ഭാര്യ വ്യഭിചരിച്ചാല്‍ ഭര്‍ത്താവിന് പരാതി നല്‍കാം. ഭര്‍ത്താവ് വ്യഭിചരിച്ചാല്‍ ഭാര്യക്ക് നിയമ നടപടിക്ക് അവസരമില്ല. ഭര്‍ത്താവിന്റെ സമ്മത പ്രകാരം ലൈംഗിക ബന്ധം നടത്തിയാല്‍ വ്യഭിചാരമാകില്ല. വ്യഭിചാരമെന്ന ഒരേ കുറ്റം ചെയ്യുന്ന പുരുഷന്‍ മാത്രം കുറ്റവാളി, സ്ത്രീ പ്രേരിപ്പിക്കുന്നവള്‍ പോലുമല്ല. ഇന്ത്യയിലെ വ്യഭിചാര നിയമത്തിലെ ഇരട്ടത്താപ്പുകള്‍ തുറന്നു കാട്ടുന്നു

അഡ്വ ഷിയാസ് കുഞ്ഞുബാവ

വ്യഭിചാരം എന്നാല്‍, മറ്റൊരാളുടെ ഭാര്യയുമായി ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെടുക എന്നതാണ് സാമാന്യമായി മനസ്സിലാക്കേണ്ടത്. എന്നാല്‍ എന്ന കുറ്റത്തെ ഇന്ത്യന്‍ പീനല്‍ കോഡില്‍ നിര്‍വചിച്ചിരിക്കുന്നത് അങ്ങേയറ്റം വിവേചനപരമായാണ് എന്നത് പുതിയ വസ്തുതയല്ല. മറ്റൊരു പുരുഷന്റെ ഭാര്യയെ, മറ്റൊരു പുരുഷന്റെ ഭാര്യ ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെ, ആ പുരുഷന്റെ സമ്മതമോ മൗന അനുവാദമോ കൂടാതെ ലൈംഗിക ബന്ധം നടത്തുന്ന ഏതൊരാളും വ്യഭിചാര കുറ്റം ചെയ്യുന്നു എന്ന് ഇന്ത്യന്‍ പീനല്‍ കോഡ് വകുപ്പ് 497 വ്യഭിചാരത്തെ നിര്‍വചിക്കുന്നു. ലളിതമായി പറഞ്ഞാല്‍ മറ്റൊരാളുടെ ഭാര്യയുമായി അവളുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ സമ്മതമില്ലാതെ ലൈംഗികമായി ബന്ധപ്പെടുക. അഞ്ചു വര്‍ഷം വരെ തടവോ പിഴയോ ശിക്ഷയായി ലഭിക്കാം. രണ്ടും കൂടിയും ലഭിക്കാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിയമ പ്രകാരം വ്യഭിചാര കുറ്റത്തില്‍ ഒരു പ്രേരക എന്ന നിലയില്‍ ഭാര്യ ശിക്ഷിക്കപ്പെടുവാന്‍ പാടില്ല എന്ന് നിയമം ആ വകുപ്പില്‍ തന്നെ എടുത്തു പറയുന്നു.നിലവിലുള്ള നിയമ പ്രകാരം വ്യഭിചാര കുറ്റത്തില്‍ പുരുഷന്‍ മാത്രമാണ് കുറ്റവാളി. സ്ത്രീയെ പ്രേരക എന്ന നിലയില്‍ പോലും കണക്കാക്കുന്നത് ഈ വകുപ്പ് പ്രകാരം ഒഴിവാക്കപ്പെട്ടിരിക്കുന്നു. എങ്ങിനെയാണ് പരസ്പര സമ്മത പ്രകാരം ഒരു കൃത്യത്തില്‍ ഏര്‍പ്പെട്ട രണ്ടു വ്യക്തികളില്‍ ഒരാള്‍ മാത്രം കുറ്റക്കാരനാകുന്നത്? പുരുഷനെ മാത്രം കുറ്റക്കാരനായി കണ്ടു ശിക്ഷിക്കുന്നത് ഭരണ ഘടന ഉറപ്പ് നല്‍കുന്ന സമത്വത്തിനുള്ള അവകാശത്തിന്റെ നഗ്‌നമായ ലംഘനമല്ലേ? ഒരേ കുറ്റം ചെയ്യുന്ന പുരുഷനെ കുറ്റവാളിയും സ്ത്രീയെ ഇരയായും കാണുന്നത് വിവേചനമാണ്. പരസ്പര സമ്മത പ്രകാരം ചെയ്യുന്ന ഒരു കുറ്റത്തില്‍ ഒരു വ്യക്തി കുറ്റക്കാരന്‍ ആണെങ്കില്‍ മറ്റേ വ്യക്തിയും ആ കുറ്റത്തിലെ തുല്യ പങ്കാളിയല്ലേ ?

