മുല്ലപ്പള്ളി രാമചന്ദ്രന് പിന്തുണയുമായി കെപിസിസി ഉപാധ്യക്ഷന്‍ ടി സിദ്ദിഖ്.പ്രതിപക്ഷ നേതാവോ മറ്റു കോണ്‍ഗ്രസ് നേതാക്കളോ മുല്ലപ്പള്ളിയെ പിന്തുണച്ചില്ല.

കോഴിക്കോട്: ആരോഗ്യ മന്ത്രി കെ.കെ ഷൈലജയ്ക്കെതിരായ പരാമർശത്തിൽ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് പിന്തുണയുമായി കെപിസിസി ഉപാധ്യക്ഷന്‍ ടി സിദ്ദിഖ് . നിപ്പ വൈറസ് ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷിനെ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിളിച്ചിരുന്നുവെന്ന് ടി സിദ്ദീഖ്. ഫോണ്‍ ചെയ്തത് തന്റെ സാന്നിധ്യത്തിലായിരുന്നുവെന്നും സിദ്ദീഖ് പറഞ്ഞു. മരണം നടന്ന തൊട്ടടുത്ത ദിവസം ഞാനും കോണ്‍ഗ്രസ് നേതാവ് ജിതേഷും അവരുടെ വീട്ടില്‍ പോയിരുന്നുവെന്നും സിദ്ദീഖ് വ്യക്തമാക്കി.പ്രതിപക്ഷ നേതാവോ മറ്റു കോണ്‍ഗ്രസ് നേതാക്കളോ മുല്ലപ്പള്ളിയെ പിന്തുണയ്ക്കാൻ മടിക്കുന്നതിനിടയിലാണ് സിദ്ദിഖ് രംഗത്തെത്തിയത്.

സൈബര്‍ സഖാക്കളെ ഉപയോഗിച്ച് സിപിഎം മുല്ലപ്പള്ളിയെ തെറിപറയുകയാണെന്നാണ് സിദ്ദിഖിന്‍റെ ആരോപണം. മുല്ലപ്പള്ളി ഉപയോഗിച്ച രാജകുമാരി, റാണി എന്നീ വാക്കുകൾ അസഭ്യമല്ല. എന്നാല്‍ മുന്‍കാലങ്ങളില്‍ സിപിഎം നേതാക്കളാണ് സ്ത്രീകള്‍ക്കെതിരെ അസഭ്യപദങ്ങള്‍ ഉപയോഗിച്ചിട്ടുള്ളത്. വി എസ് നടത്തിയ അഭിസാരിക പോലുള്ള പ്രയോഗം മറന്നുപോകരുത്. കുലംകുത്തി, നികൃഷ്ട ജീവി, പരനാറി തുടങ്ങിയ വാക്കുകൾ അസഭ്യശബ്ദതാരാവലിയിലേക്ക് പിണറായി വിജയനാണ് സംഭാവന ചെയ്തതെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടി.

മാന്യതയോടെ സംസാരിച്ച മുല്ലപ്പള്ളിയെ സിപിഎം ഒറ്റ തിരിഞ്ഞാക്രമിക്കുകയാണ്. ലിനി മരിച്ചതിന്‍റെ പിറ്റേദിവസം ചെമ്പനോടയിലെ വീട്ടില്‍ ആദ്യമെത്തിയ രാഷ്ട്രീയ നേതാവ് താനായിരുന്നു. പ്രാദേശിക നേതാവ് ജിതേഷിന്‍റെ ഫോണിലാണ് മുല്ലപ്പള്ളി സജീഷുമായി സംസാരിച്ചത്. ഇക്കാര്യം സജീഷ് മറന്നുപോയതാണെങ്കിൽ പരാതിയില്ല. എന്നാല്‍ ഓർമ സി പി എമ്മിന് പണയം വച്ചെങ്കിൽ ഇക്കാര്യം ഓർമപ്പെടുത്തുകയാണെന്നും സിദ്ദിഖ് പറഞ്ഞു.

