തിരുവനന്തപുരം: പൊലീസിന്റെ വെടിയുണ്ടകള്‍ കാണാതായ കേസില്‍ എസ്‌ഐയെ അറസ്റ്റ് ചെയ്തു. കാണാതായ കാട്രിഡ്ജുകള്‍ക്ക് പകരം വ്യാജ കാട്രിഡ്ജുകള്‍ വെച്ചതിനാണ് എസ്‌ഐ റെജി ബാലചന്ദ്രനെ അറസ്റ്റ് ചെയ്തത്. റെജിയെ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.അടൂർ കെ.എ.പി ബറ്റാലിയനിലെ ട്രെയിനർ എസ്.ഐയായ റെജി, സംഭവം നടക്കുമ്പോൾ പേരൂർക്കട എസ്.എ.പി ക്യാമ്പിലെ ക്വാർട്ടർ മാസ്റ്ററായിരുന്നു. വെടിയുണ്ട കാണാതായ സംഭവത്തിൽ പേരൂർക്കട പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ 11 പ്രതികളിൽ ഒമ്പതാം പ്രതിയാണ്.
2014 മേയിൽ തിരുവനന്തപുരം എസ്.എ.പിയിലെ ക്വാർട്ടർ മാസ്റ്ററായിരിക്കെയാണ് , 350 ഡ്രിൽ കാർട്രിജുകൾ കാണുന്നില്ലെന്ന് റെജി ബാലചന്ദ്രൻ മനസിലാക്കിയത്. രണ്ട് മാസത്തിന് ശേഷം 350 കൃത്രിമ ഡ്രിൽ കാട്രിജുകൾ വ്യാജമായി നിർമ്മിച്ച് ക്വാർട്ടർ ഗാർഡിൽ വച്ചു. വ്യാജ കാട്രിജുകൾ നിർമ്മിക്കുന്നതിനും, വെടിയുണ്ടകളും കാലി കെയ്സുകളും കാണാതായതിനും കൂട്ടുനിന്നവർക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. കൂടുതൽ പ്രതികളും അറസ്റ്റും ഉണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഇതിൽ മേലുദ്യോഗസ്ഥരുടെ പങ്കും കാണാതായ വെടിയുണ്ടകൾ തീവ്രവാദികൾക്കോ മാവോയിസ്റ്റുകൾക്കോ ലഭിച്ചിട്ടുണ്ടോയെന്നതും ക്രൈംബ്രാഞ്ച് അന്വേഷിക്കും.
വെടിയുണ്ടകളുടെയുംകണക്കെടുക്കുംപൊലീസിൽ നിന്ന് പന്ത്രണ്ടായിരത്തിൽപ്പരം വെടിയുണ്ടകളും 25 ഇൻസാസ് തോക്കുകളും കാണാനില്ലെന്ന സി.എ.ജി റിപ്പോർട്ടിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കാൻ ഡയറക്ടർ ടോമിൻ തച്ചങ്കരി നിർദ്ദേശിച്ചത്. ഇതിന് പിന്നാലെ എസ്.എ.പി ക്യാമ്പിലെ ഇൻസാസ് തോക്കുകളുടെ കണക്ക് പരിശോധിക്കുകയും തോക്കുകളൊന്നും കാണാതായിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. ഇക്കാര്യം കോടതിയെയും അറിയിച്ചു. തുടർന്ന് വെടിയുണ്ട കാണാതായ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഈ അന്വേഷണത്തിനിടെയാണ് എസ്.എ.പി ക്യാമ്പിൽ നിന്ന് വെടിയുണ്ടകളുടെ കാലി കെയ്സുകൾ ഉരുക്കി നിർമ്മിച്ച രണ്ടരക്കിലോ ഭാരമുള്ള എസ്.എ.പിയുടെ മുദ്രയും 350 ഡമ്മി ഡ്രിൽ കാട്രിജുകളും പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കിയത്. വെടിയുണ്ടകളും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും.22 സാക്ഷികളെ ചോദ്യം ചെയ്യുകയും നിരവധി രേഖകൾ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐയെ അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്ത്, എസ്.പി എ.ഷാനവാസ് എന്നിവരുടെ മേൽനോട്ടത്തിൽ തിരുവനന്തപുരം യൂണിറ്ര് ഡിവൈ.എസ്.പി ബി.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള 15അംഗ സംഘമാണ് കേസന്വേഷിക്കുന്നത്.