kkk

രണ്ടു കാര്യങ്ങളാണ് ഇവിടെ പരിഗണനാ വിഷയമാകേണ്ടത്. വ്യഭിചാര കുറ്റത്തില്‍ പുരുഷന്‍ കുറ്റവാളി ആകുന്നു അതേ സമയം ആ കുറ്റത്തില്‍ തുല്യ പങ്കാളിത്തമുള്ള സ്ത്രീ കുറ്റവാളിയല്ല. രണ്ടാമതായി ഭര്‍ത്താവിന്റെ സമ്മതമില്ലാതെ അയാളുടെ ഭാര്യയുമായി ഒരു പുരുഷന്‍ ലൈംഗികമായി ബന്ധപ്പെട്ടാല്‍ അത് വ്യഭിചാരം. എന്നാല്‍ ഭാര്യയുടെ സമ്മതമില്ലാതെ ആവളുടെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി ലൈംഗികമായി ബന്ധപ്പെടാല്‍ അത് ഈ വകുപ്പ് പ്രകാരം വ്യഭിചാരം ആകുന്നുമില്ല. വ്യഭിചാരം എന്ന കുറ്റത്തെ നിര്‍വചിക്കുന്ന ഇപ്പോഴത്തെ നിയമം സ്ത്രീയെ ഒരു സ്വകാര്യ വസ്തുവായാണ് പരിഗണിക്കുന്നത്. അതായത് ഭര്‍ത്താവിന്റെ അനുവാദമില്ലാതെ ഭാര്യയെ പ്രാപിച്ചാല്‍ ഭര്‍ത്താവിന് ജാരന് എതിരായി കേസ് നല്‍കാം. എന്നാല്‍ ഭാര്യയുടെ അനുവാദമില്ലാതെ അവളുടെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഭര്‍ത്താവിനെതിരെ ഭാര്യക്ക് നിയമ നടപടികള്‍ എടുക്കാന്‍ സാധിക്കില്ല.

കാണപ്പെടുന്ന രസകരമായ ഒരു വസ്തുത തന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭര്‍ത്താവ് മറ്റൊരു പുരുഷന് അനുവാദം നല്‍കിയാല്‍ വ്യഭിചാരം അവിടെ ക്രിമിനല്‍ കുറ്റമല്ലാതായി മാറുന്നു എന്നതാണ്. ഭാര്യയുടെ സമ്മതത്തിനു ഈ വകുപ്പ് പ്രകാരം പ്രസക്തിയില്ല. (വ്യഭിചാരത്തില്‍ ഏര്‍പ്പെടുന്ന ഭാരയുടെ സമ്മതമല്ല ഇവിടെ പരാമര്‍ശിക്കുന്നത്. ഭര്‍ത്താവിന്റെ സമ്മതം ഉണ്ടെങ്കില്‍ തന്നെയും സ്ത്രീയുടെ സമ്മതമില്ലെങ്കില്‍ അത് ബലാല്‍സംഗ കുറ്റമായി മാറും). മറ്റൊരാളുടെ ഭാര്യയുമായി ലൈംഗികമായി ബന്ധപ്പെടാന്‍ അയാള്‍ക്ക് അയാളുടെ ഭാര്യ സമ്മതം നല്‍കിയോ എന്നതിന് ഇവിടെ നിയമ പ്രകാരം പ്രസക്തിയില്ല.

ഇവിടെയാണ് ഈ നിയമം സ്ത്രീ വിരുദ്ധവും വിവേചനപരവും ആയി മാറുന്നത്.
ഈ വിഷയത്തില്‍ പുരുഷനെ മാത്രമേ സമ്മതം നല്‍കാന്‍ സാധിക്കുന്ന വ്യക്തിയായി നിയമം കാണുന്നുള്ളൂ. തന്റെ ഭര്‍ത്താവ് തന്റെ സമ്മതമില്ലാതെ മറ്റൊരു സ്ത്രീയുമായി ബന്ധപ്പെട്ടാല്‍ സ്ത്രീക്ക് വ്യഭിചാരം എന്ന വകുപ്പ് പ്രകാരം ഭര്‍ത്താവിനെതിരെ പരാതി നല്‍കാന്‍ സാധിക്കുമോ എന്ന ചോദ്യം ഇക്കാലമത്രയും നൂറു കോടിയിലധികം ജനങ്ങളുള്ള രാജ്യത്തെ ഒരാള്‍ക്ക് പോലും ഉന്നയിക്കാന്‍ കഴിയാഞ്ഞതെന്തേ? വിവാഹത്തോടെ സ്ത്രീയുടെ അഭിപ്രായ സ്വാതന്ത്ര്യം നഷ്ടമായി എന്നാണോ നിയമത്തിന്റെ വിവക്ഷ ? എന്നാല്‍ സ്ത്രീയെ പരാതി നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിയ നിയമം ഇവിടെ സ്ത്രീക്ക് പരമ പ്രധാനമായ ഒരു പരിഗണന നല്‍കി സമദൂരം പാലിക്കുന്നുമുണ്ട്. ”വ്യഭിചാര കുട്ടത്തില്‍ ഒരു പ്രേരക അഥവാ വ്യഭിചാര കുറ്റത്തിന് പ്രേരിപ്പിക്കുന്ന വ്യക്തി എന്ന നിലയില്‍ ഭാര്യ ശിക്ഷിക്കപ്പെടുവാന്‍ പാടുള്ളതല്ല” എന്ന്. അത് തന്നെ ഇരട്ടത്താപ്പല്ലേ ?

