ന്യൂഡല്‍ഹി: സി.ബി.ഐയിലെ തമ്മിലടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇടപെടുന്നു. കൈക്കൂലി വാങ്ങിയെന്ന കേസില്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരെ തന്നെ സി.ബി.ഐ കേസെടുത്ത സാഹചര്യത്തില്‍ സി.ബി.ഐ ഉന്നതോദ്യോഗസ്ഥരെ പ്രധാനമന്ത്രി വിളിച്ചുവരുത്തി. സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മയേയും രാകേഷ് അസ്താനയേയുമാണ് പ്രധാനമന്ത്രി വിളിച്ചു വരുത്തിയത്.സിബിഐയിലെ ആഭ്യന്തരകലഹത്തെ തുടര്‍ന്നാണ് നടപടി. സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെയും വിളിപ്പിച്ചു.
രാകേഷ് അസ്താനയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് മുമ്പ് അനുമതി തേടിയില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് കുറ്റപ്പെടുത്തി. അസ്താനയ്‌ക്കെതിരെ നടപടി എടുക്കാന്‍ സര്‍ക്കാരിന്റെ അനുമതി തേടണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. രാകേഷ് അസ്താനയും അലോക് വര്‍മയും തമ്മില്‍ നാളുകളായി ചേരിപ്പോര് നിലനില്‍ക്കുകയാണ്.അലോക് വര്‍മയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് രാകേഷ് അസ്താന സര്‍ക്കാരിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെ അസ്താനയ്‌ക്കൊപ്പം ജോലി ചെയ്തിരുന്ന സി.ബി.ഐ ഉദ്യോഗസ്ഥന്‍ ദേവേന്ദര്‍ കുമാറിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ വ്യവസായി സതീഷ് സനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അസ്താനയ്‌ക്കെതിരെ കേസെടുത്തത്.
രാകേഷ് അസ്താനയെ പ്രതിചേര്‍ത്ത് സിബിഎെ തന്നെ കേസെടുത്തത് മോദി സര്‍ക്കാരിനെതിരായ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. അഴിമതിക്കേസില്‍ കുടുങ്ങിയ സിബിഐ ഉന്നത ഉദ്യോഗസ്ഥന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണിലുണ്ണിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഗോധ്ര കലാപം അന്വേഷിച്ച ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥനായ രാകേഷ് അസ്താന സിബിെഎയിലെ രണ്ടാമനായി നുഴഞ്ഞുകയറുകയായിരുന്നു. ആഭ്യന്തര കലഹങ്ങള്‍ മൂലം സിബിഐ തകര്‍ച്ചയുടെ വക്കിലാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു.
വിവാദ മാംസവ്യാപാരി മൊയിൻ അഖ്തർ ഖുറേഷിയിൽനിന്നു 2 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് രാകേഷ് അസ്താനയെ സിബിഐ പ്രതിചേർത്തത്. ചാരസംഘടനയായ ‘റോ’യിലെ രണ്ടാമൻ സാമന്ത് കുമാർ ഗോയലും കേസിൽ പ്രതിയാണ്.അസ്താനയും ഖുറേഷിയുമായുള്ള ഇടപാടിന് കൂട്ടുനിന്നുവെന്നതാണ് സാമന്തിനെതിരെയുള്ള ആരോപണം. കോഴപ്പണം കൈമാറിയ മനോജ് എന്നയാളെയും സിബിഐ അറസ്റ്റ് ചെയ്തു.