മുംബൈ: മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലെ ഷിർപൂരിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മരണം ഇരുത്തിരണ്ടായി. ഇരുപത്തഞ്ച് പേർക്ക് പരിക്കേറ്റു.നൂറോളം തൊഴിലാളികള്‍ ഫാക്ടറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.
മഹാരാഷ്ട്രയിലെ ധൂലെ ജില്ലയില്‍ ശനിയാഴ്ച രാവിലെ 9.45 ഓടെയാണ് സ്ഫോടനമുണ്ടായത്. തീ അണക്കുന്നതിനായി അഗ്നിശമന സേനാ വിഭാഗം സ്ഥലത്തെത്തിയിട്ടുണ്ട്. പൊലീസ്, ദുരന്തനിവാരണ, അഗ്നിശമന സേനയുടെ വിവിധ സംഘങ്ങൾ എന്നിവര്‍ ചേര്‍ന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്. അപകടത്തിൽപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒന്നിലധികം സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതായാണ് പ്രാഥമിക നിഗമനം.
ഷിർപൂരിലെ വഗാഡി ഗ്രാമത്തിലുളള ഫാക്ടറിയിൽ രാവിലെ പത്തു മണിയോടെയാണ് അപകടം നടന്നത്. പൊട്ടിത്തെറിച്ച ബോയിലറിന്റെ അടുത്ത് കൂടുതൽ പേർ ജോലിക്കുണ്ടായിരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. തൊഴിലാളികളുടെ കുടുംബങ്ങൾ ഫാക്ടറിക്ക് ചുറ്റുമുള്ള വീടുകളിലാണ് താമസിക്കുന്നത്. ഇവരിൽ കുട്ടികൾക്ക് ഉൾപ്പടെ പരിക്കേറ്റിട്ടുണ്ട്.
ഫാക്ടറിക്ക് അടുത്ത് ആശുപത്രിയില്ലാത്തത് രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും വിഷപുക ഉയരുന്നതിനാൽ സമീപത്തെ ആറു ഗ്രാമങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകി. മഹാരാഷ്ട്ര ഇൻഡസ്ട്രിയിൽ ഡെവലപ്പ്മെൻറ് കോർപ്പറേഷന്റെ ഫാക്ടറിയിൽ കീടനാശിനി ഉൽപ്പാദനമാണ് നടന്നിരുന്നത്.