വയനാട്ടില്‍ പോളിങ് കുത്തനെ ഇടിഞ്ഞു.ചേലക്കരയിൽ റെക്കോഡ് പോളിങ്..വോട്ടെടുപ്പ് സമയം അവസാനിച്ചു.

കൊച്ചി :ഉപതിരഞ്ഞെടുപ്പ് നടന്ന വയനാട്ടിലും ചേലക്കരയിലും പോളിങ് അവസാനിച്ചു. വയനാട്ടിൽ ഇത്തവണ പോളിങ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോള്‍ ചേലക്കരയിൽ മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയത്. ചേലക്കരയിലെ ബൂത്തുകളിൽ പലയിടത്തും പോളിങ് സമയം കഴിഞ്ഞശേഷവും വോട്ടര്‍മാരുടെ നീണ്ട ക്യൂവാണുള്ളത്.

വയനാട്ടില്‍ ഇതുവരെ 64.27 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇത് 73.57 ശതമാനമായിരുന്നു. ചേലക്കരയില്‍ ഇതുവരെ രേഖപ്പെടുത്തിയത് 72.29 ശതമാനം വോട്ടാണ്. മുന്‍ തിരഞ്ഞെടുപ്പില്‍ ഇത് 77.40 ശതമാനമായിരുന്നു. ചേലക്കരയിൽ വോട്ടിങ് സമയം കഴിഞ്ഞും ആളുകൾ വോട്ടുചെയ്യാൻ ക്യൂവിൽ തുടരുന്നതിനാൽ പോളിങ് ശതമാനം ഇനിയും ഉയർന്നേക്കാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സമയം കഴിഞ്ഞുവന്നവര്‍ക്ക് വോട്ട് ചെയ്യാൻ അവസരമുണ്ടാകില്ല. വയനാട്ടിൽ രാവിലെ മുതലുണ്ടായിരുന്ന പോളിങിലെ കുറവ് വൈകിട്ടും തുടര്‍ന്നു. പോളിങ് സമയം വൈകിട്ട് ആറിന് പൂര്‍ത്തിയായപ്പോഴും വയനാട്ടിലെ ബൂത്തുകളിൽ കാര്യമായ തിരക്കുണ്ടായിരുന്നില്ല. വൈകിട്ട് 6.40വരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അന്തിമ കണക്കനുസരിച്ച് വയനാട്ടിൽ 64.53ശതമാനമാണ് പോളിങ്.

ചേലക്കരയിൽ വൈകിട്ട് 6.40 വരെയുള്ള കണക്ക് പ്രകാരം 72.42 ശതമാനമാണ് പോളിങ്.ചേലക്കരയിലെ പോളിങ് ശതമാനത്തിൽ റെക്കോഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം വലിയ രീതിയിൽ ഉയര്‍ന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം മറികടന്നാണ് പുതിയ റെക്കോഡ് കുറിച്ചത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പോള് ചെയ്യപ്പെട്ടത് 1,53,673 വോട്ടുകളാണ്. എന്നാൽ, ഇന്ന് വൈകിട്ട് ആറരവരെയുള്ള കണക്ക് പ്രകാരം 1,54,356 വോട്ടുകളാണ് ചേലക്കരയിൽ ഇത്തവണ പോള്‍ ചെയ്തത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായതിനേക്കാൾ മികച്ച പോളിംഗ് ശതമാനം ചേലക്കരയിലുണ്ടായതിൽ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് മുന്നണികള്‍. വയനാട്ടിൽ വോട്ടെടുപ്പിനിടെ വൈകിട്ട് അഞ്ചരയ്ക്ക് പോളിങ് ബൂത്തിലെ വിവിപാറ്റ് യന്ത്രം തകരാറിലായെങ്കിലും പ്രശ്നം പരിഹരിച്ച് വോട്ടിങ് തുടര്‍ന്നു. സുല്‍ത്താൻ ബത്തേരി വാകേരി എച്ച്എസിലെ വിവിപാറ്റ് യന്ത്രമാണ് തകരാറിലായത്.

