മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കൊടുവിൽ സര്‍ക്കാര്‍ നിലം പൊത്തുന്നു. നിയമസഭ പിരിച്ചു വിടുകയാണെന്ന സൂചനയാണ് ശിവസേന എംപി സഞ്ജയ് റാവത്തിന്റെ ട്വീറ്റില്‍ നിന്നും വ്യക്തമാവുന്നത്. മഹാരാഷ്ട്രയിൽ മഹാവികാസ് അഖാഡി സഖ്യത്തിന് ഷോക്കായി വിമത നീക്കം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മന്ത്രിസഭ ഇന്ന് രാജിവച്ചേക്കും.
ടൂറിസം മന്ത്രി എന്നത് ആദിത്യ താക്കറെ തന്റെ ട്വിറ്റർ പ്രൊഫൈലിൽ നിന്നും നീക്കംചെയ്തു.ഏകനാഥ് ഷിന്‍ഡേക്കൊപ്പം ശിവസേനയുടെ 33 എംഎല്‍എമാരുണ്ടെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് ഭൂരിപക്ഷം നിലനിര്‍ത്താനാവശ്യമായ 145 അംഗങ്ങളുടെ പിന്തുണ ഉണ്ടാകില്ലെന്നാണ് സൂചന .ഏ ഐ സിസി നിരീക്ഷകന്‍ കമല്‍നാഥ് മുംബൈയിലെത്തി കോണ്‍ഗ്രസ് എംഎല്‍എമാരുമായി ചര്‍ച്ച നടത്തുന്നുണ്ട്. ശരദ് പവാര്‍ എന്‍ സി പി നേതാക്കളുമായും ചര്‍ച്ച നടത്തുന്നുണ്ട്. ഇന്നുച്ച തിരിഞ്ഞ് പ്രത്യേക മന്ത്രിസഭ യോഗം ചേരും.. ഇതിനു ശേഷം ഉദ്ധവ് താക്കറെ ശരദ് പവാറുമായും കമല്‍നാഥുമായും ചര്‍ച്ച നടത്തും. മന്ത്രിസഭ രാജിവച്ചേക്കുമെന്നാണ് സൂചന.
മഹാരാഷ്ട്രയില്‍ നടന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധി വിധാന്‍ സഭ പിരിച്ചു വിടുന്നതിലേക്ക് നയിക്കുന്നു എന്നാണ് സഞ്ജയ് റാവത്തിന്റെ ട്വീറ്റ്. ഏറ്റവും മോശമായ സാഹചര്യത്തിൽ അധികാരം വിടേണ്ടി വരുമെന്നും സർക്കാർ വീണാലും തങ്ങളുടെ മൂല്യങ്ങളിൽ ഉറച്ചു നിൽക്കുമെന്നും ശിവസേന എംപി പറഞ്ഞു. ഇതിനിടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറേ ട്വിറ്റര്‍ ബയോയില്‍ നിന്ന് തന്റെ വകുപ്പുകള്‍ നീക്കം ചെയ്തു.
വരും ദിവസങ്ങള്‍ക്കുള്ളില്‍ ഏക്‌നാഥ് ഷിന്‍ഡെക്കൊപ്പമുള്ള എംഎല്‍എമാരുടെ എണ്ണം 50 ആവുമെന്ന് മന്ത്രിയും വിമത പാളയത്തിലുള്ള പ്രഭാര്‍ ജന്‍ശക്തി തലവനുമായ ബച്ചു കഡു പറഞ്ഞു. ചില കോണ്‍ഗ്രസ് എംഎല്‍മാരും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തുന്നുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.ഏക് നാഥ് ഷിന്‍ഡെയുമായി ചര്‍ച്ച നടന്നു കൊണ്ടിരിക്കുകയാണെന്നായിരുന്നു നേരത്തെ സഞ്ജയ് റാവത്തിന്റെ പ്രതികരണം.
ഷിന്‍ഡെ ശിവ സൈനികനാണെന്നും ശിവസേനയില്‍ പ്രശ്‌നങ്ങളില്ലെന്നുമായിരുന്നു റാവത്ത് രാവിലെ പ്രതികരിച്ചത്. എന്നാൽ കൂറുമാറ്റം ഉറപ്പായ സാഹചര്യത്തിൽ സർക്കാർ താഴെ വീഴാനുള്ള എല്ലാ സാധ്യതകളും നിലനിൽക്കെയാണ് സഞ്ജയ് റാവത്തിന്റെ പുതിയ ട്വീറ്റ്. 40 ലധികം എംഎൽഎമാർ ഷിൻഡെക്കൊപ്പം കൂറുമാറാനെരുങ്ങുന്നെന്നാണ് വിവരം.
അസമിലെ ഗുവാഹട്ടിയിലെ ഹോട്ടലിലാണ് എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്നത്. ഏക്‌നാഥ് ഷിന്‍ഡെക്കൊപ്പമാണ് എംഎല്‍എമാര്‍ എത്തിയത്. ബിജെപി എംഎല്‍എ സുശാന്ത ബോര്‍ഗൊഹെയ്ന്‍ എംഎല്‍എമാരെ സ്വീകരിച്ചു. 288 ആണ് മഹാരാഷ്ട്ര നിയമസഭയിലെ അംഗബലം. എന്‍സിപിയുടെ രണ്ട് മുതിര്‍ന്ന അംഗങ്ങള്‍ ജയിലില്‍ കഴിയുന്നതിനാല്‍ 285 അംഗങ്ങളാണ് നിലവില്‍ നിയമസഭയിലുള്ളത്. ശിവസേനയ്ക്ക് 56 പേരുണ്ട്. ഒരു എംഎല്‍എ മരിച്ചതിനാല്‍ ഈ എണ്ണം 55 ആയി. കേവല ഭൂരിപക്ഷത്തിന് 143 അംഗങ്ങളുടെ പിന്തുണയാണ് ആവശ്യം.