മോദി സർക്കാരിനെതിരെ രാജ്ദീപ് സർദേശായി രംഗത്ത് !മാധ്യമങ്ങളെ വരുതിക്ക് നിര്‍ത്താനുള്ള തന്ത്രമെന്ന് കോടിയേരി.

ന്യൂഡൽഹി: മലയാളത്തിലെ വാർത്താ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണ്ണിനും വെള്ളിയാഴ്ച വൈകുന്നേരം മുതൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം രണ്ടുദിവസത്തെ സംപ്രേക്ഷണ വിലക്കേർപ്പെടുത്തിയിരുന്നു. വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിന്റെ സംപ്രേക്ഷണവുമായി ബന്ധപ്പെട്ടാണ് നടപടി വന്നത്.വർഗീയ പരാമർശമുള്ളതും കലാപത്തിന് പ്രോത്സാഹനം നൽകുന്നതുമായ ഉള്ളടക്കം സംപ്രേക്ഷണം ചെയ്യുന്നത് വിലക്കുന്ന 1994ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമത്തിലെ ആറ്(1)സി, ആറ് (1) ഇ ചട്ടങ്ങൾ പ്രകാരമാണ് നടപടി. കലാപവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങൾക്ക് മന്ത്രാലയം ഫെബ്രുവരി 25ന് നൽകിയ മാർഗനിർദ്ദേശം ലംഘിച്ചെന്നും ഉത്തരവിൽ പറയുന്നുണ്ട്.

ഈ വാർത്താ ചാനലുകളെ വിലക്കിയ സംഭവത്തിൽ പ്രതികരണവുമായി പ്രമുഖ മാദ്ധ്യമപ്രവർത്തകനും ഇന്ത്യ ടുഡേ കൺസൾട്ടിംഗ് എഡിറ്ററുമായ രാജ്ദീപ് സർദേശായി. ‘കേന്ദ്ര സർക്കാരിന്റെ കുഴലൂത്തുകാരായി പ്രവർത്തിക്കുന്ന മാദ്ധ്യമങ്ങൾക്ക് എതിരെ നടപടിയൊന്നുമില്ലേ?’ എന്നാണ്‌ അദ്ദേഹം ട്വിറ്റർ വഴി ചോദിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചാനലുകൾക്ക് മേൽ നിരോധനം ഏർപ്പെടുത്തണമോ അവരെ സെൻഷ്വർ ചെയ്യണമോ എന്നുള്ള തീരുമാനങ്ങൾ ഒരിക്കലും സർക്കാരിനോ ഉദ്യോഗസ്ഥർക്കോ വിടാൻ പാടില്ലെന്നും സർദേശായി ചൂണ്ടിക്കാട്ടി. യു.കെയിലെ ‘ഒഫ്‌കോംമി’ന് സമാനമായ രീതിയിൽ, പ്രൊഫഷണലുകൾ നയിക്കുന്ന സ്ഥാപനങ്ങൾ, സുതാര്യമായ രീതിയിലൂടെ വേണം അത്തരം തീരുമാനങ്ങൾ കൈക്കൊള്ളാൻ എന്നും അദ്ദേഹം തന്റെ ട്വീറ്റിൽ പറഞ്ഞു. നമ്മുടെ ജീവിതത്തിൽ, ‘വളർത്തമ്മ സർക്കാരി’ന്റെ സാന്നിദ്ധ്യം അവസാനിക്കേണ്ടതാണെന്നും അദ്ദേഹം പറയുന്നു.

അതേസമയം ഏഷ്യാനെറ്റ് ന്യൂസിനെയും മീഡിയ വണ്ണിനെയും 48 മണിക്കൂര്‍ നേരത്തേക്ക് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം കത്തുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുതല്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വരെ കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം മാധ്യമങ്ങളെ വരുതിക്ക് നിര്‍ത്താനുള്ള തന്ത്രമെന്നാണ് കോടിയേരി സംപ്രേഷണ വിലക്കിനെ കുറിച്ച് പ്രതികരിച്ചത്. സോഷ്യല്‍ മീഡിയയിലും വലിയ രീതിയിലുള്ള പ്രതിഷേധം മോദി സര്‍ക്കാരിനെതിരെ അരങ്ങേറുന്നുണ്ട്. ദില്ലി കലാപത്തില്‍ പല രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിച്ച വലതുപക്ഷ, ഭരണകൂട അനുകൂല ചാനലുകളുടെ പേരിലൊന്നും നടപടി എന്തുകൊണ്ടില്ലെന്നാണ് പലരുടെയും ചോദ്യം.

മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താനുള്ള ഹീനമായ തന്ത്രമാണിതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ദില്ലിയില്‍ അക്രമം നടത്തിയ വര്‍ഗീയ ശക്തികള്‍ക്ക് എതിരെയോ, നിഷ്‌ക്രിയത്വം പാലിച്ച ദില്ലി പോലീസിനെതിരെയോ ചെറുവിരല്‍ അനക്കാത്തവര്‍ ആണ് മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ഇത്തരം നടപടി ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല. കേന്ദ്ര സര്‍ക്കാരിന്റേത് ഫാഷിസ്റ്റ് നടപടിയാണെന്നും കോടിയേരി പറഞ്ഞു.

Top