കഷ്‌ടകാലത്ത്‌ ചെല്‍സി കളിക്കാനിറങ്ങിയപ്പോള്‍ തോല്‍വി മഴ

ലണ്ടന്‍: കിരീടം നിലനിര്‍ത്താനിറങ്ങിയ ചെല്‍സിക്കും കോച്ച് ജോസെ മൗറീന്യോക്കും കഷ്ടകാലം മാറുന്നില്ല. സീസണിലെ അഞ്ചാം മത്സരത്തിനായി എവര്‍ട്ടനെതിരെയിറങ്ങിയ ചാമ്പ്യന്‍ ടീം മൂന്നാം തോല്‍വിയുമായി (3^1) പോയന്‍റ് പട്ടികയില്‍ 15ാം സ്ഥാനത്തേക്ക് മൂക്കുകുത്തി. പകരക്കാരനായിറങ്ങിയ എവര്‍ട്ടന്‍െറ സ്കോട്ടിഷ് താരം സ്റ്റീവന്‍ നയ്സ്മിത്ത് കളം നിറഞ്ഞുകളിച്ച് അടിച്ചുകൂട്ടിയ ഹാട്രിക് ഗോള്‍ മികവിലായിരുന്നു ചെല്‍സിയുടെ കൂട്ടക്കുരുതി. ചാമ്പ്യന്മാരുടെ ആശ്വാസ ഗോള്‍ 36ാം മിനിറ്റില്‍ നമാഞ്ച മാറ്റിച് നേടി.
17ാം മിനിറ്റില്‍ തകര്‍പ്പന്‍ ഹെഡര്‍ ഗോളിലൂടെയാണ് നയ്സ്മിത്ത് ചെല്‍സി വല കുലുക്കിത്തുടങ്ങിയത്. ഉടന്‍ ലീഡുയര്‍ത്തിക്കൊണ്ട് 22ാം മിനിറ്റില്‍ പെനാല്‍റ്റി ഏരിയയില്‍നിന്ന് നയ്സ്മിത്ത് രണ്ടാം ഗോള്‍ നേടി.
മറുപടിയായി ഒരു ഗോള്‍ നേടി തിരിച്ചുവരവിന് ശ്രമിച്ച മൗറീന്യോയുടെ സംഘത്തിന്‍െറ നടുവൊടിച്ച് 82ാം മിനിറ്റില്‍ നയ്സ്മിത്ത് വീണ്ടും വലകുലുക്കിയതോടെ ചാമ്പ്യന്മാരുടെ പതനം പൂര്‍ണമായി.
കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസിന്‍െറ പ്ളെയിങ് ഇലവനില്‍ ഇടമില്ലാതിരുന്ന നെയ്സ്മിത്ത് മുഹമ്മദ് ബെസിച് പരിക്കേറ്റ് പുറത്തായതോടെ ഒമ്പതാം മിനിറ്റിലാണ് പകരക്കാരനായി മൈതാനത്തത്തെുന്നത്. മൗറീന്യോയുടെ ചെല്‍സിക്കെതിരെ ഹാട്രിക് നേടുന്ന ആദ്യ പ്രീമിയര്‍ ലീഗ് താരം കൂടിയായി നെയ്സ്മിത്ത്.

എവര്‍ട്ടന്‍െറ ആക്രമണത്തേക്കാള്‍, വമ്പന്‍താരനിര അണിനിരന്നിട്ടും ചോര്‍ച്ചയടക്കാന്‍ പാടുപെട്ട ചെല്‍സി പ്രതിരോധനിരയായിരുന്നു കളിയുടെ ഹൈലൈറ്റ്. നെയ്സ്മിത്തിന്‍െറ ആദ്യ ഗോള്‍തന്നെ ചാമ്പ്യന്മാരുടെ പ്രതിരോധ പാളിച്ച തുറന്നുകാട്ടി.
എവര്‍ട്ടന്‍ താരം ഫില്‍ ജഗില്‍കയിലൂടെ സ്വന്തം പോസ്റ്റില്‍ തുടങ്ങിയ നീക്കം 19ാം ടച്ചിലൂടെ നെയ്സ്മിത്ത് ഗോളിലേക്ക് പറപ്പിക്കുന്നതിനിടെ പ്രതിരോധിക്കാന്‍ എതിരാളികളാരുമത്തെിയില്ല. മൂന്നാം തോല്‍വിയോടെ ചെല്‍സിയുടെ നില പരുങ്ങലിലായി. 1986നുശേഷം സ്റ്റാംഫോഡ് സംഘത്തിന്‍െറ ഏറ്റവും മോശം തുടക്കമായിമാറി ഈ സീസണ്‍. 29 വര്‍ഷത്തിനിടെ 15ാം സ്ഥാനത്തേക്ക് ചെല്‍സി വലിച്ചെറിയപ്പെടുന്നത് ഇതാദ്യം.
തോല്‍വിയിലെ നിരാശ കോച്ച് മൗറീന്യോയും മറച്ചുവെച്ചില്ല. ‘പോയന്‍റ് പട്ടികയിലേക്ക് നോക്കാതിരിക്കുന്നതാണ് നല്ലത്. ഞാന്‍ പരിശീലിപ്പിച്ച ഒരു ടീം ഇതാദ്യമായാണ് ഇങ്ങനെ തരംതാഴുന്നത്. പട്ടികയിലേക്ക് നോക്കുന്നില്ല. കളിക്കാരിലും പരിശീലനത്തിലുമാണ് എന്‍െറ ശ്രദ്ധ. ആഴ്സനലിനെതിരായ അടുത്ത മത്സരമാണ് ലക്ഷ്യം’ -കോച്ച് പറഞ്ഞു. പെഡ്രോ, ഡിഗോ കോസ്റ്റ, എഡിന്‍ ഹസാഡ്, ഫാബ്രിഗസ്, ജോണ്‍ ടെറി തുടങ്ങിയ പ്രമുഖര്‍ ചെല്‍സിക്കുവേണ്ടി കളിച്ചിട്ടും എവര്‍ട്ടനോട് പിടിച്ചുനില്‍ക്കാനായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇംഗ്ളണ്ടിലെ മറ്റു മത്സരങ്ങളില്‍ ആഴ്സനല്‍ സ്റ്റോക് സിറ്റിയെ 2^0ത്തിനും, മാഞ്ചസ്റ്റര്‍ സിറ്റി 1^0ത്തിന് ക്രിസ്റ്റല്‍ പാലസിനെയും തോല്‍പിച്ചു. തിയോ വാല്‍കോട്ട്, ഒലിവര്‍ ജിറോഡ് എന്നിവരാണ് ആഴ്സനലിനുവേണ്ടി വലകുലുക്കിയത്. ഇഞ്ചുറി ടൈമില്‍ കെലീചെ ഇഹനാചോയാണ് സിറ്റിയുടെ വിജയഗോള്‍ നേടിയത്. നോര്‍വിച് 3^1ന് ബേണ്‍മൗത്തിനെയും വാറ്റ്ഫോഡ് 1^0ത്തിന് സ്വാന്‍സീയെയും തോല്‍പിച്ചു.

Top