ഗസ്റ്റ് റോളില്‍ പോലും മുല്ലപ്പള്ളി ഉണ്ടായിരുന്നില്ലെന്ന പരാമര്‍ശം സജീഷ് സ്വന്തം നിലയ്ക്ക് നടത്തിയതല്ലെന്നും അത് സിപിഎമ്മിന്‍റെ ഭാഷയാണെന്നും ആരോപണമുണ്ട്. ലിനിയുടെ കുടുംബം സർക്കാർ ഏറ്റെടുക്കണമെന്നും കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകണമെന്നും ആദ്യം ആവശ്യപ്പെട്ടത് കോൺഗ്രസാണ്. മന്ത്രിമാരായ ശൈലജ ടീച്ചറും ടിപി രാമകൃഷ്ണനും വന്ന തീയതി സജീഷ് പറയണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു.


സജീഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റും മാധ്യമങ്ങളിലെ പരാമര്‍ശവും സിപിഎമ്മിന് വേണ്ടിയാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. സർക്കാർ ജീവനക്കാരനായ സജീഷ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോക്കോൾ പാലിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.​ സജീഷ് ജോലി ചെയ്യുന്ന പി എച്ച് സിയിലേക്ക് നടത്തിയ മാർച്ച് സ്വാഭാവിക പ്രതികരണമാണെന്ന് സിദ്ധിഖ് പറഞ്ഞു.

ജിതേഷിന്റെ ഫോണിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സജീഷുമായി സംസാരിച്ചത്. മുല്ലപ്പള്ളി വിളിച്ച കാര്യം മറന്നതാണെങ്കില്‍ ഒന്നും പറയുന്നില്ല. അതല്ല, സജീഷ് ഓര്‍മ സിപിഎമ്മിന് പണയം വച്ച് രാഷ്ട്രീയം കളിക്കുകയാണെങ്കില്‍ രീഷ്ട്രീയമായി നേരിടും. ആരോഗ്യ മന്ത്രിയെ കുറിച്ച് നടത്തിയ പ്രസ്താവനയുടെ പേരില്‍ മുല്ലപ്പള്ളിയെ ഒറ്റതിരിഞ്ഞ് ആക്രമണിക്കാന്‍ അനുവദിക്കില്ലെന്നും ടി സിദ്ദീഖ് പറഞ്ഞു.

താന്‍ അന്ന് സജീഷിനെ വിളിച്ചിരുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കി. ഫോണില്‍ പോലും വിളിച്ചില്ല എന്ന ആക്ഷേപം ശരിയല്ല. മനസാക്ഷിയെ മറച്ചുവച്ചാണ് സജീഷ് സംസാരിക്കുന്നത്. ജിതേഷ് മുതുകാട് വഴിയാണ് വിളിച്ചത്. താങ്കളാണ് ആദ്യം വിളിക്കുന്നത് എന്നാണ് അന്ന് സജീഷ് പറഞ്ഞത്. ഇത് നിഷേധിക്കുകയാണെങ്കില്‍ മനസാക്ഷിയെ വഞ്ചിക്കലാണ്. ഇത്ര മാത്രമേ വിനീതമായി പറയാനുള്ളൂ എന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

മുല്ലപ്പള്ളി വിളിച്ചിരുന്നുവെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം ജിതേഷ് മുതുകാടും പറഞ്ഞു. വടകര എംപിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒരു ഗസ്റ്റ് റോളില്‍ പോലും എത്തി ആശ്വാസ വാക്ക് അറിയിച്ചില്ലെന്നായിരുന്നു സജീഷിന്റെ ആരോപണം. മുല്ലപ്പള്ളിയെ വിമര്‍ശിച്ച സജീഷിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. അദ്ദേഹം ജോലി ചെയ്യുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

Top