തിരു:സമകാലീന സമൂഹം വലിയ പരിഗണന നല്കുന്ന ഒന്നാണ് കുട്ടികളുടെ സുരക്ഷ. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഹരിയാനയിലെ ഗൂര്‍ഗാവിലെ ഒരു സ്‌കൂളില്‍ നടന്ന, ഏഴു വയസ്സുള്ള കുട്ടിയുടെ ദാരുണമരണം നമ്മുടെ മനഃസാക്ഷിയെ ഉലയ്ക്കുന്ന സംഭവമാണ്. ഇത്തരത്തില്‍ കുട്ടികള്‍ അപകടത്തില്‍പ്പെടുന്നതും കാണാതാവുന്നതുമായ നിരവധി സംഭവങ്ങള്‍ രാജ്യത്തുണ്ടാകുന്നുണ്ട്. കുട്ടികളുടെ സുരക്ഷയില്‍ കൂടുതല്‍ ശ്രദ്ധയും കര്‍ശനമായ നടപടികളും വേണ്ടതിന്‍റെ ആവശ്യകതിയിലേക്കാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്.
വീടുകളിലും, വിദ്യാലയങ്ങളിലും പൊതുസ്ഥലങ്ങളിലും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നിരവധി മുന്‍കരുതല്‍ നടപടികള്‍ വേണ്ടതുണ്ട്. കുട്ടികള്‍ ഏറിയ പങ്കും ചെലവിടുന്നത് സ്‌കൂളുകളിലാണ്. സ്‌കൂളിലും സ്‌കൂള്‍ പരിസരങ്ങളിലും പൊതുവഴികളിലും സുരക്ഷിതമല്ലാത്ത ഒട്ടേറെ സാഹചര്യങ്ങളുണ്ടാവാം. ലഹരി ഉപയോഗം പോലെ കുട്ടികള്‍ അടിപ്പട്ടുപോകുന്ന ദുഃശ്ശീലങ്ങളുണ്ടാകാം. ഇന്‍റെനെറ്റ് ഉപയോഗം വ്യാപകമായ ഇക്കാലത്ത് കുട്ടികളെ അപകടപ്പെടുത്തുന്ന സൈബര്‍ ചതിക്കുഴികളും നിരവധിയുണ്ട്. ഈ പശ്ചാത്തലത്തില്‍ കുട്ടികളുടെ സുരക്ഷയ്ക്ക് താഴപ്പെറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
വിദ്യാലയങ്ങളില്‍ കുട്ടികളുടെ സുരക്ഷ
കുട്ടികള്‍ ഏറിയപങ്കും ചെലവഴിക്കുന്നത് വിദ്യാലയങ്ങളിലാണ്. അതുകൊണ്ട് തന്നെ വിദ്യാലയങ്ങളില്‍ കുട്ടികളുടെ സുരക്ഷ അങ്ങേയറ്റം പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. സര്‍ക്കാര്‍, സ്‌കൂള്‍ അധികൃതര്‍, അദ്ധ്യാപക-രക്ഷാകര്‍തൃ സംഘടനകള്‍, വിദ്യാര്‍ത്ഥി സംഘടനകള്‍, പോലീസ് – എക്‌സൈസ് – മോട്ടോര്‍ വാഹന വകുപ്പുകള്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവയുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം വിദ്യാലയങ്ങളില്‍ സുരക്ഷയ്ക്ക് അത്യന്താപേക്ഷിമാണ്. ഇതില്‍ സ്‌കൂളധികൃതര്‍ ശ്രദ്ധിക്കേണ്ടത്, രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത്, വിദ്യാലയത്തിലെത്തുന്നതുവരെ പൊതുസമൂഹവും ബന്ധപ്പെട്ട ഏജന്‍സികളും ശ്രദ്ധിക്കേണ്ടത് എന്നിങ്ങനെ മൂന്നു വിഭാഗത്തില്‍പ്പെട്ട കാര്യങ്ങളുണ്ട്.