വയനാട്ടിൽ പോളിംഗ് ശതമാനം കുറഞ്ഞത് യുഡ‍ിഎഫിന്‍റെ ഭൂരിപക്ഷത്തെ ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. 2019 ൽ രാഹുൽ നേടിയതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം നേടും. യുഡിഎഫ് കേന്ദ്രങ്ങളിൽ പോളിംഗ് ശതമാനം കുറഞ്ഞിട്ടില്ലെന്നും എന്‍ഡിഎ, എൽഡിഎഫ് കേന്ദ്രങളിൽ വോട്ടിംഗ് ശതമാനം കുറഞ്ഞിരിക്കാമെന്നും വിഡി സതീശൻ പറഞ്ഞു.

വയനാട് ലോക്സഭ മണ്ഡലത്തിൽ യുഡിഎഫിന് ലഭിക്കേണ്ട വോട്ടുകളാണ് കുറഞ്ഞതെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് പറഞ്ഞു. രാഹുൽ ഗാന്ധി അടിച്ചേൽപ്പിച്ച തെരഞ്ഞെടുപ്പ് ആയതിനാൽ ജനം വോട്ട് ചെയ്യാൻ വിമുഖത കാട്ടി. എന്‍ഡിഎയുടെ വോട്ട് കൂട്ടുമെന്നും നവ്യ പറഞ്ഞു.

വയനാടിന്‍റെ പ്രശ്നങ്ങളിൽ രാഹുൽ ഗാന്ധി കൃത്യമായി ഇടപെട്ടില്ലെന്നും തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്നും എൽഡിഎഫ് സ്ഥാനാര്‍ത്ഥി സത്യൻ മോകേരി പറഞ്ഞു. അഞ്ച് വർഷക്കാലം എന്ത് ചെയ്തു എന്ന് ചോദിച്ചിട്ട് മറുപടി ഉണ്ടായില്ല. രാഷ്ട്രീയ വിഷയങ്ങൾ പറയാതെ വൈകാരിക തലം ഉണ്ടാക്കി വോട്ട് പിടിക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. കപ്പയും ചമ്മന്തിയും കഴിക്കുന്നു എന്നും പ്രചരണം നടത്തി. വയനാട് തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ രാഹുൽ രണ്ട് സീറ്റിൽ മത്സരിക്കുന്നത് മറച്ചുവെച്ചു.

ജനവഞ്ചനയാണ് രാഹുൽ ചെയ്തത്. ഇതൊക്കെ എൽഡിഎഫ് മണ്ഡലത്തിൽ ചർച്ചയാക്കി. ബി ജെ പി ക്കെതിരെ ഒരു അക്ഷരം പറഞ്ഞില്ല. ദുർബലനായ സ്ഥാനാർത്ഥി എന്ന് വരെ എന്ന് ചിലർ വിളിച്ചു. പണമില്ലാത്തത് കൊണ്ടാണ് അങ്ങനെ വിശേഷിപ്പിച്ചത്. ഇതൊക്കെ തെരഞ്ഞെടപ്പിൽ പ്രതിഫലിച്ചു. 2014 ലെ പാറ്റേണിലെ മത്സരം ആവർത്തിക്കും. എത്ര വോട്ടിന് ജയിക്കുമെന്ന് ഇപ്പോൾ പറയുന്നില്ലെന്നും സത്യൻ മോകേരി പറഞ്ഞു. ഉത്തരേന്ത്യൻ മോഡലിൽ തെരഞ്ഞെടുപ്പ് നടത്തി വിജയിക്കാമെന്ന കോൺഗ്രസ് മോഹത്തിന് തിരിച്ചടി ഏറ്റുവെന്ന് സിപിഎം നേതാവ് സി കെ ശശീന്ദ്രൻ പറഞ്ഞു.

Top