അസഹനീയമായ ചെവി വേദനയുമായെത്തിയ യുവാവിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി  

 

ഗുവാന്‍ഡോംഗ്: കണ്ണിലും മൂക്കിലും ചെവിയിലും പ്രാണികളും മറ്റും വീഴുന്നത് സ്വാഭാവികമാണ്. അതിനെ പെട്ടെന്ന് തന്നെ എടുത്ത് കളഞ്ഞില്ലെങ്കില്‍ വല്ലാത്ത അസ്വസ്ഥതയുമാണ്.  എന്നാല്‍ ലീ എന്ന യുവാവിന് ചെവിയില്‍ എന്തെങ്കിലും പോയത് അറിയില്ല. പക്ഷെ ചെവി വേദന കലശലായി. സഹിക്കാനാവാത്ത ചെവി വേദന കാരണം ആശുപത്രിയിലെത്തിയ യുവാവിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി.  കാരണം അദ്ദേഹത്തിന്റെ ചെവിക്കുള്ളില്‍ പാറ്റയായിരുന്നു. ഒരു പാറ്റയായിരുന്നില്ല താമസമാക്കിയത് ഒരു പാറ്റ കുടുംബം തന്നെയുണ്ടായിരുന്നു. മൊത്തം ഇരുപത്തിയാറ് പാറ്റകളാണ് അയാളുടെ ചെവിയില്‍ ഉണ്ടായിരുന്നത്. ചൈന സ്വദേശിയായ ലീ എന്ന പത്തൊമ്പതുകാരനാണ് ഈ ദുരനുഭവമുണ്ടായത്.  ഗുവാന്‍ഡോംഗ് പ്രവിശ്യയിലുള്ള സിയോബിയന്‍ ആശുപത്രിയില്‍ ലീ ചികിത്സ തേടി. ഇലക്ട്രിക് ഓട്ടോസ്‌കോപ്പിന്റെ സഹായത്താല്‍ നടത്തിയ വിശദമായ പരിശോധനയില്‍ വേദനയ്ക്ക് കാരണം ചെവിക്കുള്ളില്‍ കയറിപ്പറ്റിയ പാറ്റയാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.  ആദ്യം ചെവിക്കുള്ളില്‍ കയറിയ പെണ്‍പാറ്റ ഇരുപത്തിയഞ്ച് മുട്ടകളിട്ട് ബാക്കിയുള്ള പാറ്റകള്‍ക്കും ജീവന്‍ നല്‍കി ചെവിക്കുള്ളില്‍ വാസസ്ഥലമൊരുക്കയതായിരിക്കുമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. പാറ്റകളെ ചെവിയില്‍ നിന്നും പുറത്തെടുത്തെങ്കിലും ഇതുകൊണ്ട് അദ്ദേഹത്തിന്റെ കേള്‍വിക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ട്.  മുട്ടയിടാന്‍ സ്ഥലമന്വേഷിച്ചു നടന്ന പാറ്റ ലീയുടെ ചെവി കണ്ടപ്പോള്‍ കയറിപ്പററ്റിയതാവാം എന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ അപ്പോള്‍ തന്നെ ലീ ആശുപത്രിയിലെത്തി പരിശോധന നടത്തിയിരുന്നുവെങ്കില്‍ ഈ പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ലായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Top