സ്‌കൂള്‍ അധികാരികളും അദ്ധ്യാപകരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. സ്‌കൂളും പരിസരവും ക്ലാസ് മുറികളും വൃത്തിയായി സൂക്ഷിക്കുക. സ്‌കൂളിന് ചുറ്റുമതിലും ഗേറ്റും നിര്‍ബന്ധമായും വേണ്ടതുണ്ട്. കഴിയുമെങ്കില്‍ ഒരു സെക്യൂരിറ്റി ഗാര്‍ഡിനെ ഗേറ്റില്‍ കാവല്‍ ഏല്‍പ്പിക്കുന്നതും ഏറ്റവും ഉചിതമാണ്. പുറത്ത് നിന്നും ആളുകളുടെ പ്രവേശനം മതിയായ പരിശോധനയ്ക്ക് ശേഷമേ അനുവദിക്കാവൂ.
2. എല്ലാ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും മറ്റു ജീവനക്കാരും തിരിച്ചറിയാന്‍ ഉതകുന്ന വിധം ഐഡന്റിറ്റി കാര്‍ഡുകള്‍ ധരിച്ചു മാത്രം സ്‌കൂളില്‍ പ്രവേശിക്കുന്നത് സുരക്ഷയെ സഹായിക്കും. ഓരോ ക്ലാസ് ടീച്ചറും തന്‍റെ വിദ്യാര്‍ത്ഥികളെക്കുറിച്ച് വിശദവിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കുക. കുട്ടിയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും രക്ഷിതാക്കളുമായി പങ്കുവയ്ക്കുക. അസ്വാഭാവികമായ പെരുമാറ്റമോ ശാരീരിക ക്ഷീണമോ കാണുകയാണെങ്കില്‍ അതിനെക്കുറിച്ച് അന്വേഷിച്ച് മനസ്സിലാക്കുക.
3. സ്ഥിരമായി ബസ്സില്‍ വരുന്ന ഒരു കുട്ടി എത്തിയിട്ടില്ല എങ്കില്‍ ആ രക്ഷിതാവുമായി ബന്ധപ്പെട്ട് അന്വേഷിക്കുക. ഇതിനായി ഏതെങ്കിലും അധ്യാപകരെ ചുമതലപ്പെടുത്താവുന്നതാണ്.
4. ക്ലാസ്സുകള്‍ ആരംഭിക്കുന്നതിനു മുന്‍പും അവസാനിച്ച ശേഷവും ഓരോ ക്ലാസ്സ് മുറിയും ചുമതലപ്പെടുത്തപ്പെട്ട ഒരാള്‍ പരിശോധിച്ച് ഉറപ്പുവരുത്തണം.
5. ക്ലാസ്സില്‍ നിന്ന് ഏതെങ്കിലും ആവശ്യത്തിന് പുറത്തിറങ്ങുന്ന കുട്ടി തിരികെ നിശ്ചിത സമയത്തിനുള്ളില്‍ എത്തിയെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണം.
6. പരസ്പരമുള്ള സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കുട്ടികളെ രണ്ടോ മൂന്നോ പേരുള്ള ഗ്രൂപ്പുകളായി തിരിച്ച് ചുമതല നല്കുന്നത് ഉചിതമായിരിക്കും.
7. സ്‌കൂള്‍ അധികൃതര്‍ നേരിട്ട് നിയമനങ്ങള്‍ നടത്തുമ്പോള്‍ അവരെക്കുറിച്ച് നന്നായി അന്വേഷിച്ച് മനസ്സിലാക്കിയശേഷം മാത്രം നിയമനം നടത്തണം. അധ്യാപകരെക്കുറിച്ച് എന്തെങ്കിലും പരാതികള്‍ വരുമ്പോള്‍ തള്ളിക്കളയാതെ ഗൗരവപൂര്‍വ്വം അന്വേഷിച്ച് നടപടി സ്വീകരിക്കണം.
8. കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കുന്നതിന് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഒരു കൗണ്‍സിലറെ ചുമതലപ്പെടുത്തണം. കൃത്യമായ ഇടവേളകളില്‍ ഇവര്‍ കുട്ടികളുമായി സംവദിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യണം.
