ന്യൂഡല്‍ഹി: രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ എഫ്‌സിആര്‍എ (ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട്) ലൈസന്‍സ് റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍. കോൺഗ്രസ് ബന്ധമുള്ള സന്നദ്ധ സംഘടനകളുടെ വിദേശ സംഭാവന സ്വീകരിക്കാനുള്ള ലൈസൻസ് റദ്ദാക്കിയത് കോൺഗ്രസിന് വലിയ തിരിച്ചടിയാണ് .വിദേശ ഫണ്ട് സ്വീകരിക്കുന്നതില്‍ ക്രമക്കേട് ആരോപിച്ചാണ് നടപടി. ഇനി സംഘടനകള്‍ക്ക് ഫണ്ട് സ്വീകരിക്കാനാവില്ല. തുടര്‍ അന്വേഷണം സിബിഐക്ക് കൈമാറിയേക്കുമെന്നാണ് സൂചന.
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി മേധാവിയായ രാജീവ് ഗാന്ധി ഫൗണ്ടേഷനില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി, ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി, മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം എന്നിവര്‍ അംഗങ്ങളാണ്. സോണിയ തന്നെയാണ് രാഹുല്‍ ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന്റേയും മേധാവി. രാഹുല്‍ഗാന്ധി, രാജ്യസഭാ മുന്‍ എംപി അശോക് എസ് ഗാംഗുലി എന്നിവരും അംഗങ്ങളാണ്.
എഫ്സിആർഎ ലൈസൻസ് റദ്ദാക്കിയ വിവരം അറിയിച്ചുകൊണ്ടുള്ള നോട്ടീസ് രാജീവ് ഗാന്ധി ഫൗണ്ടേഷൻ ഭാരവാഹികൾക്ക് അയച്ചിട്ടുണ്ട്. 2020 ജൂലൈയിൽ ഇതുസംബന്ധിച്ച് അന്വേഷിക്കാൻ കേന്ദ്രസർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഫൗണ്ടേഷൻ റദ്ദാക്കാനുള്ള തീരുമാനം എടുത്തതെന്നാണ് കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്.
2020 ല്‍ ആഭ്യന്തര മന്ത്രാലയം ചുമതലപ്പെടുത്തിയ ഇന്റര്‍ മിനിസ്റ്റീരിയല്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 1991ല്‍ സ്ഥാപിതമായ ആര്‍ജിഎഫ്, 1991 മുതല്‍ 2009 വരെ ആരോഗ്യം, ശാസ്ത്രം, സാങ്കേതിക വിദ്യ, സ്ത്രീകളുടേയും കുട്ടികളുടേയും വിഷയം തുടങ്ങി മേഖലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്.ഫൗണ്ടേഷന് ചൈനീസ് സാമ്പത്തിക സഹായം ലഭിച്ചിരുന്നുവെന്ന് നേരത്ത് ബിജെപി ആരോപിച്ചിരുന്നു. വിവാദ രത്‌ന വ്യാപാരി മെഹുല്‍ ചോക്‌സിയില്‍ നിന്നും പണം സ്വീകരിച്ചു, യുപിഎ ഭരണകാലത്ത് പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം വക മാറ്റി തുടങ്ങിയ ആരോപണങ്ങളാണ് ബിജെപി ഉയര്‍ത്തിയത്.