തിരുവനന്തപുരം: മുഖ്യമന്ത്രി ഒന്നും പ്രതികരിക്കുന്നില്ല .എഡിജിപി എംആർ അജിത്ത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ട സംഭവത്തിൽ ഒന്നും പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ .
വിവാദം ആരംഭിച്ച ശേഷം ഇതുവരെയും മൗനം തുടർന്ന അദ്ദേഹം സിപിഎം വേദിയിൽ ഇന്ന് സംസാരിച്ചത് പാർട്ടിയുടെ ആർഎസ്എസ് വിരുദ്ധ ചരിത്രം പറയാൻ വേണ്ടി മാത്രം. തൃശ്ശൂർ പൂരത്തിനിടയിലെ അനിഷ്ട സംഭവങ്ങളിലടക്കം ഈ കൂടിക്കാഴ്ചകൾക്ക് ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോഴാണ്, മാധ്യമങ്ങളെയടക്കം കുറ്റപ്പെടുത്തി മുഖ്യമന്ത്രി സംസാരിച്ചത്.
അതേസമയം ആർഎസ്എസുമായി ഡീലുണ്ടാക്കാൻ എഡിജിപിയെ ചുമതലപ്പെടുത്തേണ്ട ഗതികേട് സിപിഎമ്മിനില്ലെന്ന് എംവി ഗോവിന്ദൻ. സിപിഎം കോവളം ഏരിയാ കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനവും സിപിഎം നിർമ്മിച്ച് നൽകുന്ന 11 വീടുകളുടെ താക്കോൽദാനവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പാർട്ടി സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എംവി ഗോവിന്ദൻ. സംസ്ഥാനത്ത് തുടർഭരണം നേടുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന് കെട്ട ചരിത്രമില്ലെന്നും ആർഎസ്എസിനോട് സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടിൽ ഇനിയും വെള്ളം ചേർക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ ആർഎസ്എസിനെ പ്രീണിപ്പിക്കേണ്ട സാഹചര്യം സിപിഎമ്മിന് ഉണ്ടായിട്ടില്ല. കെപിസിസി പ്രസിഡൻ്റാണ് ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം നൽകിയെന്ന് പറഞ്ഞത്. സിപിഎം – ആർഎസ്എസ് ബന്ധമാരോപിച്ച് വലിയ പ്രചാരണം നടക്കുന്നു. എന്തോ വലിയ കാര്യം നടന്നുവെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു. ആർഎസ്എസിനെ പ്രീണിപ്പിക്കേണ്ട ഘട്ടം സിപിഎമ്മിന് ഉണ്ടായിട്ടില്ല. ആർഎസ്എസിനെ നേരിട്ട് ജീവൻ നഷ്‌ടമായ പാർട്ടിയാണ് സിപിഎം. ആ പാർട്ടിയെ നോക്കിയാണ് ആർഎസ്എസ് ബന്ധം ആരോപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എഡിജിപി എംആർ അജിത്ത് കുമാർ ആർഎസ്എസ് നേതാവ് ദത്താത്രേയയെ കണ്ടും റാം മാധവിനെ കണ്ടതുമായി ബന്ധപ്പെട്ട് പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം നേരത്തെ തന്നെ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ അതിനകത്ത് യാതൊരു നടപടിയും മുഖ്യമന്ത്രി കൈക്കൊണ്ടിരുന്നില്ല. വിഷയം പ്രതിപക്ഷം ശക്തമായി ഉന്നയിക്കുകയും സഖ്യകക്ഷികളിൽ നിന്നടക്കം വിമർശനം ഉയരുകയും ചെയ്തിട്ടും ഈ സംഭവത്തിൽ പ്രതികരിക്കാതെയാണ് കോവളത്തെ സിപിഎം വേദിയിൽ മുഖ്യമന്ത്രി പ്രസംഗിച്ചത്.