സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജവാര്‍ത്തകൾക്കെതിരെ കേന്ദ്രം; കര്‍ശന നടപടിക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജവാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. രാജ്യസുരക്ഷയ്ക്കും, സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും കലാപങ്ങള്‍ക്കും കാരണമാകുന്ന തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ക്കെതിരെയാണ് സര്‍ക്കാര്‍ നിലപാടെടുക്കുന്നത്. പ്രമുഖ സാമൂഹ്യ മാധ്യമങ്ങളായ ഗൂഗിള്‍, ട്വിറ്റര്‍, വാട്സ്ആപ്പ് തുടങ്ങിയവയുടെ പ്രതിനിധികളുമായി ആഭ്യന്തര മന്ത്രാലയം വിളിച്ചുചേര്‍ത്ത യോഗത്തിലാണ് സര്‍ക്കാര്‍ ഈ നിര്‍ദേശം നല്‍കിയത്.

ഇതിന് പുറമെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അന്വേഷണ ആവശ്യങ്ങള്‍ക്ക് കൃത്യമായ വിവരങ്ങള്‍ കൈമാറാനാവശ്യമായ സംവിധാനം തയ്യാറാക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ കമ്പനികളോടാണ് സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ രാജ്യത്ത് സമീപകാലത്ത് വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഈ സര്‍ക്കാര്‍ ഈ യോഗം വിളിച്ചത്.

സാമൂഹിക മാധ്യമങ്ങള്‍ വഴി വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതും, കലാപാഹ്വാനങ്ങള്‍ പ്രചരിപ്പിക്കലും സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളും വര്‍ദ്ധിക്കുകയാണ്. എന്നാല്‍ ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവരെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ കൈമാറാന്‍ പല കമ്പനികളും തയ്യാറാവുന്നില്ല. പല സാമൂഹിക മാധ്യമ കമ്പനികളുടെയും ആസ്ഥാനങ്ങള്‍ രാജ്യത്ത് പുറത്തായതിനാല്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ക്കും പരിമിതിയുണ്ട്. ഇത് ഇത്തരം സംഭവങ്ങളിലുള്ള നടപടികള്‍ വൈകിപ്പിക്കുകയാണ്.

ഇത്തരത്തില്‍ തങ്ങളുടെ ഇടങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരായ സര്‍ക്കാര്‍ നടപടികളുമായി സഹകരിക്കുമെന്നും അവ തടയാനുള്ള സംവിധാനങ്ങളള്‍ ആരംഭിക്കുമെന്നും കമ്പനികള്‍ പ്രതികരിച്ചു. യോഗത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗഭ സാമൂഹിക മാധ്യമങ്ങളിലെ ഇത്തരം ദുരുപയോഗങ്ങള്‍ അതത് സമയങ്ങളില്‍ കണ്ടെത്താനുള്ള ഒരു നിരീക്ഷണ സംവിധാനങ്ങള്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെടുകതയുണ്ടായി.

ഗൂഗിള്‍, ട്വിറ്റര്‍, ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, യൂടൂബ്, ഇന്‍സ്റ്റാഗ്രാം എന്നീ കമ്പനി പ്രതിനിധികള്‍ ഈ യോഗത്തില്‍ പങ്കെടുത്തു. ഇവര്‍ക്ക് പുറമെ കേന്ദ്ര ടെലികോം മന്ത്രാലയത്തിലെയും വിവിധ സര്‍ക്കാര്‍ സുരക്ഷാ ഏജന്‍സികളിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ഇത്തരം ദുരുപയോഗങ്ങള്‍ക്കെതിരെ കമ്പനികള്‍ എടുക്കുന്ന നടപടികള്‍ വിലയിരുത്താനും യോഗത്തില്‍ തീരുമാനമുണ്ടായി. സര്‍ക്കാര്‍ നടപടികളുമായി പൂര്‍ണമായി സഹകരിക്കുമെന്ന് കമ്പനി പ്രതിനിതികള്‍ യോഗത്തില്‍ ഉറപ്പു നല്‍കി.

Top