ബിജെപി പിന്നോക്കം പോകുന്നു !! പൗരത്വ ഭേദഗതി നിയമത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്തും.വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ആവശ്യം ചര്‍ച്ച ചെയ്യുമെന്ന് അമിത് ഷാ; പ്രക്ഷോഭങ്ങളിൽ അഞ്ച് മരണം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരുടെ ആവശ്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമത്തില്‍ പ്രതിപക്ഷം അനാവശ്യ തെറ്റിദ്ധാരണ പരത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റാഞ്ചിയിലെ പൊതു യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ ഉള്‍പ്പെടെ മന്ത്രിമാര്‍ തന്നെ സമീപിച്ചിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്നാവശ്യപ്പെട്ടാണ് അവര്‍ സമീപിച്ചതെന്നും അമിത് ഷാ സൂചിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൗരത്വ ബില്ലില്‍ പ്രശ്്‌നങ്ങളില്ല. ക്രിസ്മസിനു ശേഷം കൂടിക്കാഴ്ച നടത്താമെന്നും വിഷയത്തില്‍ പരിഹാരം ഉണ്ടാകുമെന്നും മേഘാലയ സര്‍ക്കാരിന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു.അസമിലേയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടേയും അവകാശങ്ങളെ തട്ടിയെടുക്കില്ലെന്ന് നേരത്തെ പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. സംസ്‌ക്കാരം, ഭാഷ, സാമൂഹിക സ്വത്വം, രാഷ്ട്രീയ അവകാശങ്ങള്‍ എന്നിവ സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

അതേസമയം പൗരത്വനിയമത്തിനെതിരെ അസമില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. പൊലീസ് വെടിവയ്പില്‍ പരുക്കേറ്റയാളാണ് മരിച്ചത്. വിഡിയോ റിപ്പോർട്ട് കാണാം. അതേസമയം പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം ശക്തമായിരിക്കെ അസം മുഖ്യമന്ത്രി സർബാനന്ദ സോണാവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തും. ഗുവാഹത്തിയിൽ ചേർന്ന ബി.ജെ.പി എംപിമാരുടെയും എം.എൽ.എമാരുടെയും യോഗത്തിലാണ് പ്രധാനമന്ത്രിയെ സ്ഥിതി നേരിട്ട് ബോധ്യപ്പെടുത്താൻ തീരുമാനിച്ചത്. സോണിത്പുരിൽ ടാങ്കർ ലോറി പ്രതിഷേധക്കാർ തീയിട്ട സംഭവത്തിൽ ഡ്രൈവർ കൊല്ലപ്പെട്ടു. നിയമഭേദഗതിക്കെതിരെ അസമിലെ സർക്കാർ ജീവനക്കാർ ബുധനാഴ്ച പണിമുടക്കും. ബംഗാളിലും സംഘർഷത്തിന് അയവുവന്നിട്ടില്ല. ബംഗാളിൽ ഇന്നലെ മാത്രം അഞ്ചു ട്രെയിനുകളും മൂന്നുറെയിൽവേ സ്റ്റേഷനുകളും 25 ബസുകളുമാണ് പ്രക്ഷോഭകർ തീയിട്ടത്.

Top