ദേശിച്ചു. എന്നാല്‍ ആനി അവരുടെ നിര്‍ദേശം അത്ര കാര്യമാക്കിയില്ല. പള്ളിയില്‍ ആരാധനക്കായി എത്തുന്ന പുരുഷന്മാര്‍ക്കും കൗമാരക്കാര്‍ക്കും മറ്റുവിശ്വാസികള്‍ക്കും പള്ളിക്കകത്തിരുന്ന് മറയില്ലാതെ കുഞ്ഞിനെ മുലയൂട്ടുന്നത് അസ്വസ്ഥത സൃഷ്ടിക്കുമെന്നതിനാല്‍ പള്ളിക്കകത്തിരുന്ന് മുലയൂട്ടാന്‍ അനുവാദമില്ലെന്ന് സ്ത്രീ ആനിയെ അറിയിച്ചു.

പുരോഹിതന്‍ നടത്തുന്ന പ്രഭാഷണത്തിന്റെ തത്സമയസംപ്രേഷണം നടക്കുന്നുണ്ടെന്നും ആനി മുലയൂട്ടുന്നത് അതില്‍ കയറിപ്പോകാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി മറ്റൊരുസ്ത്രീയും ആനിയുടെ അടുത്തെത്തി. ഇതോടെ കുഞ്ഞുമായി ആനി പള്ളിയില്‍ നിന്നും പുറത്തുപോകേണ്ടി വന്നു. പക്ഷേ മിണ്ടാതിരിക്കാന്‍ ആനി തയ്യാറായിരുന്നില്ല. കുഞ്ഞിനെ മുലയൂട്ടുന്നത് ഫെയ്‌സ്ബുക്കിലൂടെ ലൈവ് ചെയ്താണ് ആനി ഈ സംഭവത്തോട് പ്രതികരിച്ചത്. കുഞ്ഞിന് മുലയൂട്ടുന്നത് വളരെ സ്വാഭാവികമായ ഒരു പ്രവര്‍ത്തിയാണെന്നും എല്ലാവരും മുലയൂട്ടലിനുവേണ്ടി നിലകൊള്ളുകയാണ് വേണ്ടതെന്നും അതിലൂടെ ആനി ലോകത്തോട് പറഞ്ഞു.

സ്ത്രീകള്‍ പൊതുസ്ഥലത്തിരുന്ന് മുലയൂട്ടുന്നതിന് നിയമസംരക്ഷണയുള്ള രാജ്യമാണ് വെര്‍ജീനിയ. അതിനാല്‍ പള്ളിയുടെ നയങ്ങളില്‍ ഉടനടി മാറ്റംവരുത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ക്ക് കത്തയച്ചിരിക്കുകയാണ് ആനി. ഒരു അമ്മയായ തനിക്ക് നേരിടേണ്ടി വന്നത് അവകാശലംഘനമാണെന്നും ആനി പറയുന്നു. ഇത്തരമൊരു നിയമത്തെ കുറിച്ചു അറിവുണ്ടായിരുന്നില്ലെന്നും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താമെന്നുമാണ് ഇതിന് പള്ളി അധികൃതര്‍ നല്‍കിയ വിശദീകരണം.

42കാരിയായ ആനി ഒരു ഫിറ്റ്‌നെസ്സ് പരിശീലകയും ന്യൂട്രീഷന്‍ സ്‌പെഷലിസ്റ്റുമാണ്. രണ്ടുകുട്ടികളാണ് ഇവര്‍ക്കുള്ളത്. ഇതിന് മുമ്പ് ഒരിക്കല്‍പോലും ഇത്തരത്തില്‍ ഒരനുഭവം തനിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നാണ് ആനി പറയുന്നത്. ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍ പോലും മൂത്ത കുഞ്ഞിനെ ആനി മുലയൂട്ടിയിരുന്നു. മൂത്തകുഞ്ഞിന് ഇപ്പോള്‍ നാലുവയസ്സാണ് പ്രായം.

സ്ത്രീകള്‍ക്ക് പൊതുസ്ഥലത്ത് ഇരുന്ന് മുലയൂട്ടാന്‍ നിയമപരമായി അനുവാദം നല്‍കിയ ഏറ്റവും അവസാനത്തെ രാജ്യങ്ങളില്‍ ഒന്നാണ് വെര്‍ജീനിയ.

Top