അമ്മ ഇനി തിരിച്ചു വരില്ലെന്ന് പറഞ്ഞപ്പോള്‍ ‘ശരി’ എന്ന് പറഞ്ഞ് അവന്‍ തലയാട്ടി; സജേഷിന്റെ വാക്കുകളിങ്ങനെ

നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് പേരാമ്പ്രയില്‍ മരണമടഞ്ഞ ലിനി കേരളത്തിന്റെ കണ്ണീരോര്‍മയായിരുന്നു. പനി പടര്‍ന്നു പിടിക്കുമ്പോള്‍ സ്വന്തം രക്ഷയെ അവഗണിച്ച് രോഗികളെ ശ്രിശ്രൂഷിക്കാന്‍ മനസുകാണിച്ച് അകാലത്തില്‍ പൊലിഞ്ഞു പോയ മാലാഖ കേരളക്കരയുടെ മനസിലെ തോരാക്കണ്ണീരായി മാറിയിരിക്കുകയാണ്. മരണക്കിയക്കയില്‍ വച്ച് ലിനി തന്റെ ഭര്‍ത്താവിന് എഴുതിയ കത്ത് ഏവരുടേയും കണ്ണ് നിറച്ചിരുന്നു. തന്റെ പ്രിയതമ തനിക്ക് അവസാനമായി എഴുതിയ കത്ത് സജീഷ് തന്റെ ഫോണ്‍ കവറിന്റെ അകത്ത് ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്.

ഭാര്യയുടെ അവസാന വാക്കുകള്‍ അടങ്ങിയ ആ കത്ത് ഇനിയെന്നും, എവിടെ പോയാലും സജീഷിനൊപ്പം ഉണ്ടാകും.‘സജീഷേട്ടാ ഐ ആം ഓള്‍മോസ്റ്റ് ഓണ്‍ ദി വേ. നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. സോറി. നമ്മുടെ മക്കളെ നന്നായി നോക്കണേ. പാവം കുഞ്ഞു അവനെ ഒന്ന് ഗള്‍ഫില്‍ കൊണ്ടുപോകണം. നമ്മുടെ അച്ഛനെപ്പോലെ തനിച്ചാവരുത്. പ്ലീസ്, വിത്ത് ലോട്സ് ഓഫ് ലവ്, ഉമ്മ’; കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി ഐസിയുവില്‍ കിടന്നുകൊണ്ട് 33കാരിയായ ലിനി ഭര്‍ത്താവിന് അവസാനമായി എഴുതിയ കത്തിലെ എല്ലാവരേയും കണ്ണീരിലാഴ്ത്തിയ വാക്കുകളാണിവ. അമ്മയെ കാത്തിരിക്കുന്ന രണ്ട് കുഞ്ഞു കണ്ണുകളുണ്ട് സജീഷിനൊപ്പം.

രണ്ട് വയസ്സുകാരന്‍ സിദ്ധാര്‍ഥും അഞ്ചുവയസ്സുകാരന്‍ റിഥുലും. ‘അമ്മ എവിടെയെന്ന് ദിവസങ്ങളായി അവര്‍ അന്വേഷിക്കുന്നുണ്ട്. സിദ്ദാര്‍ഥ് ഇടക്കിടെ അമ്മയെ അന്വേഷിച്ച് കരയുകയും ചെയ്യും. രാത്രിയാണ് ഏറേയും കരയുക. മൂത്ത മകനോട് അമ്മ ഇനി തിരിച്ചു വരില്ലെന്ന് പറഞ്ഞു. ശരി, എന്നാണ് അവന്‍ തലയാട്ടിക്കൊണ്ട് തിരിച്ചു പറഞ്ഞതെങ്കിലും ഞാന്‍ പറഞ്ഞതിന്റെ പൊരുള്‍ എന്താണെന്ന് അവന് മനസ്സിലായോ എന്ന് എനിക്കറിയില്ല’, സജീഷ് ഇടറിയ സ്വരത്തില്‍ പറഞ്ഞു. ലിനിയുടെ വീട്ടില്‍ നിന്നും 20 കിലോമീറ്ററോളം അകലെയുളള താലൂക്ക് ആശുപത്രി ഇപ്പോള്‍ ആളൊഴിഞ്ഞ് കിടക്കുകയാണ്. വൈറസ് പകരുമെന്ന് കരുതി മിക്കവരം ഡിസ്ചാര്‍ജ് വാങ്ങി ഒഴിയുകയായിരുന്നു. ഒരാഴ്ച്ച മുമ്പ് നൂറോളം പേരെ പ്രവേശിപ്പിച്ച ആശുപത്രിയിലിപ്പോള്‍ രണ്ട് രോഗികള്‍ മാത്രമാണുളളത്.

Top