കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കും; കൊലപാതകമാണെന്ന സഹോദരന്റെ പരാതിയിലാണ് നടപടി

തിരുവനന്തപുരം: കലാഭവന്‍ മണിയുടെ മരണം സിബി ഐ അന്വേഷിക്കും. ഇതു സംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി.അന്വേഷണം സിബിഐക്കു വിടാന്‍ ഡിജിപി ലോകനാഥ് ബെഹ്‌റയാണു ശുപാര്‍ശ ചെയ്തത്. അന്വേഷണം അന്തിമഘട്ടത്തിലേക്കു നീങ്ങുമ്പോഴാണു സിബിഐയെ കേസ് അന്വേഷണം ഏല്‍പ്പിക്കാനുള്ള തീരുമാനം.

എസ്പി ഉണ്ണിരാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് മണിയുടെ മരണത്തെ കുറിച്ച് അന്വേഷണം നടത്തി വന്നത്. ഇതുവരെ മരണത്തിന്റെ കാരണം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. മാത്രമല്ല, മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണും മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. ഇതോടെയാണ് കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹൈദരാബാദ് ഫോറന്‍സിക് ലാബില്‍ നടത്തിയ ആന്തരികാവയവങ്ങളുടെ രാസപരിശോധനയില്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ (മീഥൈല്‍ ആല്‍ക്കഹോള്‍ ) അംശം ഹാനികരമായ അളവിലില്ല എന്ന് കണ്ടെത്തിയിരുന്നു. മെഥനോളും, ക്‌ളോര്‍ പൈറിഫോസും കാക്കനാട് ലാബിലെ പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തു. എന്നാല്‍, കീടനാശിനിയായ ക്ലോര്‍പൈറിഫോസിന്റെ അംശം ഹൈദരാബാദില്‍ കണ്ടെത്തിയതുമില്ല.

ഈ സാഹചര്യത്തില്‍ മരണത്തില്‍ അസ്വാഭാവികതയില്ല എന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. ഇതോടെയാണ് മണിയുടെ സഹോദരന്‍ പരാതിയുമായി മുഖ്യമന്ത്രിയെ കണ്ടത്. മണിയുടേത് ആസൂത്രിതമായ കൊലപാതകമാണ്. കോടിക്കണക്കിന് രൂപയാണ് ജ്യേഷ്ഠന് പലരില്‍ നിന്നും കിട്ടാനുള്ളത്. അതു ചോദിച്ചതിന്റെ വൈരാഗ്യമാകാം കൊലയ്ക്ക് പിന്നിലെന്നാണ് രാമകൃഷ്ണന്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാരും സിബി ഐ അന്വേഷണത്തിലേയ്ക്ക് കാര്യങ്ങള്‍ നീക്കിയത്.

Top