
തിരുവനന്തപുരം: ഖുർആന്‍റെ മറവില്‍ സ്വര്‍ണ്ണക്കടത്തെന്ന ആക്ഷേപത്തിൽ കേരളത്തിലെ കോൺഗ്രസ് ലീഗ് പാർട്ടികൾ പ്രതിസന്ധിയിൽ .പിണറായി സർക്കാരിനെതിരെ ഉന്നയിച്ച ആക്ഷേപം ഇപ്പോൾ ലീഗിനെയും കോൺഗ്രസിനെയും തിരിഞ്ഞുകുത്തുകയാണ് .ആരാണ് ഖുർആന്‍റെ മറവില്‍ സ്വര്‍ണ്ണക്കടത്തെന്ന നരേഷന്‍ സൃഷ്ടിച്ച് വിവാദമുണ്ടാക്കാന്‍ ശ്രമിച്ചത് എന്ന് മുഖ്യമന്ത്രി പിണറായി ചോദിക്കുന്നു.പ്രതിപക്ഷനേതാവും മുസ്ലീംലീഗ് നേതാക്കളും സ്വയം പരിശോധന നടത്തുന്നത് നന്നായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ വിമർശനത്തിന് ഈ ചോദ്യത്തോടെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
യു.എ.ഇ കോണ്‍സുലേറ്റില്‍ എത്തിച്ചിട്ടുള്ള ഖുർആന്‍ സക്കാത്തായി നല്‍കുന്ന ഭക്ഷ്യക്കിറ്റിനൊപ്പം വിതരണം ചെയ്യാമോയെന്ന് കോണ്‍സുലേറ്റ് ജനറല്‍ ജലീലിനോട് ആവശ്യപ്പെടുന്നു. ജലീല്‍ അതിന് സഹായിക്കുന്നു.ഇതാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി അവർത്തിച്ചു.
ഖുർആന്‍റെ മറവിലുള്ള സ്വര്‍ണ്ണക്കടത്തായി ആദ്യം ആക്ഷേപിച്ചത് ബിജെപി-ആര്‍.എസ്.എസ് സംഘമാണ്. സ്വാഭാവികമായി അതിനവര്‍ക്ക് പ്രത്യേക ലക്ഷ്യവുമുണ്ട്. എന്നാല്‍, തൊട്ടുപിന്നാലെ പ്രധാനമന്ത്രിക്ക് പരാതിയുമായി യു.ഡി.എഫ് കണ്‍വീനര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തെത്തുന്നു. ഖുർആന്‍റെ മറവില്‍ സ്വര്‍ണ്ണം കടത്തിയെന്ന് പറഞ്ഞ് കേരളത്തിലെ കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ പരസ്യമായി ആക്ഷേപിക്കുന്നതല്ലേ നാം കണ്ടത്. കള്ളക്കടത്തു വഴി ഖുർആന്‍ പഠിപ്പിക്കുമെന്ന് തീരുമാനിക്കുന്ന ആദ്യത്തെ ഗവണ്‍മെന്‍റാണിതെന്ന ആക്ഷേപമടക്കം ലീഗ് നേതാക്കള്‍ ഉന്നയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്തടിസ്ഥാനത്താലാണ് ഇവര്‍ ഇങ്ങനെ ആരോപണം ഉന്നയിച്ചത്? എന്തിനായിരുന്നു? ആര്‍ക്കുവേണ്ടിയായിരുന്നു? എന്തിനാണ് അവര്‍ ഖുർആനെ വിവാദങ്ങളിലേക്ക് കൊണ്ടു വന്നത്. ആര്‍.എസ്.എസ് ചെയ്യുന്നതിന് ആര്‍എസ്എസ്സിന്‍റേതായ ലക്ഷ്യമുണ്ട്. അതിന്‍റെ ഭാഗമായി ബിജെപിയും ബിജെപി നേതാക്കളും ചെയ്യുന്നത് നമുക്ക് മനസ്സിലാക്കാം. പക്ഷേ കോണ്‍ഗ്രസിന്‍റെയും ലീഗിന്‍റെയും നേതാക്കള്‍ എന്തിനാണ് അത് ഏറ്റ്പിടിച്ചത്? എന്തിനാണ് അവര്‍ അതിന് വലിയ പ്രചരണം കൊടുക്കാന്‍ നോക്കിയത്?
ഇപ്പോള്‍ കുറച്ചൊന്നു തിരിച്ചുകുത്തുന്നു എന്ന് മനസ്സിലാക്കിപ്പോള്‍ ചില ഉരുണ്ടുകളികളുണ്ട്. ഏതു കളിയായാലും പറ്റിയ അപകടം തിരിച്ചറിയുന്നുണ്ടെങ്കില്‍ അത് നല്ലതുതന്നെയാണ്. ഖുർആനെ ആ രീതിയില്‍ ഒരു വിവാദ ഗ്രന്ഥമാക്കി മാറ്റേണ്ട കാര്യമുണ്ടായിരുന്നില്ല. മറ്റ് ഉദ്ദേശങ്ങള്‍ക്കുവേണ്ടി ഖുർആനെ ഉപയോഗിക്കേണ്ടതുണ്ടായിരുന്നില്ല. അതിന്‍റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെയും മന്ത്രിയെയും ആക്രമിക്കാന്‍ പുറപ്പെടേണ്ടതില്ലായിരുന്നു. ഇതിനൊക്കെ അവരാണ് വിശദീകരിക്കേണ്ടത്” – മുഖ്യമന്ത്രി പറഞ്ഞു.