പാലക്കാട്: നാമനിര്‍ദ്ദേശപത്രിക പിന്‍വലിച്ചാല്‍ പണം നല്‍കാമെന്ന് ബിജെപി വാഗ്ധാനം നല്‍കിയതായി പരാതി. പാലക്കാട് നഗരസഭയിലെ 50-ാം ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. നിലവിലെ ബിജെപി കൗണ്‍സിലര്‍ ജയലക്ഷ്മിയും സംഘവും രമേശിന്റെ വീട്ടിലെത്തി പണം നല്‍കാമെന്ന് വാഗ്ധാനം ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം.ആദ്യംതന്നെ കാണാന്‍ ബിജെപിയുടെ മുന്‍കൗണ്‍സിലര്‍ സുനില്‍ വീട്ടിലെത്തിയിരുന്നതായി രമേശ് മാധ്യമങ്ങളോട് പറഞ്ഞു. ‘സുനിലെത്തിയ സമയത്ത് ഞാന്‍ വീട്ടിലുണ്ടായിരുന്നില്ല. ഡിസിസി ഓഫീസിലേക്ക് പോകുകയായിരുന്നു.
പിന്നീടാണ് ജയലക്ഷ്മിയും ഗണേശെന്നയാളും വീട്ടിലേക്ക് വന്നത്. അച്ഛനോടും ഭാര്യയോടും സംസാരിച്ചു. എന്നോട് മത്സരത്തില്‍ നിന്ന് പിന്മാറണം. സാമ്പത്തികമായി സഹായിക്കാം. സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറിയിട്ടുണ്ടെന്നൊക്കെ അവര്‍ പറഞ്ഞു’- രമേശ് ആരോപിച്ചു. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.
നിലവിലെ സ്ഥാനാര്‍ത്ഥിയും കൗണ്‍സിലറും ഉള്‍പ്പടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥാനാര്‍ഥിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് വി കെ ശ്രീകണ്ഠന്‍ എം പി പറഞ്ഞു. വി കെ ശ്രീകണ്ഠന്‍ രമേശിന്റെ വീട്ടിലെത്തി സംസാരിച്ചു. പരാതിയില്‍ പാലക്കാട് നോര്‍ത്ത് പൊലീസ് രമേശിന്റെയും കുടുംബത്തിന്റെയും മൊഴി രേഖപ്പെടുത്തി.
അതേസമയം ആരോപണങ്ങളെ നിഷേധിച്ച് ബിജെപി രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രമേശിനെ ആശംസ അറിയിക്കാനാണ് വിളിച്ചത്. രമേശിനെയോ ബന്ധുകളെയോ സ്വധീക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് വാര്‍ഡ് കൗണ്‍സിലറായ ബിജെപി നേതാവ് ജയലക്ഷ്മി പറഞ്ഞു. വോട്ട് ചോദിക്കാനാണ് രമേശിന്റെ വീട്ടില്‍ എത്തിയത്. രമേശ് സ്ഥാനാര്‍ത്ഥിയാണെന്ന് അറിഞ്ഞത് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഇന്നലെ പറഞ്ഞപ്പോഴാണ്. ഫോണില്‍ വിളിച്ച് രമേശിന് ആശംസ അറിയിച്ചു. മറ്റ് ബിജെപി നേതാക്കള്‍ രമേശിന്റെ വീട്ടിലെത്തിയെന്നതിനെ കുറിച്ച് അറിയില്ലെന്നും ജയലക്ഷ്മി പറഞ്ഞു.