9. രക്ഷിതാക്കളുടെ ആവശ്യപ്രകാരമല്ലാതെ സ്‌കൂള്‍ സമയത്ത് ഒരു കാരണവശാലും കുട്ടികളെ പുറത്തേക്ക് പോകാന്‍ അനുവദിക്കരുത്. സ്‌കൂളില്‍ നിന്ന് ഏതെങ്കിലും കാരണത്താല്‍ പണവും മറ്റും ആവശ്യപ്പെടുകയാണെങ്കില്‍ അത് ഡയറിയില്‍ എഴുതിയോ മറ്റുവിധത്തിലോ രക്ഷിതാവിനെ അറിയിക്കേണ്ടതാണ്.
10. കുട്ടികളുടെ ബാഗുകളില്‍ നിന്ന് അസ്വാഭാവികമായ വസ്തുക്കളോ പണമോ മയക്കുമരുന്നു പോലുള്ള വസ്തുക്കളോ കണ്ടെത്തിയാല്‍ വിശദമായി അന്വേഷിക്കുകയും രക്ഷിതാവിനെ അറിയിക്കുകയും ചെയ്യേണ്ടതാണ്.
11. സ്‌കൂളില്‍ വൃത്തിയും വെടിപ്പുമുളള ശൗചാലയങ്ങള്‍ ഉണ്ടായിരിക്കേണ്ടതാണ്. പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ (സാനിട്ടറി നാപ്കിന്‍ വെന്‍ഡര്‍, ഇന്‍സിനേറ്റര്‍ മുതലായവ) ലഭ്യമാക്കേണ്ടതുണ്ട്. അടിയന്തരഘട്ടങ്ങളില്‍ വേണ്ട പ്രാഥമിക ചികില്‍സാ സൗകര്യങ്ങളും ലഭ്യമായിരിക്കണം.
11. ഇടയ്ക്കിടെ അധ്യാപക-രക്ഷാകര്‍തൃ സമിതി യോഗങ്ങള്‍ കൂടി സ്ഥിതിഗതികള്‍ വിലയിരുത്തണം.
12. സ്‌കൂള്‍ കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. സ്‌കൂളില്‍ നിന്നും ലഭിക്കുന്ന ഭക്ഷണം ഏറ്റവും സുരക്ഷിതമായി നല്‌കേണ്ടതാണ്. അപകടാവസ്ഥയിലുള്ള വൃക്ഷങ്ങള്‍ അപകടസാഹചര്യങ്ങളിലുള്ള നിര്‍മിതികളോ അങ്കണങ്ങളോ ഇല്ലായെന്ന് ഉറപ്പുവരുത്തണം. തീപിടുത്തത്തിനുള്ള സാധ്യത ഒഴിവാക്കുകയും ആവശ്യമായ സ്ഥലങ്ങളില്‍ ഫയര്‍ സേഫ്റ്റി ഉപകരണങ്ങള്‍ സ്ഥാപിക്കുകയും വേണം.
13. സ്‌കൂള്‍ ആരംഭിക്കുന്നതിനു മുന്‍പും ഉച്ചയ്ക്കുള്ള ഇടവേളയ്ക്കു ശേഷവും സ്‌കൂള്‍ പിരിഞ്ഞ ശേഷവും എന്നിങ്ങനെ ദിവസത്തില്‍ മൂന്നുനേരം സ്‌കൂള്‍ ടോയ്‌ലെറ്റുകള്‍ പരിശോധിക്കാന്‍ സംവിധാനമുണ്ടാക്കണം.
14. ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് സ്‌കൂളുകളില്‍ പോലീസ് ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവരുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി സുരക്ഷാ ഉപദേശക സമിതികള്‍ രൂപീകരിക്കുന്നത് ഏറെ (School Safety Adviosry Committees) പ്രയോജനപ്രദമായിരിക്കും.
രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1) കുട്ടി സ്‌കൂളിലെത്തേണ്ടത് വാഹനത്തിലാണെങ്കില്‍ അതിനായുള്ള സുരക്ഷിതമായ വാഹന സൗകര്യം ഉറപ്പുവരുത്തണം. സ്‌കൂള്‍ബസുകളെ ആശ്രയിക്കുന്നവര്‍ നിര്‍ബന്ധമായും ബസ് ഡ്രൈവര്‍, ബസ്സിലെ മറ്റു ജീവനക്കാര്‍, ബസ്സിന്റെ കാര്യങ്ങള്‍ നോക്കുന്ന ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുടെ നമ്പരുകള്‍ സൂക്ഷിക്കേണ്ടതും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഇവരെ ബന്ധപ്പെടേണ്ടതുമാണ്. കൂടാതെ കുട്ടിയുടെ ഡയറിയില്‍ വീട് അഡ്രസ്സ്, രക്ഷിതാവിന്റെ ഫോണ്‍ നമ്പര്‍, അടുത്തുളള പോലീസ് സ്റ്റേഷന്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തണം. നിങ്ങളുടെ ഫോണ്‍ നമ്പര്‍ കുട്ടിക്ക് മനഃപാഠമായിരിക്കണം. അപരിചിതരായവരോട് ഇക്കാര്യങ്ങള്‍ പങ്കുവയ്ക്കരുതെന്ന് പ്രത്യേകം നിഷ്‌കര്‍ഷിക്കാം.
2) വീട്ടില്‍ നിന്നും പുറപ്പെടുമ്പോഴും തിരികെ എത്തിക്കഴിഞ്ഞും സ്‌കൂള്‍ ബാഗ് പരിശോധിക്കുക. അസ്വാഭാവികമായി എന്തെങ്കിലും സാധനങ്ങളോ വിലപിടിപ്പുളള വസ്തുക്കളോ കണ്ടാല്‍ കുട്ടിയോടും ടീച്ചറോടും അന്വേഷിച്ച് ഉറപ്പുവരുത്തണം.
3) കുട്ടികള്‍ക്ക് ആവശ്യമായ തുകമാത്രം നല്‍കുക. പോക്കറ്റ് മണിയായി കൂടുതല്‍ പണം അനിവാര്യമാണെങ്കില്‍ മാത്രം നല്‍കുക. ആവശ്യമായ സാധനങ്ങള്‍ വാങ്ങി നല്‍കുക. കുട്ടി സ്‌കൂളില്‍ നല്കുന്നതിനായി പണം ആവശ്യപ്പെടുമ്പോള്‍ കഴിയുമെങ്കില്‍ ടീച്ചറുമായി ബന്ധപ്പെട്ട് ആയത് ഉറപ്പുവരുത്തണം.
4) ഇടയ്ക്കിടെ കുട്ടി പഠിക്കുന്ന സ്‌കൂള്‍ സന്ദര്‍ശിക്കുക. ക്ലാസ്സ് ടീച്ചര്‍, പ്രഥമാധ്യാപകന്‍ എന്നിവരുമായി കുട്ടിയെക്കുറിച്ചുളള കാര്യങ്ങള്‍ പങ്കുവയ്ക്കണം.
5) കുട്ടി എന്തെങ്കിലും രോഗത്തിന് മരുന്ന് കഴിക്കുന്നുവെങ്കിലോ അപസ്മാരം പോലുളള അസുഖങ്ങള്‍ കുട്ടിക്ക് ഉണ്ടെങ്കിലോ അക്കാര്യം ക്ലാസ്സ് ടീച്ചറെയും ആവശ്യമെങ്കില്‍ അടുത്ത സഹപാഠികളെയും അറിയിക്കണം.
6) കുട്ടിയുടെ കൂട്ടുകാരുമായും അവരുടെ രക്ഷാകര്‍ത്താക്കളുമായും നല്ല ബന്ധം പുലര്‍ത്തണം. അനാവശ്യമായ കൂട്ടുകെട്ടുകളില്‍ നിന്നും അകന്ന് നില്‍ക്കാന്‍ ശീലിപ്പിക്കണം.
സ്‌കൂളിലേക്കും തിരിച്ചുമുളള യാത്രകളും സുരക്ഷിതമാകട്ടെ
1) സ്‌കൂള്‍ ബസ്സുകളിലെ യാത്രകള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിന് സ്‌കൂള്‍ അധികൃതര്‍/ മാനേജ്‌മെന്‍റ് അധികൃതര്‍ എന്നിവര്‍ കര്‍ശനനടപടി സ്വീകിരിക്കേണ്ടതാണ്.
