ഗുവാഹത്തി: ക്രൂരമായ പീഡന പരമ്പരയ്ക്ക് എന്നാണൊരു അവസാനം. വീണ്ടും ദയനീയമായ വാര്‍ത്തയാണ് കേള്‍ക്കുന്നത്. അസമില്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായി. ഒരു സംഘം യുവാക്കള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. ടിന്‍സുകിയ ജില്ലയിലെ മാര്‍ഗ്രിറ്റ എന്ന സ്ഥലത്താണ് സംഭവം.
കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിച്ച് പുഴയിലെറിഞ്ഞു. കഴിഞ്ഞ മാസം 28 നാണ് ചാംപയെ കാണാതായത്. ബ്യൂട്ടിപാര്‍ലറില്‍ ജോലി ചെയ്യുന്ന മകളെ കാണാനില്ല എന്നു കാണിച്ച് ചംപയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മെയ് 3 ന് ലാമ ഗോണിന് സമീപത്തെ ദിഹിംഗ് നദിയില്‍ നിന്നും പാതി കത്തിക്കരിഞ്ഞ നിലയില്‍ ചാംബയുടെ മൃതദേഹം കണ്ടെത്തിയത്.
ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കുന്നതിന് വേണ്ടിയാണ് പ്രതികള്‍ മൃതദേഹം കത്തിച്ചത്. എന്നാല്‍ കത്തിച്ചുകളയാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ പാതികത്തിയ മൃതദേഹം നദിയില്‍ വലിച്ചെറിയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ബിശ്വജിത്ത് ചേത്രി, മൊയ്നുള്‍ അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അതിനിടെ പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെച്ച് വിവിധ സംഘടനകള്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്.