തിരുവനന്തപുരം :നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ചുവട്ടം മത്സരിച്ചവര്‍ ഇനി സ്ഥാനാര്‍ഥിയാകേണ്ടെന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി ശുപാര്‍ശ.സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കുന്നതിന് കെപിസിസി അടിയന്തര യോഗം ചേര്‍ന്നു . താരിഖ് അന്‍വര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു . നേരത്തെ നടത്തിയ ചര്‍ച്ചകള്‍ ഫലവത്തായില്ലെന്ന അഭിപ്രായം ഘടകകക്ഷികളില്‍ നിന്ന് ഉയര്‍ന്ന സാഹചര്യത്തിലാണ് അടിയന്തര യോഗം ചേര്‍ന്നത്. നേരത്തെ നടത്തിയ ചര്‍ച്ചയില്‍ ഘടകകക്ഷികള്‍ ആവശ്യങ്ങളില്‍ ഉറച്ചുനിന്നതിനാല്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാകാതെ യുഡിഎഫ് യോഗം അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തര യോഗം ചേര്‍ന്നത്.
അഞ്ചുവട്ടം മത്സരിച്ചവർ വീണ്ടും മത്സരിക്കണ്ട എന്ന തീരുമാനം എടുത്താൽ മുതിര്‍ന്ന നേതാക്കള്‍ക്ക് തിരിച്ചടിയാകും. ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മാത്രമാണ് ഇളവുള്ളത്. ശുപാര്‍ശ നടപ്പായാല്‍ കെ.സി.ജോസഫ്, കെ.ബാബു, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കള്‍ മത്സരിക്കാനുണ്ടാകില്ല. യുവത്വത്തിന് പ്രാധാന്യം കൊടുക്കണമെന്നാണു കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതിയില്‍ ഉയര്‍ന്ന പൊതുവികാരം. അതുകൊണ്ടുതന്നെ 50 ശതമാനം സ്ഥാനാര്‍ഥികള്‍ 45 വയസ്സിൽ താഴെയുള്ളവരാകണം എന്ന നിർദേശമാണ് സമിതി മുന്നോട്ടുവച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചു തവണ മത്സരിച്ചവരെ മാറ്റിനിര്‍ത്താൻ തീരുമാനിച്ചത്. യോഗ തീരുമാനത്തെ ആരും എതിര്‍ത്തില്ലെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി.ചാക്കോ പറഞ്ഞു. സ്ഥാനാർഥികളിൽ സ്ത്രീ പ്രാതിനിധ്യവും ഉറപ്പാക്കും. മൂവാറ്റുപുഴ കോണ്‍ഗ്രസ് വിട്ടുനല്‍കുന്നുണ്ടെങ്കില്‍ മുന്‍കൂറായി പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തണമെന്നും പി.സി.ചാക്കോ പറഞ്ഞു.