2) സ്‌കൂള്‍ വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറച്ച് യാത്ര ചെയ്യുക്കിന്നില്ലെന്ന് ഉറപ്പുവരുത്തുക. ഇത് ലംഘിക്കുന്ന വാഹനങ്ങള്‍/ സ്‌കൂള്‍ അധികൃതര്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം
.
3) സ്‌കൂള്‍ ബസ്സുകള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ നിരത്തിലിറക്കാവൂ. ബസ്സ് ജീവനക്കാരെ നിയമിക്കുമ്പോള്‍ അവരുടെ പ്രവൃത്തി പരിചയവും സ്വഭാവവും അന്വേഷിച്ച് ക്രിമിനല്‍ പശ്ചാത്തലം ഉളളവരല്ല എന്നു ഉറപ്പുവരുത്തണം. റോഡ് നിയമങ്ങള്‍ കൃത്യമായി പാലിക്കാന്‍ കുട്ടികളെയും ബസ്സ് ജീവനക്കാരെയും പഠിപ്പിക്കുക. സ്‌കൂള്‍ വാഹനങ്ങളിലെ ജീവനക്കാര്‍ ഇത്തരം വാഹനങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് മോശം അനുഭവം ഉണ്ടാകുന്നകാര്യം ശ്രദ്ധയില്‍ പെട്ടാല്‍ പോലീസിനെ അറിയിക്കുക. ഇതിനായി രക്ഷിതാക്കള്‍ സ്ഥിരമായി കുട്ടികളോട് യാത്രാവിരങ്ങള്‍ തിരക്കുക.
4) വാഹനങ്ങളില്‍ കയറാനും ഇറങ്ങാനും റോഡ് മുറിച്ച് കടക്കാനും കുട്ടികളെ സഹായിക്കാന്‍ വാഹനങ്ങളില്‍ കണ്ടക്ടര്‍/ സഹായി ഉണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
5) സ്‌കൂളില്‍ വാഹനങ്ങളില്‍ വാഹനത്തിന്‍റെ ഫിറ്റ്‌നസ്, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ ഉറപ്പു വരുത്തുക. ഡ്രൈവര്‍മാര്‍ക്കുള്ള പോലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കണം.
6) സ്വകാര്യവാഹനങ്ങള്‍, ഓട്ടോറിക്ഷ തുടങ്ങിയവയെ ആശ്രയിക്കേണ്ടി വരുന്നവര്‍ ഡ്രൈവര്‍മാരുടേയും മറ്റു ജീവനക്കാരുടേയും വ്യക്തമായ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തണം.
7) സ്‌കൂള്‍ വാഹനങ്ങളുടെ ഡോറുകള്‍ അടച്ചു മാത്രം യാത്ര നടത്തണം.
8) സ്‌കൂള്‍ ബസുകളില്‍ ബാഗുകളും മറ്റും സൂക്ഷിക്കുന്നതിന് പ്രത്യേക സൗകര്യം ഒരുക്കിയിരിക്കണം.
9)വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവവും സേവനങ്ങളും ഇടക്കിടെ മിന്നല്‍ പരിശോധന നടത്തി ഉറപ്പു വരുത്തണം.
10). സ്‌കൂളിലേക്ക് നടന്നാണ് പോകുന്നതെങ്കില്‍ ഒറ്റയ്ക്ക് പോകുന്നതിനു പകരം കഴിയുന്നതും കൂട്ടുകാര്‍ ഒത്തുചേര്‍ന്ന് പോകുക. സ്‌കൂളിലേക്ക് കഴിയുന്നതും സുരക്ഷിതമായ വഴി ഉപയോഗപ്പെടുത്തുക. ട്യൂഷന്‍, സ്‌പോര്‍ട്‌സ് തുടങ്ങിയവയ്ക്കായി പോകുന്ന വിദ്യാര്‍ഥികള്‍ പകല്‍ വേളകള്‍ കഴിഞ്ഞ് വീട്ടിലെത്തേണ്ടി വരുമ്പോള്‍ സംഘമായി വരികയോ രക്ഷിതാക്കളുടെ സഹായത്തോടെ വീട്ടിലെത്തുകയോ വേണ്ടതാണ്.
