കോട്ടയം/ ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജനം കോട്ടയത്തും ഇടുക്കിയിലും കോണ്‍ഗ്രസിന് കീറാമുട്ടിയാകുന്നു. പാര്‍ട്ടിയുടെ ശക്തിക്ക് അര്‍ഹമായ തരത്തില്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ വേണമെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ്. എന്നാല്‍ വിട്ടുവീഴ്ചയ്ക്ക് എല്ലാവരും തയ്യാറാകണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വങ്ങള്‍.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസ് എമ്മിലേക്ക് എത്തുന്നത്. എന്നാല്‍ കഴിഞ്ഞ തവണ സീറ്റ് വീതം വച്ചപ്പോള്‍ ഇതിന്റെ ഗുണം പാര്‍ട്ടിക്ക് കിട്ടിയില്ല. തുടര്‍ന്ന് നടന്ന നിയമസഭ,ലോക്‌സഭ തെരഞ്ഞെടുപ്പിലും അര്‍ഹമായ പരിഗണന കിട്ടിയില്ല. ഇത്തവണ അതുകൂടി പരിഗണിച്ചുള്ള സീറ്റ് വിഭജനം ഉണ്ടാകണമെന്നാണ് കേരള കോണ്‍ഗ്രസിന്റെ ആവശ്യം.
കഴിഞ്ഞ തവണ കോട്ടയത്തും ഇടുക്കിയിലുമായി നിരവധി പഞ്ചായത്തുകളില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ സൗഹൃദ മത്സരം നടന്നിരുന്നു. യുഡിഎഫ് എന്ന നിലയില്‍ ഒറ്റക്കെട്ടായി മത്സരിക്കാനാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. എന്നാല്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായായില്ലെങ്കില്‍ ഇത്തവണയും സൗഹൃദ മത്സരം ഉണ്ടാകുമെന്ന മുന്നറിയിപ്പും കേരള കോണ്‍ഗ്രസ് നല്‍കുന്നു.എന്നാല്‍ വിട്ടുവീഴ്ച കോണ്‍ഗ്രസ് മാത്രമല്ല നടത്തേണ്ടതെന്ന നിലപാടിലാണ് ഡിസിസി നേതൃത്വം. എന്തായാലും വരും ദിവസങ്ങളില്‍ സീറ്റ് വിഭജനം യുഡിഎഫിന് തലവേദനയാകുമെന്ന സൂചനകളാണ് നിലവിലുള്ളത്.