പാലക്കാട്: ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെ അധിക്ഷേപിച്ച വിഷയത്തില്‍ തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രസ്താവന സംബന്ധിച്ച് വിശദീകരിക്കാനായി മാധ്യമങ്ങളെ കണ്ട അദ്ദേഹം നിപ ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയുടെ പേരുപോലും തെറ്റായാണ് പറഞ്ഞത്
ആരോഗ്യമന്ത്രിക്കെതിരെ താന്‍ നടത്തിയ പ്രസ്ഥാവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പറഞ്ഞ മുല്ലപ്പള്ളി, ലിനിയുടെ ഭര്‍ത്താവിനെ ആദ്യംവിളിച്ചത് താനാണെന്നും പറഞ്ഞു. സിസ്റ്റര്‍ ലിനിയെ നിഷയെന്നാണ് അദ്ദേഹം അഭിസംബോധന ചെയ്തത്.നിപ പ്രതിരോധത്തില്‍ ഇല്ലാത്ത ക്രെഡിറ്റ് ആരോഗ്യമന്ത്രി എടുക്കേണ്ട എന്നാണ് പറഞ്ഞത്.പറഞ്ഞ കാര്യങ്ങള്‍ സത്യമാണ്. അതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ആരേയും അധിക്ഷേപിച്ചിട്ടില്ലെന്നും തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും മുല്ലപ്പള്ളി പറയുന്നു. മരിച്ച ലിനിക്ക് മരണാനന്തര ബഹുമതി നല്‍കാന്‍ എംപിയെന്ന നിലയില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. നിപാ രോഗം വന്ന സമയത്ത് എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കിയിട്ടുണ്ടെന്നും മുല്ലപ്പള്ളി അവകാശപ്പെട്ടു.പറഞ്ഞ കാര്യങ്ങളെല്ലാം നൂറ് ശതമാനം സത്യമാണ്, ആരെയും അധിക്ഷേപിക്കുന്ന സ്വഭാവക്കാരനല്ല, പ്രത്യേകിച്ച് സ്ത്രീകളെ അപമാനിക്കുന്ന വിധം സംസാരിക്കുന്ന പാരമ്പര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമന്ത്രി കെ കെ ശൈലജ നിപാ രാജകുമാരി, കോവിഡ് റാണി പദവികള്‍ക്കായി നടക്കുകയാണെന്നായിരുന്നു കെപിസിസി പ്രസിഡന്റിന്റെ പരിഹാസം നിപാ കാലത്ത് ഗസ്റ്റ് ആര്‍ടിസ്റ്റിനെ പോലെയാണ് ആരോഗ്യമന്ത്രി കോഴിക്കോട് വന്നുപോയതെന്നും മുല്ലപ്പള്ളി പറഞ്ഞു.പ്രസ്താവനയ്ക്ക് പിന്നാലെ സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷും നിപയെ അതിജീവിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അജന്യയും മുല്ലപ്പള്ളിക്കെതിരെ രംഗത്തെത്തിയിരുന്നു
അതേസമയം കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കടുത്ത വിമർശനവുമായി സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കെതിരെ മുല്ലപ്പള്ളി നടത്തിയ ‘കോവിഡ് റാണി’എന്ന പരാമർശം വിവാദം ഉയർത്തിയ സാഹചര്യത്തിലാണ് ബൃന്ദയുടെ പ്രതികരണം.
‘കെ.കെ.ശൈലജയ്ക്കെതിരെ കെപിസിസി പ്രസിഡന്‍റെ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ സ്ത്രീ വിരുദ്ധവും അധിക്ഷേപരവുമായ പ്രസ്താവനയെ കടുത്ത ഭാഷയിൽ അപലപിക്കുന്നു’ എന്നാണ് വീഡിയോ സന്ദേശത്തിൽ ബൃന്ദ കാരാട്ട് വ്യക്തമാക്കിയത്. സംസ്ഥാനത്തെ കോവിഡ് പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്ന ആഗോളതലത്തിൽ ഇതിന്‍റെ പേരിൽ പ്രശംസ നേടിയ ആരോഗ്യമന്ത്രിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങളാണ് മുല്ലപ്പള്ളി നടത്തിയത്.’ എന്നാണ് ഇവർ ആരോപിക്കുന്നത്.