ബി.ജെ.പി പിന്മാറി;മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ശിവസേനയെ ക്ഷണിച്ച് ഗവർണർ.ശിവസേനയുമായുള്ള എല്ലാ ബന്ധവും അവസാനിച്ചെന്ന് ബിജെപി.

മുംബൈ : മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ശിവസേനയെ ക്ഷണിച്ച് ഗവർണർ ഭഗത് സിങ് കോഷിയാരി. സർക്കാർ രൂപീകരിക്കുന്നില്ലെന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി അറിയിച്ചതിനു പിന്നാലെയാണ് രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയെ ഗവർണർ ക്ഷണിച്ചത്. ദേവേന്ദ്ര ഫട്നാവിസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് സർക്കാർ ഉണ്ടാക്കുന്നതിൽ നിന്നും പിന്മാറുന്നതായി തീരുമാനം അറിയിച്ചു. ബി.ജെ.പി കോര്‍ കമ്മറ്റിക്ക് ശേഷമാണ് നേതാക്കള്‍ ഗവര്‍ണറെ കണ്ടത്. ശിവസേന മഹാരാഷ്ട്രയിലെ ജനവിധിയെ അപമാനിച്ചുവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.അതേസമയം സർക്കാർ രൂപീകരിക്കാനുള്ള തീരുമാനം തിങ്കളാഴ്ച രാത്രി എഴരയ്ക്കകം മറുപടി നൽകാനാണ് ഗവർണറുടെ നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ അടിയന്തര യോഗം വിളിച്ചു.


105 അംഗങ്ങളാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്കുള്ളത്. 144 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്. 56 സീറ്റുള്ള ശിവസേനയാണ് രണ്ടാമത്തെ കക്ഷി. എന്‍സിപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസിന്റെ പുറത്തുനിന്നുള്ള പിന്തുണയോടെ ശിവസേന സര്‍ക്കാരുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ബി.ജെ.പിയുമായുള്ള കൂട്ടുഭരണത്തിൽ 50:50 അനുപാതം പാലിക്കണമെന്നും രണ്ടര വർഷം മുഖ്യമന്ത്രി പദവി പങ്കുവയ്ക്കണമെന്നും ആവശ്യപ്പെട്ടു ശിവസേന രംഗത്തെത്തിയതോടെയാണു മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിന് ആവശ്യമായ എംഎൽഎമാരുടെ പിന്തുണയില്ലെന്നും അതിനാർ സർക്കാർ രൂപീകരിക്കാനില്ലെന്നുമാണ് പാർട്ടി വ്യക്തമാക്കിയത്. ഞായറാഴ്ച നടന്ന ബിജെപി കോർ കമ്മറ്റി യോഗത്തിന് ശേഷമാണ് തീരുമാനം. അതേ സമയം ശിവസേനയുമായുള്ള എല്ലാ ബന്ധവും അവസാനിച്ചെന്നും ദേവേന്ദ്ര ഫട്നാവിസ് വ്യക്തമാക്കി. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനുള്ള ഗവർണറുടെ ക്ഷണം യാഥാർത്ഥ്യമാക്കാനില്ലെന്നും പാർട്ടി വ്യക്തമാക്കി.

ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് ചേർന്ന ബിജെപി കോർ കമ്മറ്റി യോഗത്തിന് ശേഷമാണ് സർക്കാർ രൂപീകരിക്കാനുള്ള ഗവർണറുടെ ക്ഷണത്തോട് പ്രതികരിക്കുന്നതെന്ന് ബിജെപി നേതാവ് സുധീർ മുങ്കാന്തിവർ വ്യക്തമാക്കി. ബിജെപി ജനറൽ സെക്രട്ടറിയുടെ അധിക ചുമതലയുള്ള ഭൂപേന്ദ്ര യാദവും ബിജെപി കോർ കമ്മറ്റി യോഗത്തിൽ പങ്കെടുത്തിരുന്നു. പാർട്ടിയുടെ കേന്ദ്ര നേൃത്വത്തിൽ നിന്നുള്ള സന്ദേശമറിയുക്കുകയായിരുന്നു യാദവിന്റെ ദൌത്യം. മുതിർന്ന ബിജെപി നേതാക്കളും മഹാരാഷ്ട്ര ബിജെപി യൂണിറ്റ് പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീലും ഉൾപ്പെടെയുള്ളവരാണ് ബിജെപി കോർ കമ്മറ്റിയിലുള്ളത്.

അഞ്ച് വർഷം മഹാരാഷ്ട്ര ഭരിച്ച ശിവസേന- ബിജെപി സർക്കാരിന്റെ കാലാവധി അവസാനിക്കെ ശനിയാഴ്ച രാത്രിയാണ് ഗവർണർ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുന്നത്. എന്നാൽ സർക്കാർ രൂപീകരിക്കാൻ വേണ്ടത്ര എംഎൽമാരുടെ പിന്തുണയില്ലെന്ന് അറിയിച്ച ബിജെപി സർക്കാർ രൂപീകരിക്കാനില്ലെന്നും വ്യക്തമാക്കി.

 

Top