രാജ്യത്തെ നടുക്കിയ ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ വ്യാജ പ്രചരണം നടത്തിയതിന് മാധ്യമപ്രവര്‍ത്തകനായ എന്‍. മാധവന്‍കുട്ടിക്കെതിരെ കേസ്. നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാറിനെയും വിമര്‍ശിച്ച് ഫെയ്സ്ബുക്കില്‍ ഗൂഢാലോചനാ തീറിയുമായി രംഗത്തെത്തിയതാണ് മാധവന്‍കുട്ടിക്ക് വിനയായത്. സാമൂഹ്യപ്രവര്‍ത്തകനായ മാര്‍ട്ടിന്‍ മേനാഞ്ചേരിയാണ് കൊച്ചി സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്. മാധവന്‍കുട്ടിയുടെ പോസ്റ്റ് തീവ്രവാദികളെ പിന്തുണയ്ക്കുന്നതാണെന്ന് പരാതിയില്‍ പറയുന്നു.
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും അവഗണിച്ചാണ് മാധവന്‍കുട്ടിയുടെ പോസ്റ്റ്. ബിഹാര്‍ തിരഞ്ഞെടുപ്പിനു മുന്‍പായി വോട്ടര്‍മാരെ ധ്രുവീകരിക്കാനുള്ള നീക്കമാണിതെന്നായിരുന്നു ദേശാഭിമാനിയുടെ മുന്‍ റെസിഡന്റ് എഡിറ്ററായിരുന്ന അദ്ദേഹത്തിന്റെ ആരോപണം.
”ബിഹാറിലെ ഒന്നാം റൗണ്ട് തിരഞ്ഞെടുപ്പില്‍ ഹിന്ദു-മുസ്ലീം വോട്ടുകള്‍ ധ്രുവീകരി ക്കാനുള്ള ശ്രമം അമ്പേ പൊളിഞ്ഞു. രണ്ടാം റൗണ്ടില്‍ അതിനു കഴിയുമോ എന്ന തല്‍പരകക്ഷികളുടെ പരിശ്രമത്തിന്റെ ഭാഗമാണിത്.” എന്നായിരുന്നു പോസ്റ്റ്.
പ്രമുഖ ഇംഗ്ലീഷ് പത്രത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മാധവന്‍കുട്ടി എത്തിക്സ് ഇല്ലാത്ത മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് അറിയപ്പെടുന്നത്. ലീലാ മേനോന്‍ ഉള്‍പ്പെടെ സഹപ്രവര്‍ത്തകരെ പുകച്ചു പുറത്താക്കാന്‍ പണി എടുത്തുവെന്നതല്ലാതെ മാധ്യമരംഗത്ത് വലിയ സംഭാവനയൊന്നും ചെയ്യാത്ത മാധവന്‍കുട്ടി, ശ്രദ്ധ കിട്ടാന്‍ എന്തും ചെയ്യുന്നയാളാണെന്നാണ് വിലയിരുത്തല്‍.
സിപിഎം ആഭ്യന്തര സംഘര്‍ഷകാലത്ത് ചാനല്‍ ചര്‍ച്ചകളില്‍ വന്ന് വി.എസ്. അച്ചുതാനന്ദനെ അടച്ചാക്ഷേപിക്കുന്നതായിരുന്നു ഹോബി. രാജ്യസഭാ സീറ്റിന് വേണ്ടിയായിരുന്നു പിണറായിയെ വല്ലാതെ തള്ളിമറിച്ചതെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം മനസ്സിലായി. രാജ്യസഭാ സീറ്റ് പോയിട്ട് ഉപദേശക പദവി പോലും കിട്ടിയില്ല. അതോടെ പിണറായി ഭക്തി വിട്ടു. തുടര്‍ന്ന് ദേശാഭിമാനിയുടെ കസേരയും ഒഴിയേണ്ടി വന്നു.
ഡല്‍ഹിയില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പോലും മനസ്സിലാക്കും മുന്‍പേ ഗൂഢാലോചന തീറിയുമായി രംഗത്തെത്തിയ ഒരിക്കല്‍കൂടി തന്റെ അല്പത്വം കാണിച്ചിരിക്കുകയാണ് മാധവന്‍കുട്ടി.