11.) ആകസ്മികമായ അതിക്രമസാഹചര്യങ്ങളെ നേരിടാന്‍ സ്വയംപ്രതിരോധ മാര്‍ഗങ്ങള്‍ പരിശീലിക്കുക.
സൈബര്‍ സുരക്ഷ
സ്മാര്‍ട്ട് ഫോണുകളും കമ്പ്യൂട്ടറും ടാബുകളും കൂടാതെ ഇന്‍റെനെറ്റ് പോലുള്ള സേവനങ്ങളും ഔദ്യോഗിക ആവശ്യങ്ങള്‍ക്കും പഠന ആവശ്യങ്ങള്‍ക്കും സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗത്തിനും മറ്റും ഒഴിവാക്കാനാവാത്തവിധം അനിവാര്യമാണ്. എന്നാല്‍ കുട്ടികളെ അപകടസാഹചര്യങ്ങളില്‍ എത്തിക്കുന്നതില്‍ ഇത്തരം ഉപകരണങ്ങളും ഇന്‍റെനെറ്റ് ഉപയോഗവും കാരണമാകുന്ന സന്ദര്‍ഭങ്ങളുണ്ട്. ആയതിനാല്‍ ഇവയുടെ ദുരുപയോഗത്തിന് കുട്ടികള്‍ അടിപ്പെടാതിരിക്കാന്‍ രക്ഷാകര്‍ത്താക്കളും സ്‌കൂള്‍ അധികൃതരും പ്രത്യേകം ശ്രദ്ധപതിപ്പിക്കേണ്ടതാണ്. സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് ആവശ്യമായ ബോധവല്‍ക്കരണം കുട്ടികള്‍ക്ക് നല്‍കണം. ഇത്തരം ഉപകരണങ്ങളും സേവനങ്ങളും ഉപയോഗപ്പെടുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട മാനദണ്ഡങ്ങള്‍ കുട്ടികള്‍ അറിയേണ്ടതുണ്ട്. മുതിര്‍ന്നവരുടെ മേല്‍നോട്ടത്തില്‍ ഇവ ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും വേണം.
കുട്ടികള്‍ ഇന്‍റെനെറ്റ് ഉപയോഗിക്കുമ്പോഴും കമ്പ്യൂട്ടര്‍ ഗെയിം കളിക്കുമ്പോഴും കൂടുതല്‍ ശ്രദ്ധകൊടുക്കേണ്ടതുണ്ട്. കൗമാരക്കാരേയും കുട്ടികളേയും വളരെവേഗം സ്വാധീനിക്കുന്ന ഒന്നാണ് കംമ്പ്യൂട്ടര്‍ ഗെയിമുകള്‍. ബ്‌ളൂ വെയില്‍ ചാലഞ്ച് പോലെ അപകടകാരിയായ പലതും ഓണ്‍ലൈനിലൂടെ കുട്ടികളിലെത്താം. അതുകൊണ്ടുതന്നെ മാതാപിതാക്കള്‍ ഇത്തരത്തിലുള്ള ഗെയിമുകളെക്കുറിച്ച് മനസ്സിലാക്കുകയും കുട്ടികള്‍ ഇവയ്ക്ക് വഴിപ്പെടാതിരിക്കാന്‍ ശ്രദ്ധപുലര്‍ത്തുകയും വേണം.
സുരക്ഷാ ബോധവത്കരണം
1. സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍ സി സി, എന്‍ എസ് എസ് എന്നീ യൂണിറ്റുകളിലെ വിദ്യാര്‍ത്ഥികളെ സുരക്ഷാക്രമീകരണങ്ങളിലുള്ള വീഴ്ചകള്‍ കണ്ടെത്തുന്നതിനും ബോധവത്കരണത്തിനും ഉപയോഗപ്പെടുത്താവുന്നതാണ്.
2. സൈബര്‍ സുരക്ഷ, സ്വയംപ്രതിരോധ പരിശീലനം, രക്ഷിതാക്കള്‍ക്കുള്ള നിയമബോധവല്‍ക്കരണം എന്നിവയ്ക്ക് പോലീസ് ഉദ്യോഗസ്ഥരുടേയോ ബന്ധപ്പെട്ട മറ്റ് ഏജന്‍സികളുടേയോ സഹായം തേടാവുന്നതാണ്.