ബീഡ് (മഹാരാഷ്ട്ര): അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താന്‍ മുതിരാതെ മൊബൈല്‍ കാമറകളില്‍ രംഗം പകര്‍ത്തുന്ന മനുഷ്യരെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുതുമയുള്ളതല്ല. എന്നാല്‍, ആളിക്കത്തുന്ന തീയില്‍പ്പെട്ട് ഒരു ബൈക്ക് യാത്രികന്‍ കത്തിയെരിയുമ്പോഴും സഹായഹസ്തം നീട്ടാതെ കടന്നു പോവുന്ന മറ്റു യാത്രക്കാരുടെ ഈ വീഡിയോ ആരെയും ഞെട്ടിക്കുന്നതാണ്. ഒരു മനുഷ്യന്‍ കണ്‍മുന്നില്‍ കത്തുമ്പോഴും മറ്റു യാത്രികര്‍ ഒന്നും സംഭവിക്കാത്തതുപോലെ വാഹനങ്ങളില്‍ കടന്നുപോയി.
കത്തിയെരിഞ്ഞ ബൈക്ക് യാത്രികൻ എതിരെ വന്ന മറ്റൊരു ഇരുചക്ര വാഹനത്തിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് കരുതുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടുപേരും തെറിച്ച വീണെങ്കിലും ഒരാൾ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടം നടന്നയുടൻ തീപിടിച്ച ബൈക്കിൽ നിന്ന് ദേഹത്തേക്ക് തീപടർന്നാണ് ദുരന്തമുണ്ടായതെന്ന് കരുതുന്നു.
തിരക്കുള്ള ദേശീയപാതയിൽ ജീവനുള്ള ഒരാൾ കത്തുമ്പോഴും കാൽനടക്കാരോ വാഹന യാത്രക്കാരോ സഹായത്തിനെത്തിയില്ല. നിസ്സംഗനായി നിന്ന് ദുരന്തം മുഴുവൻ വീഡിയോയിൽ ഷൂട്ട് ചെയ്ത ഒരാളായിരുന്നു മറ്റൊരു ഞെട്ടലുണ്ടാക്കുന്ന കാഴ്ച. സഹായിക്കാൻ ശ്രമിക്കാതെ സംഭവം പകർത്തിക്കൊണ്ടിരുന്ന ഇയാളുടെ വിഡിയോയിലൂടെയാണ് ദുരന്തം ലോകമറിഞ്ഞത്. എങ്കിലും ക്രൂരമായ ചെയ്തിയായിരുന്നു ഇതെന്നാണ് ഭൂരിപക്ഷം പേരുടേയും അഭിപ്രായം.
സംഭവം നടന്ന സമയത്ത് ഹൈവേയിൽ തെല്ല് തടസ്സമുണ്ടായെങ്കിലും ഗതാഗതം ഉടൻ തന്നെ സാധാരണ നിലയിലായി. ഒരു കാൽനടയാത്രക്കാരൻ പോലും അപകടത്തിൽ പെട്ടയാളെ രക്ഷിക്കാനെത്തിയില്ല എന്നതും നടുക്കമുണ്ടാക്കുന്നതാണ്.
മൃതദേഹം കത്തിക്കരിഞ്ഞതിനാൽ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ബൈക്ക് യാത്രികരിലാരെങ്കിലും ആൽക്കഹോൾ കൈവശം വെച്ചതാണോ അപകടത്തിന് കാരണമായതെന്നും പൊലീസ് പരിശോധിച്ച് വരികയാണ്. നമ്പർ പ്ളേറ്റ് പോലും പൂർണമായും കത്തിനശിച്ചതിനാൽ ഒരു തെളിവും അവശേഷിച്ചിട്ടില്ലെന്നും അപകടത്തിൽ പെട്ടയാളെ തിരിച്ചറിയുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.