ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് രാഷ്ട്രീയത്തിലേയ്‌ക്കെന്ന് സൂചന. കോണ്‍ഗ്രസ് നേതാവും ചലച്ചിത്ര താരവുമായ നഗ്മയുടെ സന്ദര്‍ശനമാണു ഇത്തരമൊരു സൂചന നല്‍കിയിരിക്കുന്നത്. അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ നഗ്മ ചെന്നൈയിലെ വസതിയിലെത്തിയാണു രജനിയെ സന്ദര്‍ശിച്ചത്. രജനീകാന്തിനെ കൂടെകൂട്ടാന്‍ തമിഴ്‌നാട്ടിലെ പാര്‍ട്ടികളും ദേശീയ പാര്‍ട്ടികളും ഒരുപോലെ ശ്രമിക്കുമ്പോഴാണു പുതിയ നീക്കം.
രജനിയും നഗ്മയും തമ്മില്‍ ചര്‍ച്ചയും നടന്നു. എന്നാല്‍ ചര്‍ച്ചാവിഷയം എന്താണെന്നു പുറത്തുവിട്ടിട്ടില്ല. സംസ്ഥാന രാഷ്ട്രീയത്തെക്കുറിച്ചു ചര്‍ച്ച നടന്നതായാണു സൂചന. പക്ഷേ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. നേരത്തേ, ബിജെപിയുമായി രജനീകാന്ത് അടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ദക്ഷിണേന്ത്യയില്‍ പാര്‍ട്ടിക്ക് ഏറ്റവും ശക്തി കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നായ തമിഴ്‌നാട്ടില്‍ കളംപിടിക്കാന്‍ രജനീകാന്തിലൂടെ സാധിക്കുമെന്നാണു ബിജെപിയുടെ കണക്കുകൂട്ടല്‍.
തലപ്പൊക്കമുള്ള നേതാവില്ലെന്ന പ്രശ്‌നം ഇങ്ങനെ പരിഹരിക്കാമെന്നും ബിജെപി ചിന്തിക്കുന്നു. ഇതിനുള്ള നീക്കങ്ങള്‍ ശക്തമാകുന്നതിനിടെയാണ് കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത നീക്കം. സ്വന്തമായി പാര്‍ട്ടി രൂപീകരിക്കാനും രജനിയെ ബിജെപി പ്രേരിപ്പിക്കുന്നുണ്ട്. അത്തരമൊരു നീക്കമുണ്ടായാലും അതു ദ്രാവിഡ കക്ഷികള്‍ക്കു തിരിച്ചടിയാവും.