maxresdefault

ഇന്ത്യന്‍ പീനല്‍ കോഡില്‍ വകുപ്പ് 497 പ്രകാരം നിര്‍വചിക്കപ്പെട്ട വ്യഭിചാര കുറ്റത്തിലെ നിര്‍വചനത്തില്‍ സ്ത്രീയുടെ പങ്കിനെ വിവേചനപൂര്‍വ്വം കാണുന്നതിനെതിരായി കോഴിക്കോട് സ്വദേശി ഷൈന്‍ പോള്‍ കഴിഞ്ഞ ഡിസംബറില്‍ സുപ്രീം കോടതി മുന്‍പാകെ പൊതു താല്പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ഇതോടൊപ്പം ക്രിമിനല്‍ നടപടി നിയമത്തിലെ വകുപ്പ് 198 ന്റെ സാധുതയും ഷൈന്‍ പോള്‍ ചോദ്യം ചെയ്തിരുന്നു. അതിന്റെ വാദം ഇപ്പോള്‍ നടന്നു വരുന്നു.

കാലഹരണപ്പെട്ടതും തിരുത്തപ്പേടെണ്ടതും ആണെന്ന് മനസ്സിലാക്കി കൊണ്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നേതൃത്വം നല്‍കുന്ന മൂന്നംഗ ബഞ്ച് ഈ വിഷയം പരിഗണനക്കായി അഞ്ച് ജഡ്ജിമാര്‍ അടങ്ങുന്ന ഭരണ ഘടന ബെഞ്ചിലേക്ക് വിട്ടു.

കേസില്‍ കക്ഷിയായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത് തികച്ചും ഉത്തരവാദിത്വപരമായ നിലപാട് തന്നെയാണ്. വ്യഭിചാരം ഒരു കുറ്റകൃത്യമായി ഇനിയും നിയമം കാണണമെന്നും വ്യഭിചാരത്തെ സംബന്ധിച്ച നിയമങ്ങളില്‍ വെള്ളം ചേര്‍ക്കുന്നത് വിവാഹത്തിന്റെ പരിപാവനതയെ ദോഷകരമായി ബാധിക്കുമെന്നും വ്യഭിചാരം നിയമ വിധേയമാക്കി മാറ്റിയാല്‍ വിവാഹ ബന്ധങ്ങള്‍ തകര്‍ക്കപ്പെടും. അതെ സമയം വ്യഭിചാരത്തില്‍ സ്ത്രീയുടെ പങ്കാളിത്തവും കുറ്റകരമാക്കണം എന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

ഭാര്യയെ തന്റെ സ്വകാര്യ സ്വത്തായി കാണാന്‍ അനുവാദം നല്‍കുന്ന നിയമം ഭാര്യക്ക് തന്റെ ഭര്‍ത്താവിനെ അതേ തരത്തില്‍ കാണാന്‍ കൂട്ടാക്കാത്തതെന്തേ ? വിവാഹത്തോടെ സ്ത്രീയുടെ അഭിപ്രായ സ്വാതന്ത്ര്യവും ലൈംഗിക സ്വാതന്ത്ര്യവും നഷ്ടമാകുമോ? ഈ ചോദ്യങ്ങള്‍ക്ക് വരും ദിവസങ്ങളില്‍ സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. ആര്‍ എഫ് നരിമാന്‍, ഇ എം ഖന്‍ വാല്‍ക്കാര്‍, ഡി വൈ ചന്ദ്രചൂഡ, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ഭരണ ഘടനാ ബെഞ്ചില്‍ നിന്ന് വ്യക്തമായ ഉത്തരം തന്നെ ലഭിക്കും. അത്തരത്തിലുള്ള സൂചനകളാണ് കേസ് വാദത്തിനിടയില്‍ നിന്നും ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.

Top